| Sunday, 13th August 2023, 8:16 pm

തിലകോ സഞ്ജുവോ മതി; കിഷന്‍ വേണ്ട! ഇന്ത്യക്ക് ഉപദേശവുമായി മുന്‍ ഓസീസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനായി ഇന്ത്യന്‍ ടീമിലേക്കുള്ള നാലാം നമ്പര്‍ ബാറ്ററെ നിര്‍ദേശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. 20 വയസുള്ള യുവതാരം തിലക് വര്‍മയെയാണ് അദ്ദേഹം നാലാം നമ്പറിലേക്ക് നിര്‍ദേശിക്കുന്നത്.

ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയ്യില്ലെങ്കിലാണ് തിലകിനെ കളിപ്പിക്കാന്‍ സ്പിന്‍ മാന്ത്രികന്‍ ഹോഗ് പറയുന്നത്. നിലവില്‍ നടക്കുന്ന വിന്‍ഡീസ് പരമ്പരയിലാണ് തിലക് ഇന്ത്യക്കായി അരങ്ങേറിയത്. മികച്ച പ്രകടനമാണ് പരമ്പരയില്‍ ഉടനീളം കാഴ്ചവെക്കുന്നത്.

ആദ്യ മൂന്ന് മത്സരത്തില്‍ 39, 51, 49 എന്നിവയായിരുന്നു ആ ഇടംകയ്യന്റെ സ്‌കോര്‍

അയ്യരും രാഹുലും ഫിറ്റല്ലെങ്കില്‍ നാലാം നമ്പറില്‍ ഏറ്റവും നല്ലത് തിലകാണെന്നും ഇഷാന്‍ കിഷനെ ഓപ്പണിങ് ഇറക്കുന്നതാണ് നല്ലതെന്നും ഹോഗ് പറയുന്നു.

തിലക് ട്വന്റി-20യില്‍ മാത്രമാണ് കളിച്ചതെങ്കിലും അദ്ദേഹത്തിന് ഏത് തരത്തിലുള്ള സാഹചര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ഹോഗ് പറഞ്ഞു.

‘അയ്യരും, രാഹുലും ഫിറ്റല്ലെങ്കില്‍ ഈ ടീമില്‍ ഒരു കീപ്പറെ വേണം. ഇഷാന്‍ കിഷന് ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം പ്രധാനമായും ഒരു ഓപ്പണറാണെന്ന് ഞാന്‍ കരുതുന്നു. കിഷനും രോഹിത് ശര്‍മയുമാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍, തിലക് വര്‍മ നാലാം നമ്പറില്‍ വരണം. അദ്ദേഹം ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ല. എന്നാല്‍ ടി-20 ക്രിക്കറ്റില്‍ അദ്ദേഹം കളിച്ച രീതി കാണിക്കുന്നത് ഏത് സാഹചര്യവും അയാള്‍ക്ക് കൈകാര്യ ചെയ്യാന്‍ സാധിക്കുമെന്നാണ്,’ ഹോഗ് പറഞ്ഞു.

കിഷന് പകരം ഇന്ത്യ ഗില്ലിനെയാണ് ഓപ്പണിങ് ഇറക്കുന്നതെങ്കില്‍ സഞ്ജു സാംസണെയാണ് അദ്ദേഹം നാലാം നമ്പറിലേക്ക് സജസ്റ്റ് ചെയ്യുന്നത്. സഞ്ജുവിന് സ്ഥിരത നിലനിര്‍ത്താന്‍ പറ്റുമെന്ന് ഹോഗ് വിശ്വസിക്കുന്നു.

‘ഗില്ലിനെയും രോഹിത് ശര്‍മയെയുമാണ് ഓപ്പണിങ് ഇറക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍. ലോകകപ്പില്‍ കീപ്പറായും നാലാം നമ്പറായും സഞ്ജുവിനെ ഉപയോഗിക്കാം. ആ സ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ ഹോഗ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Brad Hogg Says Tilak Varma or Sanju Samson should play at no 4 for india in wc

We use cookies to give you the best possible experience. Learn more