ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
എന്നാല്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിന് ഇന്ത്യയെ പലരും വിമര്‍ശിച്ചിരുന്നു.
പക്ഷെ നവംബര്‍ 22മുതല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് കിവീസിനോട് ഏറ്റ തോല്‍വി ഗുണം ചെയ്യുമെന്ന് പറയുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. വലിയ പരാജയത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാനും ഓസ്ട്രേലിയക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെക്കാനും ഇന്ത്യയെ ഈ തോല്‍വി സഹായിക്കുമെന്നാണ് ഹോഗ് നിരീക്ഷിച്ചത്.
‘ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന് ഒരു സന്തോഷവാര്‍ത്തയാണ്. കാരണം ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ബലഹീനതകളെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇത് അവരെ നിര്‍ബന്ധിതരാക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ടീം ജീവനോടെ നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ കളിക്കാര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും.
അവര്‍ നന്നായി തയ്യാറായി വരും, കൂടുതല്‍ ഊര്‍ജവും തീയും അവര്‍ കാണിക്കും. ന്യൂസിലന്‍ഡിനെതിരായ റിസള്‍ട്ട് അവരുടെ ബാഗിലുണ്ടെങ്കില്‍ അവര്‍ കഠിനമായി തിരിച്ച് വരും. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് അവര്‍ നന്നായി തയ്യാറെടുക്കുമെന്ന് ഉറപ്പാക്കാം,’ ബ്രാഡ് ഹോഗ് പറഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content Highlight: Brad Hogg Talking About Indian Team Ahead Of Border Gavasker Trophy