|

അസ്ത്രാവേഴ്‌സ് വീണ്ടും; ബ്രഹ്മാസ്ത്ര രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക്ഡൗണിന് ശേഷം തകര്‍ന്നടിഞ്ഞ ബോളിവുഡിന് ജീവശ്വാസം നല്‍കിയ ചിത്രമായിരുന്നു അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ സിനിമക്ക് ഒരു അസ്ത്രാവേഴ്‌സ് തന്നെ സമ്മാനിച്ച ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, നാഗചൈതന്യ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. മൗനി റോയി ആയിരുന്നു ബ്രഹ്മാസ്ത്രയില്‍ പ്രതിനായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന സീരിസിന്റെ ഒന്നാം ഭാഗമാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ ശിവ.

രണ്ടാം ഭാഗമായ ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ദേവ് പ്രഖ്യാപിച്ചായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തിനായി നീണ്ട കാത്തിരിപ്പ് തന്നെ വേണ്ടി വന്നേക്കുമെന്നാണ് അയാന്‍ മുഖര്‍ജി അറിയിച്ചത്. ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു ദേവ് 2026 ഡിസംബറിലും പാര്‍ട്ട് ത്രി 2027 ഡിസംബറിലും റിലീസ് ചെയ്യും.

പാര്‍ട്ട് വണ്ണിനും മുകളില്‍ നില്‍ക്കുന്നതായിരിക്കും രണ്ടും മൂന്നും ഭാഗങ്ങളെന്നും എന്നാല്‍ ആ പെര്‍ഫെക്ഷനിലേക്ക് എത്താന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്നും അയാന്‍ പറഞ്ഞു. രണ്ട് ഭാഗങ്ങളും ഒരുമിച്ചായിരിക്കും നിര്‍മിക്കുകയെന്നും അധികം ഇടവേളയില്ലാതെ റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: brahmastra part 1 and part 2 release date