കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻ്റുമായി ബന്ധപ്പെട്ട രേഖകൾ കടത്തിയെന്ന പരാതിയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്. കോൺഗ്രസ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോടതിക്ക് നൽകാൻ കോർപറേഷൻ തയാറാക്കിയ രേഖകളാണ് കടത്തിയെന്നാണ് ആരോപണം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ ദിവസമാണ് രേഖകൾ കടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ചില രേഖകളുടെ പകർപ്പ് പ്രതി കൈവശപ്പെടുത്തിയതായും പരാതിയിൽ ആരോപണമുണ്ട്.
യു.ഡി.എഫ് ഭരണകാലത്തെ രേഖകളുമെടുത്തെന്ന് പരാതിയിൽ പറയുന്നു.
അതേസമയം കൊച്ചി കോർപറേഷനിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ കെ.പി.പി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊച്ചി കോർപറേഷൻ കൗൺസിലർ ബെനഡിക്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ ഉപരോധ സമരം നടത്തിയിരുന്നത്. സമരത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അതിക്രമം നടന്നിരുന്നു. ഇത് സമരം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണെന്ന് ആരോപിച്ചാണ് ബെനഡിക്ട് പരാതി നൽകിയത്.
റോഡ് തടഞ്ഞുള്ള ഉപരോധത്തിന് അനുമതി നൽകില്ലെന്ന് പൊലീസ് അറിയിച്ചതായിരുന്നു കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഓഫീസിൽ ജോലിക്കെത്തുന്നവരെ പോലും കടത്തിവിടാതായതോടെയാണ് പൊലീസ് റോഡ് തടയരുതെന്ന് നിർദേശിച്ചത്.
Content Highlight: Brahmapuram waste plant were smuggled; Case against Congress Councillor