മാലിന്യത്തില്‍ നിന്നും വൈദ്യുതി; സര്‍ക്കാറിന് ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനോ?
ബ്രഹ്മപുരം മാലിന്യപ്ലാന്റ് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ടണ്‍കണക്കിന് മാലിന്യമാണ് പ്ലാന്റില്‍ കുന്നുകൂടിക്കിട
ക്കുന്നത്. മാലിന്യം സംസ്‌കരിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും പ്ലാന്റ് നിര്‍മ്മിച്ചതിലെ പാകപ്പിഴകളും ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇതിന് എല്ലാത്തിനുമുള്ള പരിഹാരമെന്ന വാദവുമായാണ് സംസ്ഥാനസര്‍ക്കാര്‍ മാലിന്യത്തില്‍നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ പുകമറയ്ക്കപ്പുറത്തുനിന്നുള്ള സര്‍ക്കാരിന്റെ തീരുമാനം ആശങ്കകള്‍മാത്രമാണ് ബാക്കിയാക്കുന്നത്.
സര്‍ക്കാര്‍, ജിജെ ഇക്കോ പവര്‍ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാറിലെത്തിയിരിക്കുന്നത്. ജിജെ ഇക്കോ പവറിന് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാതിരിക്കെയാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ കമ്പനിയെത്തന്നെ ആശ്രയിച്ചിരിക്കുന്നത്.
പദ്ധതി ഇന്ത്യയില്‍ പരിസ്ഥിതിക്ക് ദോഷവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പാര്‍ലമെന്ററി സമിതി പരിശോധന നടത്തി കണ്ടെത്തിയതാണ്. പദ്ധതി ആദ്യം പരീക്ഷിച്ച പല രാജ്യങ്ങളും പിന്‍മാറുകയും ചെയ്തു. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനം. 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ നയവും ആലപ്പുഴയില്‍ തോമസ് ഐസകും പിന്നീട് തിരുവനന്തപുരം കോര്‍പറേഷനും പരീക്ഷിച്ച് വിജയിച്ച മാലിന്യ സംസ്‌കരണ രീതിയും തള്ളിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് സ്വകാര്യ കമ്പനമായി കൈകൊടുക്കുന്നത്. ഇത് മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരമാണോ എന്ന ചോദ്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.