| Tuesday, 2nd May 2023, 4:37 pm

ബ്രഹ്മാണ്ഡ മലയാളം സ്‌പൈ സിനിമ - അണ്ടര്‍ കവര്‍ ഏജന്റ്.

ഫാറൂഖ്

പാര്‍ട്ട് -1

രംഗം 1 :മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ ഒരു ഫുള്‍ ബോട്ടില്‍ ബകാര്‍ഡിയും വച്ച് അനന്തതയിലേക്ക് നോക്കിയിരിക്കുകയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. രാജ്യത്തിന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഏറ്റവും മിടുക്കരെ ചേര്‍ത്ത് മുമ്പ് നാസിറുദ്ധീന്‍ ഷായുടെ കഥാപാത്രം ( ഇനിയങ്ങോട്ട് നടന്മാരുടെ പേരെ പറയുന്നുള്ളൂ, സ്ഥലം ലഭിക്കാന്‍ കഥാപാത്രം ഒഴിവാക്കുകയാണ് ) ഉണ്ടാക്കിയ അതീവ രഹസ്യ സംഘത്തിലെ മിടുമിടുക്കനായ അണ്ടര്‍ കവര്‍ ഏജന്റായിരുന്നു മോഹന്‍ലാല്‍. ഗണ്‍സ് ആന്‍ഡ് റോസസ് എന്നായിരുന്നു ആ വിങ്ങിന്റെ പേര്.

കുവൈറ്റ് സദ്ദാം ഹുസൈന്‍ പിടിച്ചപ്പോള്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഗണ്‍സ് ആന്‍ഡ് റോസസ്. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചു വരിവരിയായി നടത്തി കൊണ്ട് വരുമ്പോള്‍ സദ്ദാം ഹുസ്സൈന്റെ സ്‌കഡ് മിസൈല്‍ പതിച്ചു മോഹന്‍ലാലിന്റെ സുഹൃത്തായ ബിജു മേനോന്‍ മരിച്ചു. ആ രക്തസാക്ഷിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പല കാരണങ്ങള്‍ പറഞ്ഞു നഷ്ടപരിഹാരം കൊടുത്തില്ല. ആ കാരണത്താല്‍ ഡിപ്രഷന് അടിമപ്പെട്ട മോഹന്‍ലാല്‍ ഇരുപതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടില്‍ ദിവസവും വന്ന് അനന്തതയിലേക്ക് നോക്കി വെള്ളമടിച്ചിരിക്കും. അവിടേക്കാണ് ലാലു അലക്‌സ് കടന്നു വരുന്നത്.

ഗണ്‍സ് ആന്‍ഡ് റോസസില്‍ മോഹന്‍ലാലിന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു ലാലു അലക്‌സ്. അവരുടെ അന്നത്തെ സീനിയര്‍ നാസിറുദ്ധീന്‍ ഷാ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനാണ്. അദ്ദേഹം പറഞ്ഞയച്ചിട്ടാണ് ലാലു അലക്‌സ് വന്നിരിക്കുന്നത്. രാജ്യത്തിന് മോഹന്‍ലാലിന്റെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു, എല്ലാം മറന്ന് മോഹന്‍ലാല്‍ വളരെ പ്രധാനപ്പെട്ട ഒരു മിഷന്‍ ഏറ്റെടുക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ അത്തരം ഒരു മിഷന്‍ ഏറ്റെടുക്കാന്‍ മോഹന്‍ലാലെ ഉള്ളൂ എന്ന് ഏജന്‍സിയിലെ മുഴുവന്‍ പേരും ഒരേ പോലെ വിശ്വസിക്കുന്നുണ്ട്.

മോഹന്‍ലാല്‍: എന്ത് മിഷന്‍.
ലാലു അലക്‌സ്: അതൊരു നീണ്ട കഥയാണ്.
മോഹന്‍ലാല്‍:ചുരുക്കി പറയൂ.

ലാലുഅലക്‌സ് കഥ പറഞ്ഞു തുടങ്ങി.

രംഗം 2 : ഫ്‌ളാഷ് ബാക്ക്
പാരിസിലെ ചാംപ്‌സ് എലീസേ സ്ട്രീറ്റിലെ പ്രശസ്തമായ കഫേ ലാറ്ററലില്‍ ഇരുന്നു കപ്പച്ചിനോ കുടിച്ചു കൊണ്ടിരിക്കുകയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും തുര്‍ക്കിയുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍. സ്റ്റുഡിയോയില്‍ ഗ്രീന്‍ കര്‍ട്ടന്‍ വച്ച് ഷൂട്ട് ചെയ്തതിനാല്‍ പിറകില്‍ ഈഫല്‍ ടവര്‍ വ്യക്തമായി കാണാം. ഫോര്‍ട്ട് കൊച്ചിയില്‍ കഞ്ചാവടിച്ചു നടക്കുന്ന മൂന്നു സായിപ്പന്മാരാണ് ഈ രംഗത്ത് അഭിനയിക്കുന്നത്.

അമേരിക്കക്കാരന്‍: ഈര്‍ച്ചവാളിന്റെ ഇടയില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥായിലാണ് അഫ്ഗാനില്‍ ഞങ്ങളുടെ അവസ്ഥ. ഒന്ന് സഹായിക്കാമോ.

ഇസ്രായേലുകാരനും തുര്‍ക്കിക്കാരനും മുഖത്തോട് മുഖം നോക്കി, ‘ഞങ്ങളെന്തു സഹായിക്കാന്‍’?

അമേരിയ്ക്കക്കാരന്‍: കുറച്ചു അണ്ടര്‍ കവറുകാരെ അത്യാവശ്യമായി വേണം.
തുര്‍ക്കിക്കാരന്‍: അമേരിക്കയിലൊന്നും അണ്ടര്‍ കവറുകരെ കിട്ടാനില്ലേ ?. ഹോളിവുഡ് സിനിമയില്‍ മൊത്തം അണ്ടര്‍ കവറാണല്ലോ.

അമേരിയ്ക്കക്കാരന്‍: അതൊക്കെ ക്യാമറ ട്രിക്കല്ലേ. ഞങ്ങളുടെ വെളുവെളാ വെളുത്തിരിക്കുന്ന സായിപ്പന്മാരെ മതം മാറ്റി അഫ്ഗാനില്‍ വിടുന്ന ട്രിക്കൊക്കെ അവര്‍ക്ക് മനസ്സിലായി. ഇപ്പോള്‍ അമേരിക്കന്‍ അണ്ടര്‍ കവറുകാരെ ഒരു കിലോമീറ്റര്‍ ദൂരെ കണ്ടാല്‍ അഫ്ഗാനികള്‍ വെടി വക്കും. നിങ്ങള്‍ക്ക് കുറച്ചു അണ്ടര്‍ കവറുകാരെ കടം തരാന്‍ പറ്റുവോ.
ഇസ്രായേലുകാരന്‍: ഞങ്ങളുടെ അണ്ടര്‍ കവറുകരൊക്കെ ഫുള്‍ ബുക്ഡ് ആണ്. ഗാസ, വെസ്റ്റ്ബാങ്ക്, ഈജിപ്ത്, ലബനോന്‍, വാഷിംഗ്ടണ്‍, ബീജിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ ഞങ്ങളുടെ അണ്ടര്‍ കവറുകാരെ മുട്ടിയിട്ടു മനുഷ്യന് വഴി നടക്കാനാകുന്നില്ല . ഇനിയും അണ്ടര്‍ കവറുകാരെ റിക്രൂട്ട് ചെയ്താല്‍ ഇസ്രായേലില്‍ വേറെ ജോലിക്ക് ആളുണ്ടാകില്ല.

അമേരിക്കക്കാരന്‍ ദയനീയമായി തുര്‍ക്കിക്കാരനെ നോക്കുന്നു.

തുര്‍ക്കിക്കാരന്‍: ഞങ്ങളുടെ മൊത്തം ടീമും സിറിയയില്‍ ബിസിയാണ്.
ഇസ്രായേലുകാരന്‍: ഐഡിയ ! നമുക്ക് ഇന്ത്യക്കാരെ ഇറക്കാം.
തുര്‍ക്കിക്കാരന്‍: അവര്‍ അണ്ടര്‍ കവര്‍ ജോലിയും ചെയ്യുമോ.
ഇസ്രായേലുകാരന്‍: നാട് വിട്ടാല്‍ അവരെന്തു ജോലിയും ചെയ്യും.

അമേരിക്കക്കാരന്‍ ഉടനെ നാസിറുദ്ധീന്‍ ഷായെ വിളിച്ചു കുറെ നേരം സംസാരിക്കുന്നു. അനന്തരം തള്ളവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നു – ഡണ്‍.

രംഗം 3: നാസിറുദ്ധീന്‍ ഷാ ലാലു അലക്‌സിനെ വിളിപ്പിക്കുന്നു. മലയാളത്തിലാണ് ഷാ സംസാരിക്കുക. പണ്ട് പാലക്കാട് കലക്ടറായി അഞ്ചാറു മാസം ഉണ്ടായിരുന്നു. അന്ന് പഠിച്ചതാണ്. അത് കൊണ്ട് സബ് ടൈറ്റില്‍ വേണ്ട.

ഷാ: നമുക്ക് അര്‍ജന്റായിട്ട് അഞ്ചാറ് അണ്ടര്‍ കവറുകാരെ വേണം.
ലാലു അലക്‌സ്: എന്ത് പറ്റി സാര്‍ പെട്ടെന്ന്.
ഷാ: താലിബാന്‍കാര്‍ എവിടെയെന്നറിയാന്‍ അമേരിക്കക്കാര്‍ക്ക് ഒരു മാര്‍ഗവുമില്ല. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തില്‍ മലയിടുക്കുകളില്‍ പട്ടാണികള്‍ ഒളിച്ചിരിക്കുകയാണ്. അമേരിക്കക്കാരെ എവിടെ കണ്ടാലും വെടിയാണ്. ഡ്രോണോ മിസൈലോ വിടാമെന്ന് വച്ചാല്‍ എങ്ങോട്ടെന്ന് വച്ചാണ് വിടുന്നത്.

ലാലു അലക്‌സ്: അതിന്
ഷാ: കുറച്ചു അണ്ടര്‍ കവറുകാര്‍ ഉണ്ടായിരുന്നെങ്കില്‍ പട്ടാണികളുടെ നടുവില്‍ നുഴഞ്ഞു കയറി സ്ഥലം കണ്ടു പിടിക്കാമായിരുന്നു.
ലാലു അലക്‌സ്: അമേരിക്കക്കാര്‍ക്ക് അണ്ടര്‍ കവറുകാരൊന്നുമില്ലേ ?
ഷാ: കുറെ സായിപ്പന്മാര്‍ മതം മാറിയെന്നും പറഞ്ഞു അവിടെയൊക്കെ അണ്ടര്‍ കവര്‍ പണി ചെയ്തിരുന്നു. പട്ടാണികള്‍ക്ക് കാര്യം മനസ്സിലായതോടെ എല്ലാത്തിനെയും വെടിവച്ചു കൊന്നു.

ലാലു അലക്‌സ്: കഷ്ടം. മര്യാദക്ക് അണ്ടര്‍ കവര്‍ ജോലി ചെയ്തു ജീവിക്കാമെന്ന് വച്ചാല്‍ ഈ തീവ്രവാദികള്‍ സമ്മതിക്കില്ല. ദുഷ്ടന്മാര്‍.
ഷാ: ഇപ്പോള്‍ നമ്മളോട് അമേരിക്കക്കാര്‍ കടം ചോദിച്ചിരിക്കുകയാണ്, മൂന്നാലാളെയെങ്കിലും അയച്ചില്ലെങ്കില്‍ മോശമാണ്.
ലാലു അലക്‌സ്: ഞാനൊന്നു തപ്പട്ടെ. കേരളത്തില്‍ കിട്ടുമായിരിക്കും. മലയാളികള്‍ നാട്ടില്‍ പണിയൊന്നും ചെയ്യില്ലെങ്കിലും പുറത്തു പോയാല്‍ എന്ത് ജോലിയും ചെയ്യും.
ഷാ: ശരി. നീ കേരളത്തില്‍ പോയെന്നു തപ്പ്. പെട്ടെന്ന് വേണം.

രംഗം 4: കേരളത്തിലെത്തിയ ലാലു അലക്‌സ് ബ്രോക്കര്‍ പണിയുമായി നടക്കുന്ന രാജുവിനെ ദൗത്യം ഏല്‍പ്പിക്കുന്നു. നൂറു രൂപ കൂലിക്ക് ബിവറേജില്‍ ക്യൂ നിന്ന് മാന്യന്മാര്‍ക്ക് കുപ്പി വാങ്ങികൊടുക്കുന്ന രണ്ടു പേരെ രാജു തോപ്പിന്‍പടിയില്‍ വച്ച് കണ്ടു മുട്ടുന്നു. ടോവിനോ, ഷൈന്‍ ടോം ചാക്കോ.

രാജു: നിനക്കൊക്കെ നാണമുണ്ടോടെ ഈ പണി ചെയ്യാന്‍ ?
ടോവിനോ: പിന്നെ വേറെന്തു പണിയാണ് ഇവിടെ കിട്ടാന്‍.
രാജു: നിനക്കൊക്കെ വിദേശത്തു പോണോ ?
ഷൈന്‍ ടോം ചാക്കോ: ദുബായിലേക്കാണോ, എങ്ങനെയെങ്കിലും ഒരു വിസ ശരിയാക്കിത്താ ചേട്ടാ.
രാജു: ദുബൈയിലേക്കല്ല. അതിനടുത്തായിട്ടു വരും.
ടോവിനോ: പിന്നെവിടെ, മസ്‌കറ്റിലാണോ.
രാജു: അല്ല, അഫ്ഗാനിസ്ഥാനില്‍.
ഷൈന്‍ ടോം ചാക്കോ: അവിടെ ഞങ്ങളെന്ത് പണി ചെയ്യാന്‍
രാജു: അണ്ടര്‍ കവര്‍ പണി.
ടോവിനോ: അതെന്ത് പണി
രാജു: അതൊക്കെ സാര്‍ പറയും. രണ്ടുമൂന്ന് ആള് കൂടി വേണം.
ടോവിനോ: എന്റെ കാമുകി ഒരു മഞ്ജു വാര്യരുണ്ട് മതിയോ. ഇപ്പൊ തൊഴിലുറപ്പിനു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
രാജു: മതി.

എല്ലാവരും ചേര്‍ന്ന് മഞ്ജു വാര്യരെ കാണാന്‍ പോകുന്നു.

ടോവിനോ: എനിക്ക് വിദേശത്തൊരു ജോലി ശരിയായിട്ടുണ്ട്. ഈ സാറാണ് ശരിയാക്കി തന്നത്. നിനക്ക് വേണമെങ്കിലും ഈ സാര്‍ ശരിയാക്കി തരും.
രാജു: കറക്ട്. മോള്‍ക്ക് ജോലി വേണോ?
മഞ്ജു വാര്യര്‍: എന്ത് ജോലി ?
രാജു: അണ്ടര്‍ കവര്‍ ജോലി.
മഞ്ജു വാര്യര്‍: താന്‍ തോന്ന്യാസം പറയരുത്.
രാജു: സിസ്റ്റര്‍ തെറ്റിദ്ധരിച്ചതാണ്. ഇതതല്ല. സാര്‍ വിശദമായി പറയും.

എല്ലാവരും ചേര്‍ന്ന് ലാലു അലക്‌സിനെ കാണുന്നു.

ലാലു അലക്‌സ്: അണ്ടര്‍ കവര്‍ പണി എന്താണെന്നറിയോ.
മഞ്ജു വാര്യര്‍: ഇല്ല സാര്‍.
ലാലു അലക്‌സ്: വല്യ പണിയൊന്നുമില്ല. ആളുകള്‍ പറയുന്നത് ഒളിച്ചു നിന്ന് കേള്‍ക്കണം. അവിടെ കേട്ട കാര്യം ഞങ്ങളുടെ ആള്‍ക്കാരെ കാണുമ്പോള്‍ അവരോട് പറയണം.
മഞ്ജു വാര്യര്‍: അത്രയേയുള്ളൂ, അത് ഞങ്ങള്‍ ദിവസവും ചെയ്യുന്നതല്ലേ. തൊഴിലുറപ്പിനു വരുന്ന എന്റെ രണ്ടു കൂട്ടുകാരികളുണ്ട്. അണ്ടര്‍ കവറില്‍ എക്‌സ്‌പെര്‍ട്ടാണ്. അവര്‍ക്കും വിസ കൊടുക്കുമോ സാറേ.
ലാലു അലക്‌സ്: നിങ്ങള്‍ അവിടെ പോയിട്ട് അവര്‍ക്കുള്ള വിസ അയക്കാം. അവിടെ അണ്ടര്‍ കവര്‍ ജോലിക്ക് സ്‌കോപ്പാ, പേടിക്കേണ്ട.

ടോവിനോ: പോകുന്നതിന് മുമ്പേ ഞങ്ങളെന്താണ് ചെയ്യേണ്ടത്.
ലാലു അലക്‌സ്: ചെറുതായിട്ട് ഒന്ന് മതം മരണം. ഇല്ലെങ്കില്‍ താലിബാന്‍കാര്‍ അടുപ്പിക്കില്ല.
ടോവിനോ: അത് വേണോ. ഈ തീവ്രവാദികളൊക്കെ ഇങ്ങനെ വര്‍ഗീയവാദികളായാല്‍ എന്ത് ചെയ്യാനാണ്.
ലാലു അലക്‌സ്: വേണം. ഇനി മുതല്‍ നിന്റെ പേര് വീരാന്‍ കുട്ടി, ഇവന്റെ പേര് അന്ത്രുമാന്‍. ഇവളുടെ പേര് കദീശ.
ഷൈന്‍ ടോം ചാക്കോ: നല്ല ബെസ്റ്റ് പേര്.
ലാലു അലക്‌സ്: എന്റെ ലിസ്റ്റില്‍ നല്ലൊരു മൗലവിയുണ്ട്, അയാളെ കണ്ടാല്‍ മതി, അയാള്‍ നിങ്ങളെ മതം മാറ്റിക്കോളും.

രംഗം  5: എല്ലാവരും ചേര്‍ന്ന് മൗലവിയെ കാണുന്നു. സുരാജ് വെഞ്ഞാറമ്മൂടാണ് മൗലവി.

രാജു: സാറ് വിളിച്ചിരുന്നില്ലേ, ഇവരെയാണ് മതം മാറ്റേണ്ടത്.
സുരാജ്: വിളിച്ചിരുന്നു. ഇപ്പൊ ശരിയാക്കാം. ഞാന്‍ പറയുമ്പോലെ എല്ലാവരും ഏറ്റു പറയണം. അശ്ഹദു .
എല്ലാവരും: അശ്ഹദു.
സുരാജ്: അല്ലാഹിലാഹ ഇല്ലള്ള
എല്ലാവരും: അല്ലാഹിലാഹ ഇല്ലള്ള
സുരാജ്: വ അശ്ഹദു
എല്ലാവരും: വ അശ്ഹദു
സുരാജ്: അന്ന മുഹമ്മദും റസൂലുള്ള
എല്ലാവരും: അന്ന മുഹമ്മദും റസൂലുള്ള
സുരാജ്: മതി, എല്ലാവരും മുസ്ലിമായി. ഇനി ധൈര്യമായി എല്ലാവരും കാബൂളിലേക്ക് വിട്ടോളൂ.

പിറ്റേന്ന് രാവിലെ എല്ലാവരും രാജധാനി എക്പ്രസ്സില്‍ ഡല്‍ഹിക്ക് വിടുന്നു. കാബൂളിലെ പാലം പണിക്ക് കോണ്‍ട്രാക്ട് എടുത്ത ഒരു കമ്പനിയിലെ പണിക്കാരായി വേഷം മാറി എല്ലാവരും അഫ്ഘാനിലെത്തുന്നു. അവിടുന്ന് മുങ്ങി താലിബാന്‍കാരെ കണ്ടെത്തുന്നു. മണ്ടന്മാരായ താലിബാന്‍കാര്‍ ഇന്ത്യയില്‍ നിന്ന് വന്ന പുതുമുസ്‌ലിങ്ങളെ റൊട്ടിയും ദാലും കൊടുത്തു സല്‍ക്കരിക്കുന്നു. മാസങ്ങള്‍ അങ്ങനെ പോകുന്നു.

രംഗം 6: നവാസുദ്ധീന്‍ സിദ്ദിഖി ( കാമിയോ അപ്പിയറന്‍സ് ) കാബൂളില്‍ നിന്ന് കേരളത്തിലെത്തി താലിബാന് വേണ്ടി ചാരപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഐ.എസ്.ഐ യുടെ പേയ്‌റോളിലാണ് നവാസുദ്ധീന്‍ സിദ്ദിഖി. കുട നന്നാക്കുന്ന ഒരു ഉത്തരേന്ത്യക്കാരനായിട്ടാണ് അയാളുടെ നടപ്പ്. അങ്ങനെ കുട നന്നാക്കാന്‍ ഒരു വീട്ടില്‍ കയറിയപ്പോള്‍ ടെലിവിഷനില്‍ ഒരു ചര്‍ച്ച, പതിനായിരക്കണക്കിന് മലയാളി പെണ്‍കുട്ടികള്‍ മതം മാറി അഫ്ഗാനില്‍ പോയിട്ടുണ്ടെന്ന് ഒരാള്‍ ടി.വിയിലിരുന്ന് പറയുന്നു. നവാസുദ്ധീന്‍ സിദ്ദിഖി ഞെട്ടി. ഓടിപ്പോയി ഒരു മരത്തിന്റെ മറവില്‍ നിന്ന് തന്റെ തുണിസഞ്ചിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന സാറ്റലൈറ്റ് ഫോണ്‍ പുറത്തെടുത്തു കാബൂളിലേക്ക് വിളിക്കുന്നു.

നവാസുദ്ധീന്‍ സിദ്ദിഖി: ഹാലോ, കഞ്ചാവുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍. മറു-കോഡ് പറയൂ. ഓവര്‍
അപ്പുറത്തു നിന്ന്: തീപ്പെട്ടിയുണ്ടോ സഖാവെ കഞ്ചാവെടുക്കാന്‍. മറു കോഡ് കറക്റ്റല്ലേ. ഓവര്‍
നവാസുദ്ധീന്‍ സിദ്ദിഖി: മറു കോഡ് ഒക്കെ. ഭീകരവാദവും കഞ്ചാവ് കൃഷിയുമൊക്കെ എങ്ങനെ പോകുന്നു. ഓവര്‍
അപ്പുറത്തു നിന്ന്: സൂപ്പറായിട്ട് പോകുന്നു. ഓവര്‍

നവാസുദ്ധീന്‍ സിദ്ദിഖി: ഈയടുത്തായി പതിനായിരം മലയാളി പെണ്‍കുട്ടികള്‍ അവിടെയെത്തിയിട്ടുണ്ടോ. ഓവര്‍
അപ്പുറത്തു നിന്ന്: നിന്റെ തലക്ക് ഓളമുണ്ടോ. പതിനായിരം മലയാളികള്‍ ഇവിടെ വന്നാല്‍ ഇവിടെ മൊത്തം ട്രാഫിക് ബ്ലോക്ക് ആവില്ലേ. ഓവര്‍
നവാസുദ്ധീന്‍ സിദ്ദിഖി: ഇവിടെ ടീവി യിലൊക്കെ അങ്ങനെ പറയുന്നു. ഓവര്‍
അപ്പുറത്ത് നിന്ന്: പതിനായിരം പേര്‍ക്ക് റൊട്ടിയും ദാലും കൊടുക്കാനുള്ള കാശ് നിന്റെ ബാപ്പ തരുമോ.. വച്ചിട്ട് പോടെ. ഓവര്‍.
നവാസുദ്ധീന്‍ സിദ്ദിഖി: അങ്ങനെ തള്ളി കളയരുത്. ഇവിടുത്തെ വലിയ വലിയ ആളുകളൊക്കെ ടീവിയില്‍ പറയുന്നത് ഞാന്‍ കേട്ടതാണ്. ഓവര്‍
അപ്പുറത്ത് നിന്ന്: ശരി, ഞാനൊന്ന് തപ്പട്ടെ. ഖുദാ ഹാഫിസ്. ഓവര്‍
നവാസുദ്ധീന്‍ സിദ്ദിഖി: ഖുദാ ഹാഫിസ് .ഓവര്‍

നവാസുദ്ധീന്‍ സിദ്ദിഖി ഉടനെ നസീറുദിന്‍ ഷായെ വിളിച്ചു കാര്യം പറയുന്നു. ട്വിസ്റ്റ്. നവാസുദ്ധീന്‍ സിദ്ദിഖി ഡബിള്‍ ഏജന്റാണ്. രണ്ടു രാജ്യത്തിന് വേണ്ടിയും പണിയെടുക്കുന്നുണ്ട്.

രണ്ടു ദിവസം കഴിഞ്ഞു നസീറുദിന്‍ ഷാ ലാലു അലെക്‌സിനെ വിളിക്കുന്നു.

ഷാ: നിങ്ങള്‍ മലയാളികള്‍ ഭയങ്കര അലമ്പാണല്ലോടെയ്.
ലാലു അലക്‌സ്: എന്ത് പറ്റി സാര്‍.
ഷാ: കേരളത്തിലോ ജോലിയില്ല. എന്നാല്‍ മലയാളികള്‍ വല്ല അഫ്ഘാനിലും പോയി അണ്ടര്‍ കവര്‍ ജോലി ചെയ്തു കാശുണ്ടാക്കാമെന്ന് വച്ചാല്‍ നിങ്ങള്‍ വിവാദമുണ്ടാക്കി അവരെ കുടുക്കും.
ലാലു അലക്‌സ്: ചര്‍ച്ചകളൊക്കെ ഞാനും കേള്‍ക്കുന്നുണ്ട്. അണ്ടര്‍ കവര്‍ എന്താണെന്നറിയാത്ത ബ്ലഡി മലയാളീസാണ് സാര്‍ പ്രശ്‌നക്കാര്‍. കോടാലിയാകുമോ സാര്‍.
ഷാ: കോടാലിയായി. ചപ്പാത്തി തിന്നാതെ ചോറ് തിന്നുന്നവരെ എവിടെ കണ്ടാലും പൊക്കാന്‍ താലിബാന്റെ ഉത്തരവുണ്ട് . പരീക്കുട്ടിയുടെയും അന്ത്രുമാന്റെയും വിവരമൊന്നുമില്ല. കാദീശയെ ജയിലിലിട്ടെന്നാ വിവരം.

ഫ്‌ളാഷ്ബാക്ക്‌ കഴിഞ്ഞു.

മോഹല്‍ലാല്‍: ഇതില്‍ ഞാനെന്തു ചെയ്യണം.
ലാലു അലക്‌സ്: താനൊന്നു കൂടി അണ്ടര്‍ കവര്‍ പോയി അവരെ രക്ഷിച്ചു കൊണ്ട് വരണം.
മോഹന്‍ലാല്‍: ചുമ്മാതിരിയേടെയ്. എന്നെ കണ്ടാല്‍ ഇപ്പൊ കുട്ടികള്‍ക്ക് വരെ ഞാന്‍ അണ്ടര്‍ കവറാണെന്ന് മനസ്സിലാകും. അത് പോലത്തെ സിനിമയല്ലേ മലയാളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അതൊന്നും നടക്കില്ല.
ലാലു അലക്‌സ്: അങ്ങനെ പറയരുത്. ലോകത്ത് തന്നെ അണ്ടര്‍ കവറാകാന്‍ താന്‍ കഴിഞ്ഞിട്ടേ ആളുള്ളൂ. മലയാളം സിനിമയൊന്നും പട്ടാണികള്‍ കാണാറില്ല.
മോഹന്‍ലാല്‍: ശരി. എന്തൊക്കെയാ പ്ലാന്‍.
ലാലു അലക്‌സ്: ഷാ സാര്‍ പറയും.

പാര്‍ട്ട് -2 :മിഷന്‍ കാബൂള്‍, റിലീസ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും….

content highlights: Brahmanda Malayalam Spy Movie – Undercover Agent. | Farooq writes about those who left Kerala for terrorist organizations

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more