| Monday, 17th June 2024, 1:09 pm

ന്യൂസിലാൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ ഈ ടീമുകളൊന്നുമല്ല, അവരാണ് ഈ ലോകകപ്പിലെ നിർഭാഗ്യവാൻമാർ: ബ്രാഡ് ഹോഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്‌ലന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.

ഇതിനു പിന്നാലെ സ്‌കോട്‌ലന്‍ഡ് ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. നാല് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും അടക്കം മൂന്നാം സ്ഥാനത്താണ് സ്‌കോട്‌ലാന്‍ഡ് ഫിനിഷ് ചെയ്തത്. ഇംഗ്ലണ്ട് നമീബിയയെ പരാജയപ്പെടുത്തിയതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ 8ലേക്ക് മുന്നേറുകയായിരുന്നു.

ഇപ്പോഴിതാ ലോകകപ്പിലെ സ്‌കോട്‌ലാന്‍ഡിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഈ ലോകകപ്പിലെ ഏറ്റവും നിര്‍ഭാഗ്യകരായ ടീമാണ് സ്‌കോട്‌ലാന്‍ഡ് എന്നാണ് ഓസ്‌ട്രേലിയന്‍ താരം പറഞ്ഞത്.

‘സ്‌കോട്‌ലാന്‍ഡായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ടീം. ഓസ്‌ട്രേലിയക്കെതിരെ അവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവര്‍ മത്സരത്തിന്റെ അവസാന നിമിഷം വരെ പോരാടി.

ഇതിനുമുമ്പ് ബാര്‍ബഡോസില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലും അവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സിന് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ആയിരുന്നു സ്‌കോട്‌ലാന്‍ഡ് ഉണ്ടായിരുന്നത്. വലിയ ടേണും കുറഞ്ഞ ബൗണ്‍സും ഉള്ള പിച്ചില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് മികച്ച ഒരു സുവര്‍ണ്ണാവസരം ആയിരുന്നു ഉണ്ടായിരുന്നത്,’ ബ്രാഡ് ഹോഗ് പറഞ്ഞു.

Content Highlight: Brad Hogg talks about Scotland Cricket Team

We use cookies to give you the best possible experience. Learn more