ബ്രഹ്‌മപുരത്തുണ്ടായിരുന്നത് ടൈം ബോംബ്, എന്തടിസ്ഥാനത്തിലാണ് ഭരണാധികാരികള്‍ ആശങ്ക വേണ്ടെന്ന് പറയുന്നത്: രഞ്ജി പണിക്കര്‍
Movie Day
ബ്രഹ്‌മപുരത്തുണ്ടായിരുന്നത് ടൈം ബോംബ്, എന്തടിസ്ഥാനത്തിലാണ് ഭരണാധികാരികള്‍ ആശങ്ക വേണ്ടെന്ന് പറയുന്നത്: രഞ്ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th March 2023, 11:26 am

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ആശങ്ക വേണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് ഭരണാധികാരികള്‍ പറയുന്നതെന്നും അത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമേയല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ഒരു ടൈം ബോംബാണ് കൊച്ചി നഗരത്തില്‍ കുന്നുകൂട്ടിവെച്ചിരുന്നതെന്നും ഈ ദുരന്തത്തെ നേരിടണം എന്നതിനെ സംബന്ധിച്ച് യാതൊരു രൂപരേഖയോ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തില്‍ രഞ്ജി പണിക്കര്‍ പറഞ്ഞു.

‘ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പൗരന്മാരെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കണം. ഇപ്പോള്‍ സംഭവിച്ചതിന്റെ ഭവിഷ്യത്ത് എന്താണെന്നുള്ള കൃത്യമായ പഠനങ്ങള്‍ എവിടെയും നടന്നിട്ടില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും വരും തലമുറയും എങ്ങനെയാണ് അനുഭവിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള സാങ്കേതികമായ വിലയിരുത്തല്‍ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.

ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ പറയുന്നത് ആശങ്ക വേണ്ടെന്നാണ്. മാസ്‌ക് വെച്ചതുകൊണ്ട് ബ്രഹ്‌മുപുരത്തെ തീ അണയുന്നില്ലല്ലോ. രാവിലെ മുതല്‍ കൊച്ചിയിലെ ജനങ്ങള്‍ ഇതാണ് ശ്വസിക്കുന്നത്. അത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമേയല്ല.

ഒരു ദുരന്തമായി മാറാനുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു ടൈം ബോംബാണ് ഈ നഗരത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രദേശത്ത് കുന്നുകൂട്ടിവെച്ചിരിക്കുന്നത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇവിടെ ഇതിന് മുമ്പ് തീപിടുത്തമുണ്ടായിട്ടില്ലേ. ഇത്രയും വലിയ തോതില്‍ ഉണ്ടായിട്ടില്ലന്നേയുള്ളൂ. ഇത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമായിരുന്നു. അതുണ്ടായില്ല. ഇങ്ങനെ ഒന്ന് സംഭവിക്കുമ്പോള്‍ അതിനെ എങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടണം എന്നതിനെ സംബന്ധിച്ച് യാതൊരു രൂപരേഖയോ പദ്ധതിയോ ഉണ്ടായിരുന്നില്ല എന്നാണ് ഈ പത്ത് ദിവസം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ദുരന്ത നിവാരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ജില്ലാ ഭരണാധികാരിയെ മാറ്റി. അതുവരെ സംഭവിച്ചിരുന്നതൊക്കെ ഫലപ്രദമായിരുന്നില്ല എന്ന് കൂടി വേണം അതില്‍ നിന്നും വായിച്ചെടുക്കാന്‍. അതുകൊണ്ടാണല്ലോ നേതൃത്വം കൊടുത്തിരുന്നയാളെ മാറ്റേണ്ടി വരുന്നത്. ഒരു ജില്ലാ ഭരണാധികാരിയുടെ റെസ്‌പോണ്‍സിബിളിറ്റിയില്‍ വരുന്ന കാര്യമായിട്ടാണോ ഗവണ്‍മെന്റ് അതിനെ കണ്ടത് എന്നൊരു ന്യായമായ സംശയമുണ്ടാവും. അങ്ങനെ ആയിരുന്നില്ല വേണ്ടത്.

എപ്പോള്‍ വേണമെങ്കിലും തീ പിടിക്കാവുന്ന അവസ്ഥയില്‍ ഇങ്ങനെ ഒരു സംഭവം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുണ്ടാകുമെന്ന് എന്തുകൊണ്ടാണ് ഇവരൊക്കെ തിരിച്ചറിയാതെ പോയത്. മുമ്പുണ്ടായ സംഭവങ്ങളില്‍ നിന്നും എന്ത് പാഠമാണ് പഠിച്ചത്. വലിയ ക്രിമിനല്‍ നെഗ്ലിജന്‍സ് ഇവിടെ ഉണ്ടായിട്ടുണ്ട്. ഒരു പഠനം നടത്തിയാല്‍ അത് പുറത്ത് വരും. അതിവിടെ നടക്കുന്നുണ്ടോ?

വിദേശത്ത് പഠനത്തിന് പോകുന്നതൊന്നും കുഴപ്പമില്ല. വിദേശത്ത് പോയാലാവും ഇതിനെക്കുറിച്ച് കൃത്യമായ ധാരണ സാംശീകരിക്കാന്‍ സാധിക്കുന്നത്. ഏതര്‍ത്ഥത്തില്‍ നടപ്പിലാക്കി, നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണോ ആരാണ് അതിന് ഉത്തരവാദി, അത്തരം കാര്യങ്ങളൊക്കെ അന്വേഷിച്ചേ മതിയാവൂ,’ രഞ്ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Brahmapuram was a time bomb says Ranji Panicker