| Sunday, 12th March 2023, 8:32 pm

ബ്രഹ്‌മപുരം തീപിടുത്തം ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനം; ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടുത്തത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.പി.സി.സി പ്രസിന്റ് കെ. സുധാകരന്‍. കൊച്ചിയിലുണ്ടായത് ഭോപ്പാലിലെ വിഷവാതക ദുരന്തത്തിന് സമാനമാണ്. ബ്രഹ്‌മപുരത്തെ തീപിടുത്തം മനുഷ്യന്റെ നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്‌മപുരം തീപിടിത്തവും. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്‌മപുരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ട്, കെ. സുധാകരന്‍ പറഞ്ഞു.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ല. മനുഷ്യന്റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് ഈ ദുരന്തം കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്. എട്ടംഗ സമിതിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

എം.പിമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ ടി.ജെ.വിനോദ്, ഉമാ തോമസ്, പരിസ്ഥിതി പ്രവര്‍ത്തകനും ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ. ഉമ്മന്‍ വി. ഉമ്മന്‍, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി പ്രൊഫ. ലാലാ ദാസ്, ജൈവ രസതന്ത്രജ്ഞന്‍ ഡോ.സി.എന്‍. മനോജ് പെലിക്കന്‍, യു.എന്‍ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ. എസ്.എസ് ലാല്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.

Content Highlight: Brahmapuram fire similar to Bhopal gas disaster; K. Sudhakaran says that the government should give compensation to the people

We use cookies to give you the best possible experience. Learn more