|

കോടികള്‍ വാരി ബ്രഹ്മാസ്ത്ര; ബോളിവുഡിന് വന്‍ കുതിച്ചുചാട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ബ്രഹ്മാസ്ത്രയുടെ കളക്ഷന്‍ കുതിക്കുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 300 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. ധര്‍മ പ്രൊഡക്ഷന്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റിലീസ് ദിനത്തില്‍ 75 കോടിയാണ് ബ്രഹ്മാസ്ത്ര നേടിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രഹ്മാസ്ത്രക്ക് ലഭിച്ച പ്രേക്ഷകപ്രതികരണത്തിന് രണ്‍ബീര്‍ നന്ദി അറിയിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാസ്ത്ര എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

പുരാണ കഥകളിലെ മിത്തുകളില്‍ നിന്നുമുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അയാന്‍ മുഖര്‍ജി സൃഷ്ടിച്ച അസ്ത്രവേഴ്സിനെയാണ് ബ്രഹ്മാസ്ത്രയില്‍ അവതരിപ്പിച്ചത്. വാനാരാസ്ത്രം, നന്ദി അസ്ത്രം, പ്രഭാസ്ത്രം, ആഗ്‌നേയാസ്ത്രം എന്നിങ്ങനെ നാല് അസ്ത്രങ്ങളാണ് ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. സ്വയം ആഗ്നേയാസ്ത്രമായ ശിവ എന്ന യുവാവിലൂടെയാണ് ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം കടന്നുപോകുന്നത്.

രണ്‍ബീറിനും ആലിയക്കും പുറമേ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണുമാണ് രണ്ടാം ഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളായ ദേവിനേയും അമൃതയേയും അവതരിപ്പിക്കുന്നത്.

Content Highlight: Brahmastra collected 300 crore from world box office