2024 യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം. ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറിപ്പട തകര്‍ത്തുവിട്ടത്. ഫ്രഞ്ച് മണ്ണില്‍ നീണ്ട 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഫ്രാന്‍സിനെ കീഴടക്കുന്നത്.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടമാണ് ഫ്രഞ്ച് താരം ബ്രാഡ്ലി ബാര്‍കോള സ്വന്തമാക്കിയത്. മത്സരം തുടങ്ങി 12ാം സെക്കന്റില്‍ തന്നെ ബാര്‍കോള ഫ്രാന്‍സിനായി ഗോള്‍ നേടുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരമായി മാറാനും ബാര്‍കോളക്ക് സാധിച്ചു.
അതേസമയം ബാര്‍കോളയുടെ ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിന് പിന്നീട് മത്സരത്തിലെ തങ്ങളുടെ ആധിപത്യം നഷ്ടമാവുകയായിരുന്നു. 30 മിനിട്ടില്‍ ഫെഡറിക്കോ ഡിമാര്‍ക്കോയിലൂടെ ഇറ്റലി മറുപടി ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരട്ടഗോള്‍ നേടിക്കൊണ്ട് അസൂറിപ്പട മത്സരം വിജയിക്കുകയായിരുന്നു. 50ാം മിനിട്ടില്‍ ഡേവിഡ് ഫ്രാട്ടസിയിലൂടെ ഇറ്റലി രണ്ടാം ഗോള്‍ നേടുകയായിരുന്നു. പിന്നീട് 74ാം മിനിട്ടില്‍ ജിയാകോമോ റാസ്പഡോറിയിലൂടെ ഇറ്റലി മൂന്നാം ഗോളും നേടിയതോടെ ഫ്രാന്‍സ് സ്വന്തം ആരാധകരുടെ മുന്നില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
മത്സരത്തില്‍ 12 ഷോട്ടുകള്‍ ഇറ്റലിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഫ്രാന്‍സിന് മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുള്ളൂ. ഇറ്റലി 11 ഷോട്ടുകളില്‍ ആറെണ്ണവും ഓണ്‍ ടാര്‍ഗെറ്റിലേക്ക് കൃത്യമായി എത്തിച്ചു.
ഈ തകര്‍പ്പന്‍ വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്തെത്താനും ഇറ്റലിക്ക് സാധിച്ചു. സെപ്റ്റംബര്‍ പത്തിന് ഇസ്രഈലിനെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. അതേസമയം തോല്‍വിയോടെ ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ് ഫ്രഞ്ച് പട. സെപ്റ്റംബര്‍ പത്തിന് തന്നെ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയമാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ബെല്‍ജിയം ഇസ്രഈലിനെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകകളാണ് ബെല്‍ജിയം ജയിച്ചുകയറിയത്. ബെൽജിയത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്ന്‍ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്.
Content Highlight: Bradly Barcola Create a New Record in France Football