ദമാസ്‌കസ്: സിറിയയില്‍ തുടരുന്ന ആഭ്യന്തരപ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സിറിയ ഒരു പുതിയ സൊമാലിയയാകുമോയെന്ന് താന്‍ ഭയക്കുന്നതായി സിറിയയിലെ യു.എന്‍- അറബ് ലീഗ് പ്രതിനിധി ലഖ്ദര്‍ ബ്രാഹിമി.
സിറിയയില്‍ വിമതസേനയും സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസദിന്റെ സേനയും നാളുകളായി പോരാട്ടത്തിലാണ്. ഇതവസാനിപ്പിച്ചില്ലെങ്കില്‍ സൊമാലിയയിലെ അവസ്ഥ സിറിയയിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രാഹിമി പറഞ്ഞു. []
അല്‍ ഹായത് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രാഹിമി ഇക്കാര്യം പറഞ്ഞത്. 1991 മുതല്‍ സൊമാലിയയില്‍ ഫലപ്രദമായ കേന്ദ്രസര്‍ക്കാറില്ല. ഇതിനിടെ ബാഷര്‍ അസദ് രാജ്യം വിടുന്നത് സിറിയയിലെ ആഭ്യന്തരകലാപം അവസാനിക്കാന്‍ കാരണമാകുമെങ്കില്‍ അതിന് വഴിയൊരുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍
പറഞ്ഞു.
അതേസമയം വിമത സേനയ്‌ക്കെതിരെ സിറിയ രാസായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയ രാസായുധങ്ങള്‍ വിമതസേനയ്ക്ക് നേരേ പ്രയോഗിക്കില്ല. പടിഞ്ഞാറന്‍ ശക്തികള്‍ക്കുനേരേയും രാസായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് ഉറപ്പ് തരണമെന്ന് സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു.
അതേസമയം ഇന്നലെമാത്രം സിറിയയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 10 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ദമാസ്‌കസിന്റെ പ്രാന്തപ്രദേശമായ കുദ്‌സായയിലെ അല്‍ വൊറൊദിലാണ് സംഭവം.
മൂന്ന് സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന വിമതസേനയാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.