ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് അയാന്‍ മുഖര്‍ജിയാണ്. വമ്പന്‍ ഹൈപ്പിനൊപ്പം ചിത്രത്തിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നും ശക്തമായിരുന്നു.
എന്നാല്‍ റിലീസിന് പിന്നാലെ ബ്രഹ്മാസ്ത്ര കാണാനായി തിയേറ്ററുകള്‍ നിറയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യദിവസത്തെ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ 75 കോടിയാണ് ബ്രഹ്മാസ്ത്ര നേടിയിരിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ നിര്‍മാണ കമ്പനികളിലൊന്നായ ധര്‍മ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.
കോടികിലുക്കത്തിനൊപ്പം പുതിയ റെക്കോഡും കുറിച്ചിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ഏറ്റവും വലിയ നോണ്‍-ഹോളിഡേ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടമാണ് ബ്രഹ്മാസ്ത്ര സ്വന്തമാക്കിയത്. തുടര്‍ പരാജയങ്ങളില്‍ തളര്‍ന്ന് കിടന്ന ബോളിവുഡിന് കച്ചിത്തുരുമ്പായിരിക്കുകയാണ് ചിത്രം. ഗംഗുഭായി കത്തിയവാഡി, ഭൂല്‍ ഭുലയ്യ 2, കശ്മീര്‍ ഫയല്‍സ് എന്നീ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ബോളിവുഡില്‍ വിജയം കണ്ടത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലാണ് റെക്കോഡ് കളക്ഷന്‍ ബ്രഹ്മാസ്ത്ര സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ പ്രൊഡക്ഷനില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചത്. 410 കോടി ചെലവഴിച്ചാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മിച്ചത്. 310 കോടി ചെലവഴിച്ച് നിര്‍മിച്ച തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാനായിരുന്നു ഇതുവരെ ഏറ്റവുമധികം തുക ചെലവഴിച്ച് നിര്‍മിച്ച ഹിന്ദി സിനിമ.
ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിങ്ങനെ വലിയ താരനിരയാണ് ബ്രഹ്മാസ്ത്രയിലെത്തിയത്.
Content Highlight: Brahmastra has collected 75 crores on its first day collection