| Sunday, 29th April 2018, 12:19 pm

രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന അറിവുള്ളവരെല്ലാം ബ്രാഹ്മണരാണ്; മോദിയും അംബേദ്കറും ബ്രാഹ്മണവിഭാഗത്തില്‍ പെടുന്നവരാണ്: ഗുജറാത്ത് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വര്‍ഗ്ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവും ഗുജറാത്ത് സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി രംഗത്ത്. ധാരാളം അറിവുള്ളവരാണ് ബ്രാഹ്മണര്‍. ആയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അംബേദ്കറും ബ്രാഹ്മണരാണെന്നാണ് രാജേന്ദ്ര ത്രിവേദിയുടെ വാദം.

അംബേദ്കര്‍ക്ക് ആ പേര് നല്‍കിയത് ബ്രാഹ്മണനായ ഗുരുവാണ്. അതുകൊണ്ട് അദ്ദേഹത്തെ ബ്രാഹ്മണന്‍ എന്നാണ് വിളിക്കേണ്ടത്.

അറിവുകള്‍ എന്നും കൂടുതല്‍ ലഭിച്ചിരുന്നത് ബ്രാഹ്മണര്‍ക്കായിരുന്നു. ആ അര്‍ത്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണനാണെന്നാണ് രാജേന്ദ്ര ത്രിവേദിയുടെ വാദം.

അധികാരത്തിനായി ദാഹമില്ലാത്തവരാണ് ബ്രാഹ്മണവിഭാഗം. അറിവ് നേടിയ ശേഷം രാജാക്കന്‍മാരെയും ദൈവങ്ങളെയും നിര്‍മ്മിച്ചവരാണ് ബ്രാഹ്മണര്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കാര്യത്തില്‍ ജനങ്ങള്‍ ഭാഗ്യവാന്‍മാരാണന്നും അധികാരമോഹമില്ലാത്ത പ്രധാനമന്ത്രിയെയാണ് ഇപ്പോള്‍ രാജ്യത്തിന് ലഭിച്ചിരിക്കുന്നെതന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.


ALSO READ: രാഹുല്‍ഗാന്ധി 15 മിനുട്ട് നേരം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും കേട്ടിരിക്കില്ല, പിന്നെയല്ലേ മോദി; മോദിക്കെതിരായ പ്രസ്താവനയില്‍ മറുപടിയുമായി നിതിന്‍ ഗഡ്ഗരി


അതേസമയം എല്ലാവരും ആരാധിക്കുന്ന ശ്രീകൃഷ്ണന്‍ ഒ.ബി.സി വിഭാഗത്തില്‍ പെടുന്നവനാണ്. അദ്ദേഹത്തെ ദൈവമാക്കിയത് ബ്രാഹ്മണനായ സാന്ദീപനി മഹര്‍ഷിയായതു കൊണ്ടാണ് ശ്രീകൃഷ്ണനെ ഇപ്പോഴും ആരാധിക്കുന്നതെന്നും ത്രിവേദി പറഞ്ഞു.

രാജ്യത്തിന്റെ പേര് നിലനിര്‍ത്തുന്നതില്‍ എന്നും ബ്രാഹ്മണരാണ് മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. രാജ്യത്തെ നയിച്ചിട്ടുള്ള നേതാക്കന്‍മാരുടെ ലിസ്റ്റെടുത്ത് നോക്കിയാല്‍ അത് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ തലവന്‍മാരായിട്ടുള്ള അഞ്ച് രാഷ്ട്രപതിമാരും ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരാണ്. അന്‍പതിലധികം മുഖ്യമന്ത്രിമാരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. അവരാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാനമെന്നാണ് രാജേന്ദ്ര ത്രിവേദിയുടെ പ്രധാനവാദം.

ഗുജറാത്ത് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത മെഗാ ബ്രാഹ്മിന്‍ ബിസിനസ്സ് സമ്മിറ്റില്‍ ആണ് രാജേന്ദ്ര ത്രിവേദിയുടെ ഈ അഭിപ്രായം. അതേസമയം ത്രിവേദിയുടെ ബ്രാഹ്മണ ചിന്തകളെല്ലാം തന്നെ ശരിയാണെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞത്.

We use cookies to give you the best possible experience. Learn more