ഫോര്‍ട്മീഡ്: വിക്കിലീക്‌സിന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ യു.എസ് സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിന് ശിക്ഷയില്‍ ഇളവ്.
ജയിലില്‍ ബ്രാഡ്‌ലി അനുഭവിച്ച പീഡനങ്ങള്‍ പരിഗണിച്ചാണ് കോടതി ശിക്ഷയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി വിധി പ്രകാരം ശിക്ഷ 112 ദിവസമായി കുറഞ്ഞു. ആത്മഹത്യാ ശ്രമം നടത്തിയ പ്രതിക്ക് മാനസിക ചികിത്സ നല്‍കാതെ ഒറ്റയ്ക്ക് താമസിപ്പിച്ചത് അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.[]
ഭക്ഷണം പോലും നിഷേധിച്ച് ദിവസത്തില്‍ 23 മണിക്കൂറും ബ്രാഡ്‌ലിയെ പീഡിപ്പിച്ചെന്നും മൃഗങ്ങള്‍ക്ക് നല്‍കുന്നതുപോലുള്ള ചികിത്സയാണ് ബ്രാഡ്‌ലിക്ക് നല്‍കിയതെന്നും ബ്രാഡ്‌ലിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
വെര്‍ജീനിയയിലെ ക്വാണ്ടികോ ജയിലിലാണ് ബ്രാഡ്‌ലിയെ താമസിപ്പിച്ചിരിക്കുന്നത്.
അമേരിക്കയുടെ രഹസ്യരേഖകള്‍ വിക്കിലീക്‌സിന് കൈമാറിയെന്നാരോപിച്ച് 2010 മെയിലാണ് ബ്രാഡ്‌ലിയെ യു.എസ് അറസ്റ്റ് ചെയ്യുന്നത്. ശത്രുവിന് സഹായം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ബ്രാഡ്‌ലിയെ അറസ്റ്റ് ചെയ്തത്.
കഷ്ടിച്ച് എട്ടടി മാത്രം നീളവും വീതിയുമുള്ള കുടുസുമുറിയിലിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് ബ്രാഡ്‌ലി കോടതിയില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസികം പീഡനം താങ്ങാനാവാതെ ബ്രാഡ്‌ലി ആത്മഹത്യാ ശ്രമം നടത്തിയെന്നും പറയുന്നു.
“എട്ടടി മാത്രം വലുപ്പമുള്ള ആ മുറിയില്‍ കഴിയാന്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് സ്വബോധം നഷ്ടപ്പെട്ടുതുടങ്ങി. ആ കൂട്ടില്‍ തന്നെ ഞാന്‍ മരിച്ചുപോകുമെന്ന് കരുതിയ നാളുകള്‍. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കിയിരിക്കലായിരുന്നു ആകെയുള്ള വിനോദം.” ബ്രാഡ്‌ലി പറഞ്ഞിരുന്നു.
ഇതുകൂടാതെ, സൈനികനായ മേജര്‍ ആഷ്ഡന്‍ ഫീന്‍ തന്റെ മുമ്പില്‍ വെച്ച് ബെഡ്ഷീറ്റ് കുടുക്കി ഒരു കുരുക്ക് ഉണ്ടാക്കി തനിക്ക് കാണിച്ച് തന്നുവെന്നും തന്റെ സെല്ലില്‍ ബെഡ്ഷീറ്റ് കൊണ്ടുണ്ടാക്കിയ കുരുക്ക് കണ്ട സൈനികര്‍ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയിച്ച് കൂടുതല്‍ നിരീക്ഷണമേര്‍പ്പെടുത്തിയെന്നും ബ്രാഡ്‌ലി വെളിപ്പെടുത്തിയിരുന്നു.