ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിധിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നു എന്നാണ് ശബരിമലയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ആക്രോശം. അപ്പോള്‍ ആ ചാരമെന്താണ് എന്നൊന്നു പരിശോധിക്കപ്പെടേണ്ടതാണ്. അതെത്ര ചാരമാണ് എന്നപ്പോഴേ മനസ്സിലാവൂ.
ശബരിമലയെന്നല്ല കേരളത്തിലെ വലിയൊരുശതമാനം അമ്പലങ്ങളും ഇന്നിവര്‍ പറയുന്ന “ഹിന്ദു”വിന്റേതായിരുന്നില്ല. ഒന്നാമത് നാരായണഗുരു പറഞ്ഞപോലെ അങ്ങനെയൊരു ഹിന്ദുവേ ഉണ്ടായിരുന്നില്ല. പഞ്ചപ്രകാരക്ഷേത്രസങ്കല്‍പ്പമനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ജനപദ ഹിന്ദുക്ഷേത്രനിര്‍മ്മാണരീതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ക്ഷേത്രങ്ങളേയല്ല വനക്ഷേത്രങ്ങളായ ഇവയൊന്നും. ഇതെല്ലാം ബ്രാഹ്മണമതം കൈയ്യേറി കൈവശപ്പെടുത്തിയതാണ്. ഇതിന് അനേകം തെളിവുകളുണ്ട്. ഇപ്പോള്‍ അവയിലേക്ക് പോകുന്നില്ല. ആചാരത്തിന്റെ ചാരം വാരിക്കളയാനുള്ള കാര്യമേ എടുക്കുന്നുള്ളൂ.
ബൃഹദ്പാരമ്പര്യം എന്ന് ചില ചരിത്രകാരന്മാരാല്‍ വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണപാരമ്പര്യത്തിലേക്ക് ഈ പലപാടു ചിതറിക്കിടന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും ചേര്‍ത്തുകെട്ടിയത് രണ്ടു തരത്തിലാണ്.
- ബ്രാഹ്മണമതത്തിന്റെ പുരാണേതിഹാസങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട തദ്ദേശീയദൈവതത്തെ കൂട്ടിച്ചേര്‍ക്കുന്ന ഒരു മിത്ത് നിര്‍മ്മിച്ചു.
- തദ്ദേശീയദൈവതത്തേയും അതിന്റെ മിത്തുകളേയും പടിപടിയായി നശിപ്പിക്കുകയും അവയുടെ സ്ഥാനത്ത് ബ്രാഹ്മണമതത്തിന്റെ മിത്ത് സ്ഥാപിക്കുകയും ചെയ്തു.
രണ്ടും സമാന്തരമായല്ല, പരസ്പരപൂരകമായാണ് നടന്നത്. എന്നാല്‍ എത്രമേല്‍ അസൂത്രിതമായി ചെയ്താലും ചരിത്രം അതിന്റെ ശരിശേഷിപ്പുകള്‍ ബാക്കിനിര്‍ത്തും. അതുകൊണ്ടുതന്നെ കേരളത്തിലെ പല ക്ഷേത്രങ്ങളുടേയും പൂര്‍വ്വഘട്ടം, ബ്രാഹ്മണമതം കയ്യേറിയതിനു പിന്നിലെ ഘട്ടം ഏതെങ്കിലും പഴയ ആചാരങ്ങളായോ നിര്‍മ്മിക്കപ്പെട്ട പുരാണത്തിന്റെ പിഴവുകളായോ രേഖകളിലെ തെളിവുകളായോ വായിച്ചെടുക്കാനാവും. ശാസ്ത്രീയചരിത്രപഠനം ശക്തിപ്പെടുന്നതോടെ ഇക്കാര്യം കേരളത്തിലുടനീളം നടന്നുകഴിഞ്ഞിട്ടുണ്ട്. ശബരിമല നമുക്ക് രണ്ടാമതെടുക്കാം, ആദ്യം അതിലും കൃത്യതയോടെ ബ്രാഹ്മണമതം കൈയ്യേറിയ മറ്റൊരു പ്രസിദ്ധക്ഷേത്രമെടുക്കാം ഗുരുവായൂര്‍.
ഗുരുവായൂരിന്റെ നിലവിലെ ബൃഹദ്പാരമ്പര്യത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ് യുഗപര്യവസാനത്തിന്റെ പ്രളയകാലത്ത് ആലിലയില്‍ വിരല്‍കുടിച്ചുകൊണ്ട് പള്ളികൊള്ളുന്ന ഉണ്ണിക്കണ്ണനെ ഗുരുദേവനും വായുദേവനും ചേര്‍ന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. കുറേക്കൂടി വിപുലമായ കഥ നാരദപുരാണത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കല്‍പ്പാന്തങ്ങള്‍ താണ്ടിവന്ന ഒരു കൃഷ്ണവിഗ്രഹം ബൃഹസ്പതി എവിടെ പ്രതിഷ്ഠിക്കുമെന്നറിയാതെ വിഷമിക്കുകയും അവസാനം ഗുരുവായൂര്‍ കണ്ടെത്തി അവിടെ ഗുരുവായുക്കളുടെ സഹായത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത കഥ. മൂന്നു കാര്യങ്ങളുണ്ട് ഈ കഥകളില്‍ – യുഗാരംഭപ്രളയത്തിന്റെ പഴക്കമുണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിന്, അന്നുമുതലേ ആ നാടിന്റെ പേര് ഗുരുവായൂര്‍ എന്നാണ്, ഗുരുവായുദേവന്മാര്‍ ചേര്‍ന്നു പ്രതിഷ്ഠിച്ച കൃഷ്ണനാണ് ഗുരുവായൂരിലുള്ളത്.
ഇനി ചരിത്രം നോക്കാം. പഴയ ആ നാട്ടിലെ രേഖകളില്‍ എങ്ങും ഗുരുവായൂര്‍ എന്ന വാക്കില്ല. ഉള്ളത് കുരിയൂര്‍വട്ടം എന്ന സ്ഥലനാമമാണ്. സാഹിത്യകൃതികളിലെ പഴക്കമുള്ള രേഖ കോകസന്ദേശത്തിലാണ്, അതില്‍ കുരവൈയൂര്‍ എന്നു കാണാം. എന്തായാലും അവിടെയുള്ള പ്രധാനക്ഷേത്രം ഒരു കുറുമ്പക്കാവാണ്. ഗുരുവായൂര്‍ എന്ന സ്ഥലനാമം കുരിയൂര്‍വട്ടം കുരവൈയൂര്‍- ഗുരുവായൂര്‍ എന്നിങ്ങനെ രൂപപ്പെട്ടതാണെന്ന് വ്യക്തം. ഉല്‍സവക്കാലത്ത് ഗുരുവായൂരമ്പലത്തില്‍ നിന്ന് അല്‍പ്പം അകലെയുള്ള കുറുമ്പക്കാവില്‍ നിന്ന് ഒരു ദീപം കൊണ്ടുവന്നു കൊളുത്തുന്ന “ആചാരം” മുന്‍പ് നിലനിന്നിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടു. കുറുമ്പക്കാവിലെ ദീപം ഗുരുവായൂരപ്പന് ചേരില്ലെന്ന ബോദ്ധ്യം അടുത്തകാലത്തു വന്നതാണ് എന്നര്‍ത്ഥം.
ക്ഷേത്രപഠിതാക്കള്‍ പറയുക ആദ്യം ദ്രാവിഡക്ഷേത്രമായും പിന്നീട് ബുദ്ധക്ഷേത്രമായും പിന്നീട് ഹിന്ദുക്ഷേത്രമായും മാറിയ ഗുരുവായൂര്‍ എന്നാണ്. അതായത്, ഇന്നത്തെ ആരാധനാരീതികള്‍ക്കും തന്ത്രവിധികള്‍ക്കും എത്രയോ മുന്‍പ് പല കൈമറിഞ്ഞുവന്ന ക്ഷേത്രമാണത് എന്നര്‍ത്ഥം. എന്നാലവയൊന്നും ബൃഹദ്പാരമ്പര്യമിത്തില്‍ സ്പര്‍ശിക്കില്ല. അനേകകാലമായി തുടരുന്ന ആചാരമായി അവിടെ പരിഗണിക്കുക കുരിയൂര്‍വട്ടത്തില്‍ നിന്നു തുടങ്ങി ആധുനികഗുരുവായൂരില്‍ എത്തുന്ന ചരിത്രത്തിലെ എല്ലാ അടരുകളേയും പിന്തള്ളി അവസാനത്തെ ഒറ്റ അചാരമാണ്. അവയുടെ ലംഘനം അലംഘനീയമാണ് എന്ന ബോദ്ധ്യത്തിലാണ് ഗുരുവായൂര്‍ എന്ന ക്ഷേത്രവികാരത്തിന്റെ നിലനില്‍പ്പ്.
ഇനി ആ പ്രതിഷ്ഠയോ? അതില്‍ കൃഷ്ണനേയില്ല. അതു ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ്. പിന്നെങ്ങനെ ഗുരുവായൂരിലെ കണ്ണന്‍ കയറി വന്നു. ഓര്‍ക്കുമ്പോള്‍ തിരുമുടി കണ്മുന്നില്‍ മിന്നിമാഞ്ഞു? അതു വേറെ കഥ. അമ്പലപ്പുഴയിലെ കൃഷ്ണക്ഷേത്രമടക്കമുള്ള പ്രസിദ്ധശ്രീകൃഷ്ണക്ഷേത്രങ്ങള്‍ക്കൊന്നും കിട്ടാത്തൊരു പരിവേഷം വിഷ്ണുപ്രതിഷ്ഠയില്‍ കൃഷ്ണനെ വെച്ചുകെട്ടിയ ഗുരുവായൂരിനുണ്ടായതിനു ചേര്‍ന്നാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൃഷ്ണരൂപങ്ങളുടെയും ലോക്കറ്റുകളുടെയും വിപണനവും ശക്തിയാര്‍ജ്ജിച്ചത്. കൂടെ മലയാളസിനിമാഗാനങ്ങളും കൂടി.
നരകവൈരിയായ അരവിന്ദാക്ഷന്റെ ചെറിയനാളത്തെ കളികള്‍ ഗുരുവായൂരുമായി പിന്നീട് കണ്ണിചേര്‍ന്നതാണ്. അപ്പോള്‍ അതൊരു വൈരുദ്ധ്യമായി, സാരമില്ല അപ്പോഴതിനൊരു കഥയുണ്ടാക്കി. ദേവകീവസുദേവന്മാര്‍ കാരാഗൃഹത്തില്‍ വെച്ചു കണ്ട ചതുര്‍ബാഹുവായ കൃഷ്ണന്റെ വിഷ്ണുരൂപമാണ് ഗുരുവായൂര്‍ പ്രതിഷ്ഠ. അതോടെ കൃഷ്ണഭാവത്തിനും പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമകള്‍ക്കും കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടലിനും ന്യായമായി. കുറുമ്പക്കാവ് ചരിത്രത്തിന്റെ ഇരുള്‍ത്തിരയിലേക്ക് മറഞ്ഞു. കണ്ണന്റെ വാകച്ചാര്‍ത്തും വാസനപ്പൂവും വിരിഞ്ഞു.
ശബരിമലയെന്ന ഐതിഹ്യം
നേരത്തെ പറഞ്ഞപോലെ ബൃഹദ്പാരമ്പര്യം എന്ന് ചില ചരിത്രകാരന്മാരാല്‍ വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണപാരമ്പര്യത്തിലേക്ക് ഈ പലപാടു ചിതറിക്കിടന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും ചേര്‍ത്തുകെട്ടിയ രണ്ട് പ്രവര്‍ത്തനങ്ങളുടേയും പലപാട് ചിതറിക്കിടക്കുന്ന നൂറുകണക്കിന് തെളിവുകളുടെ സമൃദ്ധിയുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രമാണ് ശബരിമല. ആദ്യമായി അദ്യത്തെ പണി ബ്രാഹ്മണമതത്തിന്റെ പുരാണേതിഹാസങ്ങളിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട തദ്ദേശീയദൈവതം എന്നത് ശബരിമലയില്‍ എങ്ങനെ നടന്നു എന്നും, എന്നിട്ടും അതിനുള്ളില്‍ പിശകുകളെങ്ങനെ നിലനിന്നു എന്നും നോക്കാം.
ഐതിഹ്യകഥ വിസ്തരിക്കുന്നില്ല. ചുരുക്കിപ്പറയാം. അപ്‌സരസ്സായ മേനക ദുര്‍വ്വാസാവിനു സമ്മാനിച്ച പൂമാല ദേവേന്ദ്രനു സമ്മാനിക്കപ്പെടുകയും ഐരാവതം ആ പൂമാലയെ അപമാനിച്ചപ്പോഴുള്ള ക്രോധത്തില്‍ ദുര്‍വ്വാസാവ് ദേവന്മാര്‍ക്കു ജരാനരകള്‍ സംഭവിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. ശാപമോക്ഷത്തിനായി പാലാഴികടയേണ്ടി വന്ന ദേവന്മാര്‍ അസുരന്മാരെയും കൂട്ടി അതു ചെയ്തു; പാലാഴിയില്‍ നിന്നു പലതും പൊങ്ങിവന്നു, കടയുന്ന മന്ഥരപര്‍വ്വതം താണുപൊയപ്പോള്‍ വിഷ്ണു കൂര്‍മ്മാവതാരം പൂണ്ട് മന്ഥരപര്‍വ്വതത്തെ ഉയര്‍ത്തി. അവസാനം അമൃത് പൊങ്ങിവന്നപ്പോള്‍ അത് അസുരന്മാര്‍ കൊണ്ടുപോയി.
അമൃത് തിരികെക്കിട്ടാനായി വിഷ്ണു അതിസൗന്ദര്യമാര്‍ന്ന ഒരു മോഹിനീരൂപം ധരിക്കുകയും അമൃത് തിരിച്ചുപിടിക്കുകയും ചെയ്തു. ഈ മോഹിനീരൂപത്തെക്കുറിച്ച് നാരദന്‍ വര്‍ണ്ണിച്ചുകേട്ടപ്പോള്‍ ശിവന് വിഷ്ണുവിന്റെ മോഹിനീരൂപം കാണാന്‍ മോഹമുണ്ടായി, ആ മോഹം വിഷ്ണു സാക്ഷാത്കരിച്ചപ്പോള്‍ അവര്‍ തമ്മിലുണ്ടായ സംയോഗത്തില്‍ ജനിച്ചതാണ് ഹരിഹരസുതന്‍. ( തുടയില്‍ മോഹിനിക്ക് ശുക്ലസ്ഖലനമുണ്ടായി എന്നാണ് കേള്‍വി. അവിടെ എന്തിനുണ്ടായി, അതുണ്ടാവേണ്ട ആള്‍ മോഹിനിയാണോ ശിവനാണോ സംശയങ്ങള്‍ പലതുണ്ട്. അതവിടെ നില്‍ക്കട്ടെ. ഇതൊക്കെ ഹിന്ദുപുരാണങ്ങളില്‍ പതിവാണ്. പുഴയില്‍ വീണ രേതസ്സ് വിഴുങ്ങിയ മീനിന് ഗര്‍ഭമുണ്ടാവുന്ന കഥയുള്ളപ്പോഴാണ്. )
ഇത്രയും കേട്ടാല്‍ കാര്യം ബ്രാഹ്മണമതത്തിനു ചേര്‍ന്നൊരു കഥാതന്തുവായി തോന്നുന്നില്ലേ? തീര്‍ച്ചയായും അങ്ങനെയാണ്. ഭാരതവര്‍ഷമൊന്നാകെ പാലാഴിമഥനത്തിന്റെ പുരാണകഥയുണ്ട്. വിഷ്ണുവും ശിവനും ഇന്ദ്രനും മേനകയും ദുര്‍വ്വാസാവും ഐരാവതവും നാരദനുമെല്ലാം എല്ലായിടത്തുള്ളതാണ്. ഇനി അവസാനം ജനിച്ച ആ കക്ഷിയില്ലേ, അതാണ് നമ്മുടെ താരം.
പിന്നെ കഥ നടക്കുന്നത് പന്തളം രാജാവിന്റെ അടുത്താണ്. ഏത് രാജാവ്? പന്തളം രാജാവ്. അങ്ങേരു കാട്ടിലൂടെ നായാട്ടുനടത്തുമ്പോള്‍ മണി കെട്ടിയ ഒരു കുട്ടിയെ കണ്ടു. എടുത്തുകൊണ്ടുവന്നു വളര്‍ത്തി. മണികണ്ഠന്‍ എന്നു പേരിട്ടു. ആരായിരുന്നെന്നോ ആ കുട്ടി? അന്ന് ഹരിഹരസംയോഗത്തില്‍ കാട്ടിലുപേക്ഷിക്കപ്പെട്ട കുട്ടി. വിഷ്ണുവിന്റെ കൂര്‍മ്മാവതാരശേഷമുള്ള ഏതോ കാലത്തുണ്ടായ സംഭവത്തിന്റെ ബാക്കിപത്രത്തെ വീണുകിട്ടുന്നത് ആയിരംവര്‍ഷം തികച്ചു ചരിത്രം പറഞ്ഞാല്‍ പിഴക്കുന്ന പന്തളം രാജവംശമെന്ന ആധുനികരാജവംശത്തിന്റെ രാജാവിനാണ്. വില്ലാളിവീരനേ, വീരമണികണ്ഠനേ, ഹരിഹരസുതനേ, ശരണം പൊന്നയ്യപ്പാ.
കാര്യമിനി കൂടുതല്‍ വിശദീകരിക്കണമെന്നു തോന്നുന്നില്ല. ബൃഹദ്പാരമ്പര്യത്തിന്റെ പുരാണപാരമ്പര്യത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട തദ്ദേശീയദൈവതമാണിത് എന്നു വ്യക്തം.
ശബരിമലയുടെ ചരിത്രം
ശബരിമലയുടെ ചരിത്രത്തിന്റെ സമ്പൂര്‍ണ്ണരേഖ പുസ്തകമെഴുതാന്‍ മാത്രമുണ്ട്, പുസ്തകങ്ങളുണ്ടായിട്ടുമുണ്ട്. അത്രയും വിസ്തരിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ആക്രോശത്തില്‍ നിന്ന് ആ ചാരം എത്ര ചാരമായിട്ടുണ്ട് എന്നു മനസ്സിലാക്കാനുള്ളത്രയും മാത്രം തല്‍ക്കാലം. നമ്പറിട്ടെഴുതാം, അതാവും സൗകര്യം.
• ശബരിമല ധര്‍മ്മശാസ്താക്ഷേത്രം എന്നാണ് അമ്പലത്തിന്റെ പൂര്‍ണ്ണനാമം. ആരാ ഈ ധര്‍മ്മശാസ്താവ്? അയാളും അയ്യപ്പനും രണ്ടുപേരാണോ? വലിയ തര്‍ക്കങ്ങളാണ്. അതെന്തെങ്കിലുമാവട്ടെ. ഈ ധര്‍മ്മശാസ്താവിന്റെ കാര്യവും അയ്യപ്പന്റെ കാര്യവും ക്ഷേത്രത്തിന്റെ കാര്യവും ആചാരക്രമവുമെല്ലാം ശ്രീഭൂതനാഥസര്‍വ്വസ്വം എന്ന ഗ്രന്ഥത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതുപ്രകാരം അയ്യപ്പനായിട്ടല്ല ക്ഷേത്രത്തിന്റെ ആരംഭം. ധര്‍മ്മശാസ്താവിഗ്രഹത്തിലേക്ക് അയ്യപ്പന്‍ വിലയം പ്രാപിക്കുകയായിരുന്നു. അതായത് കക്ഷി ധര്‍മ്മശാസ്താവ് തന്നെ. ധര്‍മ്മശാസ്താവിനീ ആര്‍ത്തവത്തോടും ആര്‍ത്തവം വരുന്ന സ്ത്രീകളോടും വിരോധമുണ്ടായിരുന്നോ? എനിക്കറിയില്ല. എന്തായാലും ധര്‍മ്മശാസ്ത്രാവിനു ഒന്നല്ല, രണ്ട് ഭാര്യമാരുണ്ട് . പൂര്‍ണ്ണ, പുഷ്‌കല. പന്തളത്തുനിന്ന് എഴുന്നള്ളിക്കുന്ന തിരുവാഭരണപ്പെട്ടിയില്‍ ഇവരുടെ രൂപങ്ങളുമുണ്ട്. നോട്ട് ദ പോയന്റ്, സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുമ്പൊഴേ പ്രശ്‌നമുള്ളൂ, പൂര്‍ണയുടേയും പുഷ്‌കലയുടെയും രൂപങ്ങള്‍ എഴുന്നള്ളിച്ചു കയറ്റാവുന്നതാണ്. ഇനി ആ ഭാര്യമാര്‍ക്ക് ആര്‍ത്തവമുണ്ടായിരുന്നില്ലേ, ഇന്നലെ ഏതോ തമ്പുരാട്ടി പറഞ്ഞപോലെ ഗര്‍ഭപാത്രമേ എടുത്തുകളഞ്ഞ സ്ത്രീരത്‌നങ്ങളായിരുന്നോ എന്നൊന്നും അറിയില്ല. എന്തായാലും ധര്‍മ്മശാസ്താവിന്റെ ഭാര്യമാരെ മായ്ച്ചുകളയാന്‍ ബ്രാഹ്മണമതത്തിനു കഴിഞ്ഞിട്ടില്ല.
പൂര്‍ണ്ണയും പുഷ്‌കലയും പുഷ്പിണിമാരായിരിക്കില്ല എങ്കില്‍ ഇനി ബാല്യവിവാഹമോ മറ്റോ ആയിരുന്നോ, അവര്‍ ട്രാന്‍സ്ജന്റേഴ്‌സ് ആയിരുന്നോ എന്നൊക്കെയുള്ള സാദ്ധ്യതകളേയുള്ളൂ. അതൊന്നും അന്വേഷിച്ചുപിടിക്കാന്‍ എന്തായാലും ഇപ്പോള്‍ വഴികളില്ല. ഒരുകാര്യമുറപ്പ്, മാളികപ്പുറത്തമ്മയുടെ പ്രണയം ധര്‍മ്മശാസ്താവിനോടാണെങ്കില്‍ അത് അങ്ങേരുടെ ഒരു എക്‌സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പിനുള്ള സാദ്ധ്യതയാണ്. ആചാരം അനുവദിച്ചാലും ആര്‍ഷഭാരതസദാചാരം അതനുവദിക്കുമോ എന്നു സംശയമാണ്.
• നമുക്കു ചരിത്രത്തിന്റെ പിന്നടരുകളിലേക്ക് മടങ്ങാം. ആരാണീ അയ്യപ്പന്‍? അത് അയ്യനാരാണ്. ആരാണീ അയ്യനാര്‍? അത് അയ്യനാണ്. ആരാണ് അയ്യന്‍? സിമ്പിള്‍ – അതു ബുദ്ധനാണ്. പാലിഭാഷയില്‍ “അയ്യാ”, സംസ്‌കൃതത്തില്‍ എന്നും വിളിക്കുന്നത് ഈ അയ്യനേയാണ്. ബുദ്ധന്റെ പാവനസംഘത്തെ “അയ്യസംഘം” അഥവാ “ആര്യസംഘം” എന്ന് വിളിക്കപ്പെട്ടുപോന്നു. തമിഴില്‍ അയ്യാ എന്ന വിളിക്ക് എന്നും വലിയ ബഹുമാനമുണ്ട്. ഈ അയ്യനോടുള്ള പൂജകബഹുബഹുവചനരൂപമാണ് അയ്യനാര്‍. ബുദ്ധമതവും അതിന്റെ ആശയവും കേവലമായൊരു മതസംഹിതയായല്ല, ആഴമുള്ളൊരു സാംസ്‌കാരിക തത്വചിന്താപദ്ധതിയായിക്കൂടിയാണ് കേരളീയരില്‍ വേരോടിയത്.
ബുദ്ധരേയും ബുദ്ധശിഷ്യരായ തേജസ്വികളേയും അയ്യാ എന്നുവിളിച്ചുപോന്നു. തമിഴകത്ത് ബൗദ്ധവിഹാരരേഖകളില്‍ മിക്കതിലും “അയ്യനോടെ അരുള്‍കള്‍” വായിക്കാനാവും. അത്ഭുതം വരുമ്പോള്‍ നമ്മളില്‍ ചിലര്‍ “എന്റച്ചോ” എന്നു പറയാറില്ലേ? അതിന്റെ മറ്റൊരു രൂപമാണ് അത്ഭുത- ഭീതിസമയങ്ങളിലെ നമ്മുടെ വാക്കായ “അയ്യോ”. പുത്തന്‍ എന്നു മിക്കയിടങ്ങളിലും ബുദ്ധനെ വിളിക്കുന്നു. പുതിയ ആശയവുമായി വന്നവനാണ് പുത്തന്‍. അതു ബുദ്ധന്റെ തന്നെയാണ്. ചാലക്കയം പമ്പയിലെ ആദിവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ മുന്‍പ് പറഞ്ഞിരുന്നത് ശബരിമലയില്‍ ഉള്ളത് അയ്യപ്പനല്ല, പുത്തനാണ് എന്നാണ്.
• ഇവിടെ നിന്ന് എളുപ്പം നമുക്ക് ബുദ്ധനാണത് എന്ന നിഗമനത്തിലെത്താം. പക്ഷേ അത്രവേഗം വേണ്ട. ആ വേഗത ചരിത്രപഠനത്തിന്റേതല്ല. ശാസ്താവില്‍ നിന്നു കുറച്ചുകൂടി ചിന്തിക്കാം. ശാസ്താവ് എന്നു ബുദ്ധനു പേരു മുന്‍പേയുണ്ട്, ശാസിക്കുന്നവന്‍, ശാസനങ്ങള്‍ നല്‍കുന്നവനാണ് ശാസ്താവ്. ശാസ്താംകോവിലുകള്‍ ചേരനാട്ടിലുടനീളം വ്യാപിക്കപ്പെട്ടിരുന്നു. അവയില്‍ മിക്കതും വനക്ഷേത്രങ്ങളായിരുന്നു. ബൗദ്ധര്‍ ജനപദങ്ങളിലല്ല, വനങ്ങളിലാണ് ക്ഷേത്രങ്ങള്‍ പണിതത്. ആ ശാസ്താം കോവിലുകളാണ് കേരളത്തിലുടനീളം “കാട്ടിലയ്യപ്പന്‍”ക്ഷേത്രങ്ങളായി മാറിയത്.
ഇനി നന്നായൊന്നു ശരണം വിളിക്കുക സ്വാമിയേ ശരണമയ്യപ്പാ. കൂടെ വിളിക്കാം, ബുദ്ധം ശരണം, സംഘം ശരണം, ധര്‍മ്മം ശരണം ഗച്ഛാമി. ശരണം വിളി തന്നെ ബൗദ്ധമാണ്. ശരണത്തിനായി പഞ്ചശീലങ്ങള്‍ ആചരിച്ചും കഠിനമായ വ്രതനിഷ്ഠയോടെ ലൗകികഭോഗങ്ങള്‍ ത്യജിച്ചും വൈരാഗം ശീലിച്ചും തീര്‍ത്ഥാടനം നടത്തുന്ന പരിപാടിയും ബൗദ്ധരുടേതാണ്. ധര്‍മ്മശാസ്താവിലെ ബൗദ്ധപാരമ്പര്യം കണ്ടെത്താന്‍ ഇനിയും തിരയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എത്ര സൂര്യനുദിച്ചുകണ്ടാലും അര്‍ദ്ധരാത്രിയെന്നു കരുതുന്നവര്‍ക്ക് അങ്ങനെത്തന്നെ തുടരാവുന്നതാണ്.
• ധര്‍മ്മശാസ്താവ് അവിടെ നില്‍ക്കട്ടെ, ഭൂതനാഥസര്‍വ്വസ്വത്തില്‍ പറയുന്ന ധര്‍മ്മശാസ്താവിലേക്കു ലയിച്ച ഒരു അയ്യപ്പന്‍ ഉണ്ടല്ലോ, അതാരാണ്? ആ അയ്യപ്പന്‍ രാഹുല്‍ ഈശ്വറിന്റെ നെഞ്ചത്തും സന്നിധാനത്തുമായി കുടികൊള്ളുന്നു എന്നാണല്ലോ ഇപ്പോള്‍ വെപ്പ്. അതുകൊണ്ട് അയ്യപ്പനെ ഒന്നു പരിചയപ്പെടാം. നേരത്തേ പറഞ്ഞു, അയ്യന്‍ ബൗദ്ധസംബോധനയാണ് എന്ന്. എന്നാല്‍ അതോടൊപ്പം ശബരിമലയിലും സമീപപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അനേകം തദ്ദേശീയമിത്തുകളുണ്ട്. പന്തളം രാജാവിന്റെ സൈന്യത്തിലോ നായാട്ടുസംഘത്തിലോ ഉണ്ടായിരുന്ന ഒരു അയ്യപ്പനേക്കുറിച്ചാണ് ഒരു കഥ. അയാള്‍ ചേകവനെന്നു കഥകളില്‍ വിളിക്കപ്പെടുന്നുണ്ട്. ചേകോനെങ്കില്‍ അയാള്‍ ഈഴവനായിരിക്കും എന്നും കഥയുണ്ട്.
തണ്ണീര്‍മുക്കത്തെ ഒരു കളരിയാശാനില്‍ നിന്ന് ഈഴവപ്പയറ്റു പഠിച്ചവനാണ് അയ്യപ്പനെന്നു പാട്ടുണ്ട്. മറ്റൊരു കഥ ആ ആശാന്റെ മകളായ പൊന്‍കുടിയുമായി അയ്യപ്പന്‍ പ്രണയത്തിലായി എന്നാണ്. സ്വാഭാവികം, കുറ്റം പറയാന്‍ പറ്റില്ല. എരുമേലിയിലെ കോട്ടപ്പടിയില്‍ വെച്ച് വാവരുമായി യുദ്ധമുണ്ടാവുകയും പിന്നീട് സഖ്യം ചെയ്തു സുഹൃത്തുക്കളാവുകയും ചെയ്തത് അയ്യപ്പനീ പൊന്‍കുടിയെ വിട്ടു പോന്നിട്ടാണ്. പൊന്‍കുടി പിന്നീടുവന്നപ്പോള്‍ അയ്യപ്പന്‍ അവളെ സ്വീകരിക്കാതെ ഏതോ കാട്ടിലെ സന്യാസസംഘത്തിലേക്ക് മടക്കിയത്രേ. അപ്പോഴേക്കും സര്‍വ്വസംഗപരിത്യാഗിയായ അയ്യപ്പന്‍ ആയിക്കഴിഞ്ഞു.
പൊന്‍കുടിയെ അയ്യപ്പന്‍ തേച്ചതിന്റെ സ്മരണയാണ് മകരവിളക്ക് എന്ന കാട്ടിലെ ദീപം തെളിയിക്കല്‍ എന്നാണ് ഒരു മിത്ത്. ഇതൊക്കെ എത്രയോ കാലമായി ആദിവാസികളില്‍ ഉള്ള കഥകളാണ്. അവര്‍ക്കെല്ലാം ഈ മകരവിളക്കായി കത്തുന്നത് കാട്ടിലെ തീക്കത്തിക്കലാണ് എന്നു പണ്ടേ അറിയുകയും ചെയ്യാം. ശാസ്ത്രവിഷയങ്ങളില്‍ പിജിയും പി എച്ച് ഡിയുമായി ഇവിടുന്നു പോയും വിഡ്ഡിപ്പെട്ടി തുറന്നും മകരവിളക്കു കണ്ട് ശരണമയ്യപ്പാ എന്നു കാറിയവര്‍ക്കേ മകരവിളക്കിന്റെ അത്ഭുതത്തില്‍ രോമാഞ്ചമുണ്ടായിരുന്നുള്ളൂ എന്നര്‍ത്ഥം.
• അപ്പോള്‍, അയ്യപ്പന്‍ ഒരു കാനനമിത്ത് കൂടിയാണെന്നു കാണണം. മലയരയന്മാരുടെ ദൈവതമായിരുന്നു അയ്യപ്പന്‍. അവരുടെ ആരാധനാലയമായിത്തന്നെയാണ് അവരെന്നും ശബരിമലക്ഷേത്രത്തെ കണ്ടതും. അവരുടെ വനജീവിതത്തില്‍ ഇത്തരം നായാട്ടുദൈവങ്ങള്‍ ആവശ്യമായിരുന്നു. പുത്തനെ അയ്യപ്പനാക്കി കാണുന്ന, അഹിംസയില്‍ തന്നെ നായാട്ടിനെ ആരോപിക്കുന്ന ഒരു വിചിത്രസംയോഗം.
• ഈ സകലചരിത്രത്തേയുമാണ് ശബരിമല കയ്യേറിയ ബ്രാഹ്മണമതം മായ്ച്ചുകളയാന്‍ പണിപ്പെട്ടത്, ഇപ്പോഴും പണിപ്പെടുന്നത്. ഇപ്പോഴാവശ്യമുള്ള സംഘശക്തിക്കായി മറിച്ചുപറയുമെങ്കിലും അനേകകാലമായി തന്ത്രസമൂഹത്തിന്റെയും ദേവപ്രശ്‌നങ്ങളുടെയും ഉദ്ദേശം ശബരിമലയില്‍ നിലനില്‍ക്കുന്ന, മായ്ച്ചുകളയാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാത്ത ബൗദ്ധ ആദിവാസി പാരമ്പര്യങ്ങളെ മായ്ച്ചുകളയുക എന്നതാണ്. അതിന്റെ തലക്കേറ്റ അടിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനവിധി. എത്രയോ കാലം നീണ്ട, പടിപടിയായി നടപ്പിലാക്കപ്പെട്ട ബ്രാഹ്മണമതത്തിന്റെ കര്‍മ്മപരിപാടിയെ ഒറ്റയടിക്ക് തകര്‍ക്കുന്ന ഈ വിധിക്കെതിരെ വരുന്ന ആക്രോശം ആ അര്‍ത്ഥത്തില്‍ സ്വാഭാവികമാണ്.
• ആദ്യമേ സൂചിപ്പിച്ചപോലെ, എത്രയോ ആചാരങ്ങള്‍ ശബരിമലയുടെ ആദിവാസിബന്ധവുമായി ചേര്‍ന്നു നിലനിന്നിരുന്നു. അവ ക്രമേണയാണ് മായ്ച്ചുകളയപ്പെട്ടത്. ഒരു ഉദാഹരണം മാത്രം തല്‍ക്കാലം പറയാം. അഞ്ചുപത്തു കൊല്ലം മുമ്പു വരെ ശബരിമലയിലെ തേനഭിഷേകം നടത്തിയിരുന്നത് ആദിവാസികളാണ്. വ്രതമെടുക്കുന്ന ആദിവാസികള്‍ കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കും. മൂപ്പനും പരിവാരങ്ങളും ആഘോഷമായി പ്രത്യേക ദിവസം ശബരിമലയിലെത്തും. അപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയുമടക്കം ശ്രീകോവിലില്‍ നിന്ന് മാറി നില്‍ക്കും! മൂപ്പന്‍ അകത്തു കടന്ന് അയ്യപ്പന്റെ വിഗ്രഹത്തില്‍ തേന് അഭിഷേകിക്കും. അഭിഷേകസമയത്ത് മൂപ്പന്റെ മകനും അകത്തുകയറും. ഏതാണ്ട് പതിനഞ്ചുവര്‍ഷം മുന്‍പുപോലും ഉണ്ടായിരുന്ന “ആചാരം” പെട്ടെന്നൊരു ദിവസം മാറ്റി.
തേനുമായി ആദിവാസികളെത്തിയാല്‍ ശ്രീകോവിലിനുള്ളില്‍ കടത്താതായി. തന്ത്രിയും മേല്‍ശാന്തിയും കൊടിമരച്ചുവട്ടില്‍ വെച്ചത് സ്വീകരിച്ച് ഉള്ളിലേക്കാനയിച്ച് അഭിഷേകം നടത്തും. അതായത്, ബ്രാഹ്മണമതം എത്ര കഴുകിക്കളഞ്ഞിട്ടും മാഞ്ഞുപോകാത്ത ചരിത്രത്തിന്റെ പാടുകള്‍ അടുത്തകാലം വരെയും ശേഷിച്ചിരുന്ന ക്ഷേത്രമാണ് ശബരിമല.
• മറ്റൊരാചാരം അയ്യപ്പനെ ഈഴവപ്പയറ്റ് പഠിപ്പിച്ചുവെന്നു പറയുന്ന തണ്ണീര്‍മുക്കത്തെ ഈഴവകുടുംബത്തിനുണ്ടായിരുന്ന വെടിവഴിപാടിന്റെ അവകാശമായിരുന്നു. ഇന്നവര്‍ക്ക് അതില്ല എന്നാണറിവ്. ബ്രാഹ്മണ്യം അതും പിടിച്ചുവാങ്ങി.
ഇനിയും പറയാനുണ്ട്, തല്‍ക്കാലം നിര്‍ത്താം. ആചാരങ്ങളുടെ കാര്യം ഇത്രയും ശ്രദ്ധിച്ചുവായിച്ചിട്ടുണ്ട് നിങ്ങളെങ്കില്‍ വ്യക്തമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആചാരമാണ് ദൈവതമെന്ന വാദം ബ്രാഹ്മണ്യം കൊണ്ടുവന്നതാണ്. ആചാരത്തിന്റെ സംരക്ഷണം എന്നുപറമ്പോള്‍ ബ്രാഹ്മണമതം എന്നും ഉദ്ദേശിക്കുന്നത് തങ്ങളുടെ താല്പര്യങ്ങളുടെ സംരക്ഷണം എന്നുമാത്രമാണ്. അവയുടെ തലയില്‍ കിട്ടിയ അടിയായിട്ടാണ് ഈ സ്ത്രീപ്രവേശനവിധിയെ അവര്‍ കാണുന്നത്. കയ്യിലുള്ള അവസാനത്തെ കച്ചിത്തുരുമ്പായാണ് അവര്‍ ആചാരാനുഷ്ഠാനസംരക്ഷണവാദത്തെ കാണുന്നത്. അതെത്രമേല്‍ ദുര്‍ബലവും അപഹാസ്യവുമാണ് എന്നാണ് ചരിത്രബോദ്ധ്യങ്ങളോടെ നാമവരോട് തിരിച്ചു പറയേണ്ടത്.
അപ്പോള്‍,
മച്ചകത്തമ്മയെ കാല്‍തൊട്ടുവന്ദിച്ചു മകളേ തുടങ്ങു നിന്‍ യാത്ര :)
പൂര്‍ണപുഷ്‌കലകള്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. :)
( വേണെങ്കീ മതി. എനിക്കൊരു നിര്‍ബന്ധവുമില്ല. ഏതായാലും ഞാനില്ല. )