[]വാഷിങ്ടണ്‍: വിക്കിലീക്‌സിന് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ അമേരിക്കന്‍ സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിന് 35 വര്‍ഷം തടവ് ശിക്ഷ. []
യു.എസ്. സൈനിക കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. ചാരവൃത്തിക്കും മറ്റുകേസുകളിലും 25 വയസ്സുകാരനായ മാനിങ് കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. സൈനിക ജഡ്ജി കേണല്‍ ഡെനീസ് ലിന്‍ഡാണ് വിധി പ്രസ്താവിച്ചത്.
വിചാരണ വേളയില്‍ മാനിങ് കോടിതിക്ക് മുന്നില്‍ തെറ്റ് ഏറ്റു പറഞ്ഞിരുന്നു. രാജ്യത്തെ വേദനിപ്പിച്ചതില്‍ മാപ്പു പറയുകയുമുണ്ടായി. വിചാരണ വേളയില്‍ ജയിലില്‍ കഴിച്ച 1293 ദിവസങ്ങള്‍ കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2010 മേയിലാണ് മാനിങ് അറസ്റ്റിലായത്.
വിക്കിലീക്‌സ് വെബ്‌സൈറ്റിന് പതിനായിരക്കണക്കിന് രഹസ്യരേഖകള്‍ ഇരുപത്തഞ്ചുകാരന്‍ മാനിങ് ചോര്‍ത്തി നല്‍കിയെന്നാണ് യു.എസ് ആരോപിക്കുന്നത്.
ചാരപ്പണിക്കെതിരേയുള്ള നിയമമുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ മാനിങ്ങിനെതിരേ കഴിഞ്ഞമാസം യുഎസ് സൈനിക കോടതി ചുമത്തിയിരുന്നു. ഇറാക്കിലെ സൈനിക താവളത്തില്‍ നിരീക്ഷകനായി പ്രവര്‍ത്തിക്കവെ മാനിങ് രേഖകള്‍ ചുമത്തിയെന്നാണ് കേസ്.
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധക്കളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളും നയതന്ത്ര കേബിള്‍ രഹസ്യങ്ങളും മാനിങ് ജൂലിയന്‍ അസാന്‍ജ്ജിന്റെ വിക്കിലീക്‌സിന് ചോര്‍ത്തിയെന്നും കേസില്‍ പറയുന്നു.
മാനിങ് 90 വര്‍ഷം നീളുന്ന തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ യു.എസിലെ ഏറ്റവും വലിയ കുറ്റമായി കണക്കാക്കുന്ന ശത്രുവിനെ സഹായിക്കലിനെതിരേയുള്ള നിയമം മാനിങ്ങിനെതിരേ ചുമത്തിയിട്ടില്ല.