| Monday, 6th March 2023, 8:21 pm

ബ്രഹ്മപുരം തീപിടുത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

എന്നാല്‍ തിങ്കളാഴ്ച രാത്രിയും തീയണക്കല്‍ തുടരുമെന്ന് ഭരണകൂടം അറിയിച്ചു. ഇതിന് ആവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഭരണകൂടം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം വരെ മാത്രമേ തീയണക്കല്‍ തുടര്‍ന്നിരുന്നുള്ളൂ.

അതേസമയം തിങ്കളാഴ്ച കൊച്ചി പരിസരത്തും ബ്രഹ്മപുരത്തിന് സമീപമുള്ള പ്രദേശങ്ങളിലും ഒന്ന് മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരുന്നു. ഇതിന് സമാനമായി ചൊവ്വാഴ്ചയും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചതില്‍ സമൂഹ മാധ്യമം വഴി നിരവധി പ്രതിഷേധങ്ങള്‍ വന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊച്ചിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടിരിക്കുന്നുവെന്നും എങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിറക് വശത്തെ മാലിന്യ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. കാറ്റും വെയിലും ശക്തമായതോടെ തീ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും നഗരത്തില്‍ കനത്ത പുക വ്യാപിക്കാനും ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം കരുതിക്കൂട്ടി ചെയ്തതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് വന്നിരുന്നു. മനപൂര്‍വം തീ കൊളുത്തിയാണ് അപകടം ഉണ്ടായതെന്നും അപകടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എം.ബി. രാജേഷ് സഭയില്‍ പറഞ്ഞു. ഗുരുതര ആരോഗ്യ സാഹചര്യം നിലവിലില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമഗ്രമായ അന്വേഷണത്തിന് പൊലീസിന് നിര്‍ദേശം നല്‍കിയെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.

നേരത്തെ തീപിടുത്തത്തിന് പിറകില്‍ കരാര്‍കമ്പനിയുടെ പങ്ക് ആരോപിച്ച് കൊണ്ട് സി.പി.ഐയും രംഗത്തെത്തിയിരുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് തീപിടുത്തം നടന്നതെന്നും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സി.പി.ഐ. കൗണ്‍സിലര്‍ സി.എ. ഷക്കീറാണ് രംഗത്തെത്തിയത്.

CONTENT HIGHLIGHT: Brahmapuram fire; The High Court took the case on its own initiative

We use cookies to give you the best possible experience. Learn more