ചെന്നൈ: തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ദ്രാവിഡ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ വഴിയാത്രക്കാരുടെ പൂണൂല്‍ മുറിച്ചെടുത്തു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത തന്തൈ പെരിയാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
മൈലാപ്പൂര്‍ നല്ലതമ്പി റോഡില്‍ ഇന്നലെയായിരുന്നു പ്രതിഷേധം. വഴിയാത്രക്കാരെ പരിശോധിച്ച് എട്ടുപേരുടെ പൂണൂല്‍ ബലമായി വലിച്ചുപൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.
Related News: പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് തമിഴ്‌നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരെ പ്രതിഷേധം
അതേസമയം രാവണന്‍, ഭൂപതി, പാര്‍ഥിപന്‍, രാജേഷ് എന്നിവര്‍ തങ്ങള്‍ എട്ടുപേരുടെ പൂണൂല്‍ മുറിച്ചെടുത്തതായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി വ്യക്തമാക്കി. സാമൂഹ്യ പരിഷ്‌കാര്‍ത്താവായ പെരിയാറിന്റെ പ്രതിമയ്ക്കു നേരെയും ആശയങ്ങള്‍ക്ക് നേരെയുമുള്ള ഭീഷണികള്‍ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.
നേരത്തെ കോയമ്പത്തൂര്‍ ബി.ജെ.പി ഓഫീസിനുനേരെയും ആക്രമണമുണ്ടായിരുന്നു. വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ബി.ജെ.പി ഓഫിസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് തമിഴ്നാട് ബി.ജെ.പി നേതാക്കളായ എച്ച്. രാജയും എസ്.ജി സൂര്യയും ട്വീറ്റ് ചെയ്തതിന് പിന്നാലെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്.
“ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.” എന്നായിരുന്നു രാജയുടെ ട്വീറ്റ്.
“ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു” എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.