| Monday, 24th June 2019, 1:07 pm

കര്‍ഷകരും തൊഴിലാളികളും സൃഷ്ടിച്ച വിപ്ലവം- ഒരു ബ്രഹ്മഗിരി മാതൃക

ഹരിമോഹന്‍

സമയമുണ്ടെങ്കില്‍ വയനാട്ടിലെ നെൻമേനി പഞ്ചായത്തിലെ മഞ്ഞാടി എന്ന ഗ്രാമം വരെ ഒന്നു പോകണം. അവിടെയൊരു ജനകീയ മുന്നേറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വ്യവസായവത്കരണത്തിന്റെ നിര്‍വചനങ്ങളെ തിരുത്തിക്കുറിച്ച്, 1999-ലാണ് ഇവിടെ കർഷക സഹകരണ സംഘത്തിന്റെ ജനകീയമായ ഒരു ബദൽ മാതൃക രൂപപ്പെടുന്നത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.

കര്‍ഷകരുടേയും തൊഴിലാളികളുടേയും ഉടമസ്ഥതയില്‍ ആരംഭിച്ച ഒരു സഹകരണ പ്രസ്ഥാനമാണിത്. വി.എസ്.അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച ആശയമായിരുന്നു അത്. വി.എസ് സർക്കാർ 10 കോടിയും കേന്ദ്രസര്‍ക്കാര്‍ നാലുകോടിയും അനുവദിച്ചപ്പോള്‍, പ്രാരംഭ മൂലധനത്തിലെ ബാക്കി അഞ്ചുകോടി 30 ലക്ഷവും വയനാട്ടിലെ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതാണ്.

ആറുവര്‍ഷം മുന്‍പാണ് ബ്രഹ്മഗിരി മാംസ്യ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നത്. മലബാര്‍ മീറ്റ് എന്ന പേരില്‍.

കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന ഉരുക്കളെ ഇടത്തട്ടുകാരെ ഒഴിവാക്കി സഹകരണ സംഘം സംഭരിക്കുകയും അവയെ മാംസ ഉൽപ്പന്നങ്ങളാക്കി നേരിട്ട് ഔട്ട്ലെറ്റുകൾ വഴി വിപണിയിലെത്തിക്കുകയുമാണ് ഇതിന്റെ പ്രവർത്തന രീതി. ബീഫും ചിക്കനും താറാവും മട്ടനുമടക്കം ദിവസം 45 ടണ്‍ മാംസമാണ് ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നത്. കേരളത്തിലുടനീളമുള്ള ഫാമുകള്‍ കൂടാതെ ഉത്തര്‍പ്രദേശില്‍ ഒരു ഫാമും അവര്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇവിടെനിന്നുണ്ടാകുന്ന മാലിന്യമാകട്ടെ, ആനിമല്‍ ഫീഡാക്കി മാറ്റുന്നുമുണ്ടിവര്‍.

ചാരിറ്റബിൾ സൊസൈറ്റി ആക്ടിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രഹ്മഗിരിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 16.08 കോടി രൂപയാണ്. തൊട്ടു മുമ്പിലുള്ള വർഷത്തെക്കാൾ 80 ശതമാനമാണ് വർധന നിരക്ക്. നോട്ട് നിരോധനം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ സ്തംഭിപ്പിച്ച അതേ വർഷമാണീ വർധനയെന്നതു ശ്രദ്ധിക്കണം. മലബാറില്‍നിന്ന് കൊച്ചിവരെ എത്തിക്കഴിഞ്ഞു ബ്രഹ്മഗിരിയുടെ ഔട്ട് ലെറ്റുകള്‍.

വയനാട്ടിലെ കാർഷിക തകർച്ചയുടെ ശവപ്പറമ്പിൽനിന്നുയർന്നുവന്ന ഈ അതിജീവന പ്രസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന ഉത്തരേന്ത്യന്‍ മണ്ണില്‍ ഒരു മാതൃകയാക്കാവുന്നതാണ്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍