ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും കിവീസ് ഐതിഹാസികമായ വിജയം സ്വന്തമാക്കുകയും പരമ്പര ജേതാക്കളാവുകയും ചെയ്തിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് ഇന്ത്യയെ പലരും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
പക്ഷെ നവംബര്‍ 22മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് കിവീസിനോട് ഏറ്റ തോല്‍വി ഗുണം ചെയ്യുമെന്ന് പറയുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. വലിയ പരാജയത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാനും ഓസ്‌ട്രേലിയക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെക്കാനും ഇന്ത്യയെ ഈ തോല്‍വി സഹായിക്കുമെന്നാണ് ഹോഗ് നിരീക്ഷിച്ചത്.
‘ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന് ഒരു സന്തോഷവാര്‍ത്തയാണ്. കാരണം ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ബലഹീനതകളെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇത് അവരെ നിര്‍ബന്ധിതരാക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ടീം ജീവനോടെ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ കളിക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും.
അവര്‍ നന്നായി തയ്യാറായി വരും, കൂടുതല്‍ ഊര്‍ജവും തീയും അവര്‍ കാണിക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പര അവരുടെ ബാഗിലുണ്ടെങ്കില്‍ അവര്‍ ചെയ്തതിനേക്കാള്‍ കഠിനമായി തിരിച്ച് വരും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് അവര്‍ നന്നായി തയ്യാറെടുക്കുമെന്ന് ഉറപ്പാക്കാം,’ ബ്രാഡ് ഹോഗ് പറഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content Highlight: Brad Hogg Talking About Indian Team Before Border Gavasker Trophy