വിക്കിലീക്‌സിന് രേഖകള്‍ നല്‍കിയ യു.എസ് സൈനികന്റെ വിചാരണ ആരംഭിച്ചു
World
വിക്കിലീക്‌സിന് രേഖകള്‍ നല്‍കിയ യു.എസ് സൈനികന്റെ വിചാരണ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2013, 12:45 am

[]യു.എസ്: വിക്കിലീക്‌സിന് രഹസ്യരേഖകള്‍ കൈമാറിയ യു.എസ് സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിന്റെ വിചാരണ ആരംഭിച്ചു. രാജ്യവിരുദ്ധ കുറ്റത്തിന് മേലാണ് വിചാരണ. യു.എസ് ഭരണകൂടത്തിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ വിക്കിലീക്‌സിന് കൈമാറിയെന്നാണ് മാനിങ്ങിനെതിരെയുളള ആരോപണം.

മാനിങ്ങിന്റെ വിചാരണയ്‌ക്കെതിരെ ലോകമെങ്ങും പ്രതിഷേധം നടക്കുകയാണ്. ഇറാഖില്‍ വെച്ച് 2010 ലാണ് മാനിങ് അറസ്റ്റിലാകുന്നത്. മേരിലാന്‍ഡിലെ ഫോര്‍ട്ട് മെഡേ സൈനിക ക്യാമ്പിലാണ് വിചാരണ നടക്കുക.[]

22 കുറ്റങ്ങളാണ് മാനിങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ നടക്കുന്ന മെഡേ ക്യാമ്പിന് മുന്നില്‍ വിചാരണയില്‍ പ്രതിഷേധിച്ച് 3000 ലധികം ജനങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്.

“ബ്രാഡ്‌ലി മാനിങ്, യുദ്ധക്കുറ്റം വെളിച്ചത്തുകൊണ്ടുവന്നതിന് തടവിലാക്കപ്പെട്ടയാള്‍” എന്ന ബാനറും പിടിച്ചാണ് ജനങ്ങള്‍ പ്രകടനം നടത്തുന്നത്. മാനിങ്ങിനെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ പ്രകടനം നടന്നിരുന്നു.

അമേരിക്കന്‍ നടപടിക്കെതിരെ വിവിധ പത്രങ്ങളും രംഗത്ത് എത്തിയിരുന്നു. “മാനിങ് അമേരിക്കയുടെ ശത്രുവാണെങ്കില്‍ സത്യവും അമേരിക്കയുടെ ശത്രുവാണെ”ന്നായിരുന്നു ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രശസ്ത കോളമിസ്റ്റ് ഗാരി യങ് എഴുതിയത്.

അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനിങ്ങിന്റെ വിചാരണ ആരംഭിച്ചിരിക്കുന്നത്. ഇതിനിടയില്‍ കടുത്ത പീഡനങ്ങളാണ് മാനിങ്ങിന് സഹിക്കേണ്ടി വന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകളും നേരത്തേ പുറത്ത് വന്നിരുന്നു.

ഇറാഖിലേയു അഫ്ഖാനിസ്ഥാനിലേയും നിരപരാധികളായ ജനങ്ങളോട് അമേരിക്കന്‍ സൈനികര്‍ നടത്തിയ ക്രൂരതകളാണ് മാനിങ് വിക്കിലീക്‌സിലൂടെ പുറത്ത് കൊണ്ടുവന്നത്.

നിരപരാധികളുടെ രക്തത്തിനായുള്ള അമേരിക്കന്‍ സൈനികരുടെ ദാഹമാണ് താന്‍ പുറത്ത് കൊണ്ടുവന്നതെന്നായിരുന്നു മാനിങ് പറഞ്ഞത്. ഇറാഖില്‍ ജേണലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെ കൊന്ന് തള്ളി പൊട്ടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ ചിത്രങ്ങള്‍ വിക്കിലീക്‌സിന് നല്‍കിയത് മാനിങ്ങായിരുന്നു.