| Sunday, 23rd April 2023, 9:02 am

മധ്യപ്രദേശില്‍ ബ്രാഹ്‌മിണ്‍ വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കും; പാഠപുസ്തകത്തില്‍ പരശുരാമന്റെ ജീവിതം ഉള്‍പ്പെടുത്തി; ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സംസ്ഥാനത്ത് ബ്രാഹ്‌മിണ്‍ കല്യാണ്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. പരശുരാമജയന്തിയോടനുബന്ധിച്ച് ലാല്‍ഗട്ടിയിലെ ഗുഫ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അക്ഷയോത്സവ് 2023 എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. ഇന്‍ഡോറിലെ ജനാപവയില്‍ പരശുറാം ലോക് നിര്‍മിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ക്ഷേത്രഭൂമിയുടെ ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കുന്നത് പൂജാരിമാരായിരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

‘ബ്രാഹ്‌മണ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബ്രാഹ്‌മിണ്‍ കല്യാണ്‍ ബോര്‍ഡ് സ്ഥാപിക്കും. പരശുരാമന്റെ ജന്മസ്ഥലമായ ഇന്‍ഡോറിലെ ജനാപവയില്‍ പരശുറാം ലോക് സ്ഥാപിക്കും. പുരോഹിതരുടെ ശമ്പളം വര്‍ധിപ്പിക്കും, സര്‍ക്കാര്‍ ക്ഷേത്ര സംബന്ധമായ കാര്യങ്ങളില്‍ ഇടപെടില്ല,’ ചൗഹാന്‍ പറഞ്ഞു.

ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് സംസ്‌കൃത അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും ഇതുവരെ 3547 പേരെ നിയമിച്ചതായും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പരശുരാമന്റെ ജീവിതം എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കൃതം പഠിക്കുന്നവര്‍ക്കും ഹിന്ദുയിസവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നും ചൗഹാന്‍ അറിയിച്ചു.

അടുത്തിടെ ബ്രാഹ്‌മണ സമുദായത്തില്‍ നിന്നും ബി.ജെ.പി ചില എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാത്ത്, ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുയരുന്ന എതിര്‍പ്പുകളെ മറികടക്കാനുള്ള നീക്കമായാണ് ചൗഹാന്റെ പ്രഖ്യാപനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

പരശുരാമന്‍ നീതിയുടെ ദേവനാണെന്നും അദ്ദേഹം ഭീകരവാദികളെ ഇല്ലാതാക്കാനാണ് തന്റെ മഴു ഉപയോഗിച്ചതെന്നും പറഞ്ഞ ചൗഹാന്‍ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും നക്‌സലൈറ്റുകള്‍ക്കും മധ്യപ്രദേശിന്റെ മണ്ണില്‍ ഇടമുണ്ടാകില്ലെന്നും പറഞ്ഞു.

Content Highlights: Brahmin Welfare Board to be set up in Madhya Pradesh; The textbook included the life of Parasurama; Shivraj Singh Chauhan

We use cookies to give you the best possible experience. Learn more