|

കശ്മീര്‍ ഫയല്‍സിന്റേയും ആര്‍.ആര്‍.ആറിന്റേയും റെക്കോഡ് പഴങ്കഥ; കളക്ഷനില്‍ കുതിച്ച് ബ്രഹ്മാസ്ത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ബ്രഹ്മാസ്ത്ര ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇതിനോടകം തന്നെ ഇന്ത്യയിലെ മാത്രം കളക്ഷനില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു ചിത്രം. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ബ്രഹ്മാസ്ത്ര 300 കോടി നേടിയ വിവരം ധര്‍മ പ്രൊഡക്ഷന്‍സ് പുറത്ത് വിട്ടിരുന്നു.

ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമായിരിക്കുകയാണ് ബ്രഹ്മാസ്ത്രയെന്ന് കോയ്‌മോയി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും നാള്‍ ഈ റെക്കോഡ് കൈവശം വെച്ചുകൊണ്ടിരുന്ന കശ്മീര്‍ ഫയല്‍സിന്റെ റെക്കോഡാണ് ബ്രഹ്മാസ്ത്ര മറികടന്നത്. ഈ വര്‍ഷം ഹിന്ദി ബെല്‍റ്റില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ആര്‍.ആര്‍.ആര്‍ ഹിന്ദി വേര്‍ഷന്റെ റെക്കോഡും ബ്രഹ്മാസ്ത്ര മറികടന്നു.

അതേസമയം ബ്രഹ്മാസ്ത്ര കശ്മീര്‍ ഫയല്‍സിന്റെ റെക്കോഡ് മറികടന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി രംഗത്തെത്തി. ‘ദി കശ്മീര്‍ ഫയല്‍സിനെ അവര്‍ എങ്ങനെ കീഴടക്കി എന്ന് എനിക്കറിയില്ല. വടികൊണ്ടാണോ അതോ ഹോക്കി സ്റ്റിക്ക് കൊണ്ടോ, എ.കെ. ഫോര്‍ട്ടിസെവനോ കല്ലോ മറ്റോകൊണ്ടാണോ, അല്ലെങ്കില്‍ പെയ്ഡ് പി.ആര്‍ കൊണ്ടോ? ബോളിവുഡ് സിനിമകള്‍ പരസ്പരം മത്സരിക്കട്ടെ. ഞങ്ങളെ വെറുതെ വിട്ടേക്കൂ. ഈ വിഡ്ഢികളുടെ റേസില്‍ ഞാനില്ല,’ എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.

അതേസമയം, ഏറ്റവും കൂടുതല്‍ പണംവാരിയ രണ്‍ബീര്‍ ചിത്രങ്ങളില്‍ രണ്ടാമതായി മാറിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയില്‍ നിന്ന് 342 കോടി നേടിയ രാജ്കുമാര്‍ ഹിരാനി ചിത്രം സഞ്ജുവാണ് അതില്‍ ഒന്നാമത്. 180 കോടി നേടിയ യേ ജവാനി ഹേ ദിവാനിയായിരുന്നു ഇതുവരെ രണ്ടാമത്. എന്നാല്‍, വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ട് അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര അതിനെ മറികടന്നു. 112 കോടിയുമായി യേ ദില്‍ ഹെ മുഷ്‌കിലും ബര്‍ഫിയുമാണ് പിന്നിലുള്ളത്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയില്‍ ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

Content Highlight: Brahmastra surpassed the collection record of kashmir Files and rrr