സംസ്‌കൃതത്തെ കൊന്നത് ബ്രാഹ്മണര്‍
DISCOURSE
സംസ്‌കൃതത്തെ കൊന്നത് ബ്രാഹ്മണര്‍
കാഞ്ചാ ഐലയ്യ ഷെപ്‌ഹേഡ്
Monday, 19th June 2023, 6:43 pm
ചരിത്രപരമായി നോക്കിയാല്‍ സംസ്‌കൃത ഭാഷയെ നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണരായ എഴുത്തുകാരായിരുന്നു. അവരത് മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഒന്നാക്കി മാറ്റുകയും പൂര്‍വ്വികരായ ശൂദ്ര, ദലിത് വിഭാഗങ്ങള്‍ക്ക് സംസ്‌കൃതം എഴുതാനോ വായിക്കാനോ ഉള്ള അവസരം നിഷേധിക്കുകയും ചെയ്തു. ബ്രഹ്മണരുടെയും ക്ഷത്രിയരുടെയും പ്രത്യേക സ്വത്തായിട്ടായിരുന്നു സംസ്‌കൃതത്തെ കണക്കാക്കിയിരുന്നത്. അതില്‍ത്തന്നെ പ്രഥമസ്ഥാനം ബ്രാഹ്മണര്‍ക്കായിരുന്നു.

Ten Heads of Ravana : A Critique of Hindu phobic Scholars

രാജീവ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്ത കാലത്തായി പുറത്തിറക്കിയ ഒരു പുസ്തതകമാണ് ‘Ten Heads of Ravana : A Critique of Hindu phobic Scholars’ . (രാവണന്റെ പത്ത് തലകള്‍ :ഹിന്ദു ഫോബിക്ക് പണ്ഡിതന്‍മാരെക്കുറിച്ചുള്ള ഒരു വിമര്‍ശനം).

രാജീവ് മല്‍ഹോത്ര

ഇംഗീഷില്‍ എഴുതപ്പെട്ട ഈ പുസ്തകം റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ശശി തരൂര്‍, രാമചന്ദ്ര ഗുഹ, ദേവ്ദത്ത് പട് നായ്ക്, ഷെല്‍ഡണ്‍ പോലെക് , വെന്‍ഡി ഡോണിഗര്‍, ആന്‍ഡ്രി ട്രച്‌കെ, മൈക്കല്‍ വിറ്റ്‌സൊ തുടങ്ങി ഈ ലേഖകന്‍ ഉള്‍പ്പടെയുള്ള പത്ത് പണ്ഡിതര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നു.

റോമില ഥാപ്പര്‍

ഇര്‍ഫാന്‍ ഹബീബ്

രാമചന്ദ്ര ഗുഹ

ശശി തരൂര്‍

ദേവ്ദത്ത് പട് നായ്ക്

ഷെല്‍ഡണ്‍ പോലെക്

വെന്‍ഡി ഡോണിഗര്‍

കാഞ്ചാ ഐലയ്യ ഷെപ്ഹേഡ്

പുരാണ കഥാപാത്രമായ രാവണനോട് ഉപമിച്ചുകൊണ്ടാണ് മല്‍ഹോത്രയും സംഘവും ഈ പണ്ഡിതര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ഇവര്‍ ‘ധര്‍മ്മ’ത്തെ ഇല്ലായ്മ ചെയ്തു എന്നും ആരോപിക്കുന്നു. പുരാതന സംസ്‌കൃത കൃതികളെ അവലംബിച്ചു കൊണ്ടാണ് അവരിത് പറയുന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ മല്‍ഹോത്ര ഇങ്ങനെ എഴുതുന്നു: ‘ ഈ പുസ്തകത്തില്‍ എടുത്ത് പറയുന്ന സമകാലീനരായ പത്ത് പണ്ഡിതന്മാര്‍ ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടെന്നാല്‍ അവരുടെ സൃഷ്ടികളില്‍ കാണപ്പെടുന്ന വീക്ഷണങ്ങള്‍ ഇന്നത്തെ കാലത്ത് ഒരുപാട് ഹിന്ദുക്കള്‍ അധാര്‍മികമായി കരുതുന്നു എന്നതിനാലാണ്. ചരിത്രത്തിലെ രാവണന്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ എപ്രകാരമാണോ നിരീക്ഷിക്കപ്പെട്ടത് അതേപ്രകാരം തന്നെ’

വിശേഷിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നാല് വിദേശ പണ്ഡിതര്‍ സംസ്‌കൃതത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരും ദീര്‍ഘകാലം വിവിധ പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ സംസ്‌കൃത ഭാഷ പഠിപ്പിച്ചവരുമാണ്. മല്‍ഹോത്രയാവട്ടെ അമേരിക്കയിലെ ‘ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍’ എന്ന ഫൈനാന്‍ഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉടമയാണ്. കൂടാതെ ഈ പുസ്തകത്തിന്റെ പ്രസാധകരായ
ഡല്‍ഹിയിലെ ‘ഗരുഡ പ്രകാശന്‍’ എന്ന കമ്പനിയും നടത്തിവരുന്നു.

അപ്പോള്‍ ചോദ്യമിതാണ്: ‘എന്തുകൊണ്ട് സംസ്‌കൃതത്തെ സ്‌നേഹിക്കുന്ന ഈ ഇന്ത്യന്‍ അമേരിക്കക്കാര്‍ അവരുടെ പുസ്തകങ്ങള്‍ സംസ്‌കൃതത്തില്‍ എഴുതിയില്ല ? അവര്‍ ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ എഴുതുകയും കൊളോണിയല്‍ ഭാഷ എന്ന് പറഞ്ഞ് അതിനെ ആക്രമിക്കുകയും ചെയ്യുന്നു. അതേസമയം സംസ്‌കൃതത്തെ , ജീവസ്സുറ്റ ആഗോളഭാഷ എന്നാെക്കെ പുകഴ്ത്തിപ്പാടുകയും അവരുടെ എഴുത്തുകളില്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു.

‘ആധുനിക കാലത്ത് കാലഹരണപ്പെട്ട ഒരു ഭാഷ’ എന്ന് ഷെല്‍ഡണ്‍ പോലെക് സംസ്‌കൃതത്തെ വിളിച്ചതില്‍ തെറ്റില്ല.

തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അഥവാ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി സംസ്‌കൃത ഭാഷ ഉപയോഗിക്കുന്ന എത്ര വീടുകളുണ്ട് ഇന്ത്യയില്‍?

വിശകലനമെന്നാല്‍ അധിക്ഷേപമാണ് എന്ന് കരുതുന്നതാണ് ഈ കപട ബുദ്ധിജീവികളുടെ പ്രശ്‌നം. ഈ പുസ്തകമെഴുതുന്നതിലൂടെ അവര്‍ തുറന്നു കാണിക്കുന്നത് റോമിലാ ഥാപര്‍ , ഇര്‍ഫാന്‍ ഹബീബ്, ശശി തരൂര്‍, രാമചന്ദ്ര ഗുഹ, ദേവ്ദത്ത് പട്‌നായ്ക്, ഷെല്‍ഡണ്‍ പോലെക് , വെന്‍ഡി ഡോണിഗര്‍, ആന്‍ഡ്രി ട്രച്‌കെ, മൈക്കല്‍ വിറ്റ്‌സൊ, ഈ ലേഖകന്‍ തുടങ്ങിയവരെയൊന്നുമല്ല, മറിച്ച് അവരെത്തന്നെയാണ്.

Ten Heads of Ravana : A Critique of Hindu phobic Scholars

ഭാഷാഹത്യ അഥവാ ഏതൊരു ഭാഷയുടെയും അന്ത്യം സംഭവിക്കുന്നത് ആ ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ആളുകള്‍ ഇല്ലാതെയാവുമ്പോഴാണ്. എന്നിരുന്നാലും സംസ്‌കൃതത്തിന്റെ കാര്യത്തില്‍ അതിന്റെ ഘാതകരായത് സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനായി അതിനെ ഉപയോഗപ്പെടുത്തിയ ഒരു കൂട്ടമാളുകളാണ്.

ചരിത്രപരമായി നോക്കിയാല്‍ സംസ്‌കൃത ഭാഷയെ നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണരായ എഴുത്തുകാരായിരുന്നു. അവരത് മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഒന്നാക്കി മാറ്റുകയും പൂര്‍വ്വികരായ ശൂദ്ര, ദലിത് വിഭാഗങ്ങള്‍ക്ക് സംസ്‌കൃതം എഴുതാനോ വായിക്കാനോ ഉള്ള അവസരം നിഷേധിക്കുകയും ചെയ്തു. ബ്രഹ്മണരുടെയും ക്ഷത്രിയരുടെയും പ്രത്യേക സ്വത്തായിട്ടായിരുന്നു സംസ്‌കൃതത്തെ കണക്കാക്കിയിരുന്നത്. അതില്‍ത്തന്നെ പ്രഥമസ്ഥാനം ബ്രാഹ്മണര്‍ക്കായിരുന്നു.

സംസ്‌കൃതത്തെ കൊന്നത് ബ്രാഹ്മണരാണ്

സാമൂഹികമോ അക്കാദമികമോ ആയി പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകങ്ങള്‍ എഴുതാന്‍ ബ്രാഹ്മണര്‍ ഇപ്പോള്‍ സംസ്‌കൃതം ഉപയോഗിക്കാറില്ല. സ്വന്തം ഭാഷയുടെ മരണത്തില്‍ അവര്‍ മാലോകരെ പഴിക്കുമ്പോഴും തീര്‍ച്ചയായും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദികള്‍ അവര്‍തന്നെയാണ്.

ഇന്ത്യയില്‍ കൊളോണിയല്‍ കാലഘട്ടത്തിന് ശേഷം ഒരൊറ്റ ബ്രാഹ്മണന്‍ പോലും അര്‍ത്ഥവത്തായ ആധുനിക പുസ്തകങ്ങള്‍ യാതൊന്നും സംസ്‌കൃതത്തില്‍ എഴുതിയിട്ടില്ല.

യുവാല്‍ നോഹ് ഹരാരി

നേരെമറിച്ച് ജൂതര്‍മാരുടെയും മറ്റും സംസ്‌കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജൂതന്‍മാരായ എഴുത്തുകാര്‍ ആഗോള തലത്തില്‍ പ്രശസ്തമായ ആധുനിക പുസ്തകങ്ങള്‍ വരെ ഹീബ്രുവില്‍ എഴുതുന്നു. ഉദാഹരണത്തിന് യുവാല്‍ നോഹ് ഹരാരിയുടെ ‘സാപിയന്‍സ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹുമന്‍ കൈന്റ്'( Sapiens -A brief history of human kind) എന്ന കൃതിയുടെ കാര്യമെടുക്കാം.

ജനങ്ങളില്‍ വളരെ ശക്തമായ സ്വാധീനമുണ്ടാക്കിയ ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ എഴുതപ്പെട്ടത് ഹീബ്രുവിലായിരുന്നു. പിന്നീടത് ലോകവ്യാപകമായി പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. അതുപോലെത്തന്നെ ഗ്രീക്കുകാര്‍ ഗ്രീക്ക് ഭാഷയിലും അറബികള്‍ അറബി ഭാഷയിലും എഴുതുന്നു. പക്ഷേ ബ്രാഹ്മണര്‍ സംസ്‌കൃതത്തില്‍ എഴുതുന്നില്ല. എന്തുകൊണ്ടാണിത് ? അവരാ ഭാഷയെ വെറുക്കുന്നതു കൊണ്ടാണോ? പാവം ശൂദ്ര, ദളിത്, ആദിവാസി സമൂഹങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണോ അവരതിനെ പുകഴ്ത്തിക്കോണ്ടേയിരിക്കുന്നത്?

സാമ്പത്തികമായും സ്ഥാപനപരമായുമുള്ള സഹായങ്ങള്‍ ആര്‍ എസ് എസ് (Rashtriya Swayamsevak Sangh), ബിജെപി (Bharatiya Janata Party)എന്നിവയില്‍ നിന്നും ലഭിക്കുന്ന ബ്രാഹ്മണ ബുദ്ധിജീവികള്‍ ഇന്ത്യയുടെ സംസ്‌കൃത ഭൂതകാലത്തിന് മാത്രം ബോധപൂര്‍വ്വം ഊന്നല്‍ നല്‍കുകയും അതിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ കാര്‍ഷിക- കരകൗശല ഭൂതകാലങ്ങളെ അപ്പാടെ അവഗണിക്കുകയും ചെയ്യുന്നു.

ലോകത്ത് ഏറ്റവും സമ്പന്നവും മഹത്തായതുമായ ഭാഷ സംസ്‌കൃതമാണെന്ന് അവര്‍ അവകാശപ്പെടുന്നു. വ്യത്യസ്തമായ വിജ്ഞാനശാഖകളില്‍ ആഗോളതലത്തില്‍ ലഭ്യമായിട്ടുള്ള എല്ലാ അറിവുകളും യഥാര്‍ത്ഥത്തില്‍ സംസ്‌കൃത ഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ബ്രാഹ്മണങ്ങള്‍, രാമായണം, മഹാഭാരതം തുടങ്ങിയവയില്‍ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്നുള്ള ഒരു ധാരണ പരത്തുകയാണ് ഈ ബുദ്ധിജീവികള്‍ ചെയ്യുന്നത്.

അവരുടെ ശാസ്ത്രജ്ഞര്‍ പോലും അവകാശപ്പെടുന്നത് എല്ലാ ആധുനിക ശാസ്ത്രങ്ങളും ഈ പൗരാണിക സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ലഭ്യമാണ് എന്നാണ്.

എന്നാല്‍ വാസ്തവത്തില്‍ ഈ പണ്ഡിതരില്‍ എത്രപേര്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്?

ദിവ്യ റെഡ്ഡി

ഇത്രയും വിശാലമായ ഒരു സര്‍ഗ്ഗശക്തി സംസ്‌കൃതത്തിന് കൈമുതലായിട്ടുണ്ടെങ്കില്‍
ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഇന്ത്യന്‍ ബ്രാഹ്മണര്‍ ആഗോളതലത്തില്‍ അവരുടെ താത്ത്വികവും ബൗദ്ധികവുമായ ഇടങ്ങള്‍ ഹരാരിയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതെന്തിന്?

സംസ്‌കൃതത്തില്‍ ശ്രദ്ധേയമായ പുസ്തകങ്ങള്‍ എഴുതാനും ഹീബ്രു, ഗ്രീക്ക്, അറബിക് തുടങ്ങിയ ഭാഷകളേക്കാള്‍ അതിനുള്ള ശ്രേഷ്ഠത തെളിയിക്കാനും അവര്‍ക്കു സാധിക്കുമായിരുന്നു. നല്ല നിലവാരമുള്ള പുസ്തകങ്ങള്‍ സംസ്‌കൃതത്തില്‍ എഴുതുന്നതിനു പകരം അവര്‍ ഇംഗ്ലീഷിനെ തെരെഞ്ഞെടുത്തത് എന്തുകൊണ്ടാണ്? അതും കൊളോണിയല്‍ ഭാഷയെന്ന് നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയെത്തന്നെ എഴുത്തിനായി തെരെഞ്ഞെടുത്തതെന്തിന്?

ഇന്ത്യയില്‍ സംസ്‌കൃതത്തിന്റെ ചരിത്രത്തിലുടനീളം ഒരു ‘മാതൃഭാഷ’ എന്നതിലുപരി ഒരു ‘പിതൃഭാഷ’യായിട്ടാണ് അതിനെ കണക്കാക്കുന്നത്. ദ്വെയ്ജ ( Dwija) കുടുംബങ്ങളില്‍ പോലും (ബ്രാഹ്മണര്‍, ക്ഷത്രിയര്‍ , ബനിയ , കായസ്ത ,ഖാത്രി സമുദായങ്ങളിലെ)ഇത് ബാധകമായിരുന്നു.

ബ്രാഹ്മണ കുടുംബങ്ങളില്‍ പോലും വീടകങ്ങളിലോ ദൈനംദിന ആശയവിനിമയത്തിന് വേണ്ടിയോ ഭാഷയെ ഒരിക്കലും ഉപയോഗിക്കാതിരിക്കുക വഴി സംസ്‌കൃ തത്തെ ഒരു ‘മാതൃഭാഷ’ യാവാന്‍ ഒരിക്കലും അനുവദിച്ചില്ല എന്നത് മുഖ്യമായും ഓര്‍മ്മിക്കേണ്ടതുണ്ട്.

ഒരു ഭാഷയെ മാതൃഭാഷയായി കണക്കാക്കുന്നത് വീട്ടിനുള്ളിലെ ദൈനം ദിന ജീവിതത്തില്‍ പതിവായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.

ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഒരമ്മയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയത്തിലടക്കം ഉപയോഗിക്കപ്പെടുമ്പോഴാണത് . ഇന്ത്യയില്‍ ഏതെങ്കിലുമൊരമ്മ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തന്റെ കുഞ്ഞുമായി ആശയവിനിമയം നടത്താന്‍ എപ്പോഴെങ്കിലും സംസ്‌കൃത ഭാഷ ഉപയോഗിച്ചിട്ടുണ്ടാവുമോ?

ബ്രാഹ്മണ കുടുംബങ്ങളില്‍ പോലും സംസ്‌കൃതത്തെ ഒരു ‘മാതൃഭാഷ’യാവാന്‍ അനുവദിച്ചിരുന്നില്ല എന്നിരിക്കെ ചരിത്രത്തിലുടനീളം ഉല്‍പാദന മേഖലകളിലെ ശൂദ്ര, ദലിത്, ആദിവാസി സമുദായങ്ങളില്‍ അതിനുള്ള സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല. ആദ്യ സംസ്‌കൃത കൃതിയായ റിഗ്വേദം രചിച്ചതു മുതല്‍ തന്നെ കര്‍ഷക സമുദായങ്ങള്‍ക്കും കൈത്തൊഴിലെടുക്കുന്ന സമുദായങ്ങള്‍ക്കും ഇടയില്‍ ഈ ഭാഷ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ടായിരുന്നു. എന്നാല്‍ റിഗ്വേദത്തിന്റെ രചനക്ക് മുമ്പ് ഒരു ഭാഷ എന്ന നിലയില്‍ സംസ്‌കൃതത്തിനുണ്ടായിരുന്ന പദവിയെ ക്കുറിച്ച് യാതൊരു ധാരണയുമില്ല.

നിങ്ങളുടെ അമൃതത്തിന്റെ കാലമല്ല ഇത്

ഇത്തരം സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ സംസ്‌കാര സംരക്ഷകരായി സ്വയം അവരാേധിക്കുന്ന ഇന്ത്യന്‍ അമേരിക്കക്കാരായ ഇക്കൂട്ടര്‍ എന്തുകൊണ്ട് അവരുടെ പുസ്തക
ങ്ങള്‍ സംസ്‌കൃതത്തില്‍ എഴുതുന്നില്ല എന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ മനസ്സുകളെ ഡികാേളണൈസ് ചെയ്ത് (കൊളോണിയല്‍ ചിന്താഗതികളില്‍ നിന്ന് മോചിപ്പിക്കുക),പ്രാഥമികമായി അമേരിക്ക, യൂറോപ്പ്, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ജീവിക്കുന്നവരെയടക്കം സ്വാധീനിച്ച് സാമ്പത്തിക വിഭവങ്ങള്‍ സമാഹരിക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം.

എന്തുകൊണ്ട് അവര്‍ സ്വന്തം കുട്ടികളെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട സംസ്‌കൃത വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലും അയക്കുന്നില്ല? പകരം അവരുടെ കുട്ടികളെ വളരെ പ്രശസ്തമായ അമേരിക്കന്‍ സര്‍വകലാശാലകളിലേക്കയക്കുന്നത് എന്തുകൊണ്ട്?

‘ടെന്‍ ഹെഡ്‌സ് ഓഫ് രാവണ’ (Ten Heads of Ravana ) എന്ന പുസ്തകമെഴുതിയ ഈ വ്യക്തികള്‍ ഈ പണ്ഡിതരെ കുറ്റപ്പെടുത്തുന്നത് സംസ്‌കൃത കൃതികളില്‍ നിന്നും ഉടലെടുത്ത ഇന്ത്യന്‍ നാഗരികതയെക്കുറിച്ച് അവര്‍ അജ്ഞരാണ് എന്ന് പറഞ്ഞാണ്. പക്ഷേ അവര്‍ നാഗരികത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ? പുസ്തകങ്ങളിലൂടെ നാഗരികതയെ നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമോ ?

രസകരമായ കാര്യമെന്തെന്നാല്‍ നാഗരികതയെക്കുറിച്ചുള്ള അവരുടെ മൊത്തം വ്യവഹാരങ്ങളിലെവിടെയും പുരാതന ശൂദ്ര,ദളിത്, ആദിവാസി ജനതയാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ അടിത്തറയായ കൃഷിയെയോ, ശാസ്ത്രത്തെയോ , സാങ്കേതിക വിദ്യയേയോ കുറിച്ചുള്ള യാതൊരു പരാമര്‍ശവും ഇല്ല.

ഏതൊരു സംസ്‌കൃത കൃതികളുടെ പരിഭാഷകളിലൂടെയും കണ്ണോടിച്ചാല്‍ നമുക്ക് കിട്ടുന്ന സൂചനകള്‍ ശൂദ്ര, ദലിത്, ആദിവാസി സമൂഹങ്ങളില്‍ നിന്നു ലഭിച്ച സാമൂഹ്യ ശക്തിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതിലില്ല എന്നതാണ്. ഈ പുസ്തകങ്ങള്‍ പ്രാഥമികമായി ഊന്നല്‍ നല്‍കുന്നത് ബ്രാഹ്മണര്‍, ക്ഷത്രിയര്‍ എന്നീ രണ്ടു ജാതികള്‍ക്കാണ്.

കൂടാതെ അവയിലെ പ്രധാന പ്രതിപാത്യങ്ങളാവട്ടെ യുദ്ധം, യജ്ഞങ്ങള്‍ , പുരാണങ്ങള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ളവയുമാണ്. അതിനും പുറമെ ഭക്ഷ്യോല്‍പാദനം, ശേഖരണം, കന്നുകാലി മേയ്ക്കല്‍ തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചൊന്നും യാതൊരു വിവരവും ഈ പുസ്തകങ്ങളില്‍ ലഭ്യമല്ല.

കാര്‍ഷിക , കരകൗശല , കന്നുകാലി സമ്പത്തുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് നാഗരികത എന്നൊരു കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വീക്ഷണങ്ങള്‍ പേറുന്നവര്‍ ദേശവിരുദ്ധരാണ് എന്ന് ഹിന്ദുത്വ എഴുത്തുകാര്‍ കുറ്റപ്പെടുത്തുന്നു. ഞാന്‍ കാര്‍ഷിക , കരകൗശല , കന്നുകാലി സമ്പത്തുകളെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത് കൊണ്ട് അവരെന്നെ വിളിക്കുന്നത് ‘ഭാരത് വിഘാന്‍ടര്‍'(Bharat Vikhander അഥവാ ഭാരതത്തെ ശീഥിലീകരിക്കുന്നവന്‍) എന്നാണ്.

സംസ്‌കൃത പുസ്തകങ്ങളുടെ താളുകള്‍ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന രീതിയിലാണ് അവര്‍ പെരുമാറുന്നത്. എല്ലാ മനുഷ്യരും , ഇപ്പറഞ്ഞ ഹിന്ദുത്വ എഴുത്തുകാരടക്കം അതിജീവിക്കുന്നത് ദളിതരും ആദിവാസികളും ശൂദ്രരുമടങ്ങുന്ന കര്‍ഷക സമൂഹം ഉല്‍പാദിപ്പിക്കുന്ന ഭക്ഷണം കൊണ്ടാണ് എന്ന വസ്തുത അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്.

വേദങ്ങളുടെ രചന നിര്‍വഹിക്കുമ്പോള്‍ പോലും അതിന്റെ രചയിതാക്കള്‍ തങ്ങളുടെ നിലനില്‍പ്പിനായി ആശ്രയിച്ചിരുന്നത് ശൂദ്രന്‍മാര്‍ ഉല്‍പാദിപ്പിച്ചിരുന്ന ഭക്ഷ്യവിഭവങ്ങളെയാണ്. ശരിക്കുള്ള ഭക്ഷ്യോല്‍പാദകരായ ഇവര്‍ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് എങ്ങനെയായിരുന്നു പുസ്തകങ്ങള്‍ രചിക്കാന്‍ സാധിക്കുക ?

ഇത്തരം ശക്തികള്‍ അവരുടെ കാപട്യത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുകയും ഐതിഹ്യങ്ങള്‍ നിറഞ്ഞ അമൂല്യമായ ഒരു സാഹിത്യ നിധിശേഖരം നിര്‍മ്മിച്ചു കൊണ്ടിരിക്കുകയുമാണ്. കടലുകള്‍ കടഞ്ഞ് പാെങ്ങി വന്ന അമൃതം (elixir) കഴിച്ചു കൊണ്ടാണ് ഇന്ത്യയുടെ നിലനില്‍പ്പെന്ന് ലോകം വിശ്വസിക്കണം എന്നതാണ് അവരുടെ ആവശ്യം.

അവര്‍ ഒരിക്കലും നിലം ഉഴുതു മറിച്ചവരെക്കുറിച്ച് എഴുതിയില്ല. കന്നുകാലികളെ മേയ്ച്ച് കൊണ്ട് മാംസവും പാലും ഉല്‍പാദിപ്പിച്ചവരെ കുറിചും അവരെഴുതിയില്ല. ‘ സംസ്‌കൃത കാലഘട്ടത്തില്‍ ‘ (Sanskrit Age ) ജീവിച്ചവര്‍ എന്നു പറയപ്പെടുന്ന രാജാക്കന്‍മാരും രാജ്ഞിമാരും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പണിതവരെക്കുറിച്ചും എഴുതിയില്ല.

വിചിത്രമായ കാര്യം ഈ ഇന്ത്യന്‍ അമേരിക്കന്‍ വരേണ്യവര്‍ഗ്ഗം, പ്രത്യേകിച്ച് ഇന്‍ഫിനിറ്റി ഫൗണ്ടേഷനിലെ അംഗങ്ങള്‍ യൂ എസിലെ ജാതിവിരുദ്ധ നിയമങ്ങളെ എതിര്‍ക്കുകയും അവര്‍ സ്വയം ‘ക്ഷത്രിയ ബുദ്ധിജീവികള്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. അത് ജാതീയതയല്ലേ ?

ദലിതര്‍ക്കും ആദിവാസികള്‍ക്കും ശൂദ്രര്‍ക്കും നിങ്ങളുടെ ‘സംസ്‌കൃത യുഗത്തില്‍ ‘ തല്‍പര്യമില്ല. അവര്‍ക്ക് മുന്നോട്ട് കുതിക്കണം , അതായത് ‘ ഇംഗ്ലീഷ് യുഗത്തിലേക്ക് ‘

അറിവുല്‍പാദനത്തിന്റെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇത്തരം ശക്തികളെ മാറ്റിനിര്‍ത്തണം. അങ്ങനെ അവര്‍ക്ക് ഭക്ഷണ ഉല്‍പാദനവും അറിവുല്‍പാദനവും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കണം.

ഇത് അമൃതത്തിന്റെ കാലമല്ല. യഥാര്‍ത്ഥത്തില്‍ ശൂദ്രന്‍മാരുടെ കാലമാണിത്. ഈ കാലഘട്ടത്തില്‍ ഉല്‍പാദനം എന്നാല്‍ സംസ്‌കൃത പുസ്തകങ്ങളില്‍ ചിത്രീകരിക്കുന്നത് പോലെ മലിനീകരണമല്ല.മറിച്ച് ഇവിടങ്ങളില്‍ ഉല്‍പാദനം പരിപാവനമാണ്.

കാഞ്ചാ ഐലയ്യ ഷെപ്ഹേഡ്

‘ദി ശൂദ്രാസ് – വിഷന്‍ ഫോര്‍ എ ന്യൂ പാത്ത് ‘

(കാഞ്ചാ ഐലയ്യ ഷെപ്ഹേഡ് : എഴുത്തുകാരനും രാഷ്ട്രീയ സൈദ്ധാന്തികനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ദി ശൂദ്രാസ് – വിഷന്‍ ഫോര്‍ എ ന്യൂ പാത്ത്’)

പരിഭാഷ: ഷാദിയ നാസിര്‍  

content highlights: Brahmins killed Sanskrit, Translation of article by Kancha Ilaiah