കോഴിക്കോട്: മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനും വിവിധ മതവിശ്വാസികള്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കുന്നതിനും വേണ്ടി തയ്യാറാക്കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ശ്രീനാരായണ വേള്‍ഡ് റിസേര്‍ച്ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ ചെയര്‍മാനും ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിയുമായ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദയും.
‘പരസ്പരം തോളോട് തോള്‍ ചേര്‍ന്നുനിന്നാണ് കേരളത്തനിമയെ നാം കെട്ടിപ്പടുത്തത്. മമ്പുറം തങ്ങളും ശ്രീനാരായണ ഗുരുവുമെല്ലാം കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ അഗാധമാക്കുന്നതിനുവേണ്ടി യത്നിച്ച മഹത് വ്യക്തിത്വങ്ങളാണ്. അവരുടെ വഴിയേ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി, കലര്‍പ്പില്ലാത്ത ഹൃദയ ബന്ധങ്ങള്‍ പുലര്‍ത്തി വേണം മലയാളികള്‍ മുന്നോട്ടുപോകാന്‍’, ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ ഇരുനേതാക്കളും വിശ്വാസികളോട് ആഹ്വാനം ചെയ്തു. പരസ്പര ഐക്യം കാത്തുസൂക്ഷിച്ചു നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും വേണ്ടി ഒരുമിച്ചു നിന്ന് സര്‍ഗാത്മകമായി മുന്നോട്ടു പോകണം, ഇരുവരും പറഞ്ഞു.
56 രാഷ്ട്രങ്ങളില്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് റിസേര്‍ച്ച് ആന്‍ഡ് പീസ് ഫൗണ്ടേഷനും വിവിധ രാഷ്ട്രങ്ങളിലും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും സജീവ പ്രവര്‍ത്തനങ്ങളുള്ള മര്‍കസിന്റെയും നേതൃത്വത്തില്‍ മതസൗഹാര്‍ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ചര്‍ച്ചയില്‍ ധരണയായി.
മര്‍കസ് സ്ഥാപനങ്ങളിലും മര്‍കസ് നോളജ് സിറ്റിയിലും കഴിഞ്ഞ ദിവസം ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ സന്ദര്‍ശനം നടത്തിയിരുന്നു.
ശിവഗിരി ധര്‍മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗവും ശിവഗിരി ബ്രഹ്മ വിദ്യാലയത്തിലെ ആദ്യ സന്യാസിയുമാണ് ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ശ്രീനാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ബിജു ദേവരാജ്, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ശ്രീനാരായണ വേള്‍ഡ് റിസേര്‍ച്ച് ആന്‍ഡ് പീസ് ഫൗണ്ടേഷന്‍ അഡൈ്വസര്‍ ആന്‍ഡ് ട്രസ്റ്റി അഡ്വ അനില്‍ തോമസ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക