| Saturday, 16th July 2022, 2:00 pm

അദ്ദേഹത്തിന് സ്വന്തമായിട്ട് പുനനിര്‍മാണം നടത്താനറിയാം; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ബ്രാഡ് ഹോഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഏറെ പ്രതീക്ഷകളുമായെത്തിയ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇത്തവണ നാണക്കേട് മാറ്റാന്‍ രണ്ടും കല്‍പ്പിച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

ലോകകപ്പ് അടുക്കുന്തോറും ടീമിലെ പ്രമുഖ താരങ്ങള്‍ ഫോമിലേക്കെത്തുന്നത് ടീമിന് പ്രതീക്ഷ തരുന്നതാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ ഫോമിലേക്കെത്തുന്നതാണ് ടീമിന് പ്രതീക്ഷ നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

രണ്ടാം ഏകദിനത്തില്‍ 47 റണ്‍ വിട്ടുനല്‍കി നാല് ഇംഗ്ലണ്ട് ബാറ്റര്‍മാരെയാണ് ചഹല്‍ പവലിയനില്‍ എത്തിച്ചത്. ലോര്‍ഡ്‌സിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ചഹല്‍ നടത്തിയത്.

ഇപ്പോഴിതാ ചഹലിനെ പുകഴ്ത്തി രംഗത്തെത്തയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ബ്രാഡ് ഹോഗ്. ചഹലാണ് ഇപ്പോഴത്തെ മികച്ച സ്പിന്നറെന്നാണ് ഹോഗ് പറഞ്ഞത്. അദ്ദേഹത്തിന് മികച്ച രീതിയില്‍ സ്വയം മാറാനും പുനനിര്‍മിക്കാനും സാധിക്കുമെന്നും ഹോഗ് പറഞ്ഞു.

ചഹല്‍ ഉള്ളത് കാരണം ഇന്ത്യ ഈ ട്വന്റി 20 ലോകകപ്പില്‍ ഫേവറെയ്റ്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചഹല്‍ ഇന്ത്യന്‍ ടീമിലുണ്ട് . ടി-20 ക്രിക്കറ്റില്‍ ലെഗ് സ്പിന്നാണ് ഏറ്റവും ഫലപ്രദമായ ഓപ്ഷന്‍, പ്രത്യേകിച്ച് മധ്യ ഓവറുകളില്‍.

ചഹലില്‍ എനിക്ക് ഇഷ്ടമുള്ള കാര്യം, കഴിഞ്ഞ രണ്ട് വര്‍ഷമായി അവന്‍ തന്റെ കളിയെ മിനുക്കിയെടുത്തതാണ്. ഇപ്പോള്‍ അവന്‍ അവിടെ മികച്ചുനില്‍ക്കുന്നുണ്ട്. അവനെ ബാറ്റര്‍മാര്‍ കളിക്കാന്‍ പഠിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവന്‍ സ്വയം പുനനിര്‍മിക്കാനും മത്സരത്തിലേക്ക് മടങ്ങിയെത്താനും അവന്‍ ഒരു രീതി കണ്ടെത്തി. ഒരു വ്യക്തി എന്ന നിലയിലും അവന്‍ ഒരുപാട് വളര്‍ന്നു,’ ഹോഗ് പറഞ്ഞു.

ചഹലിന്റെ ഈ വളര്‍ച്ച കാരണം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയാണ് ഏറ്റവും വിജയസാധ്യതയുള്ള ടീമെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ ഒരു കാരണം കൊണ്ടും ടി-20 ലോകകപ്പ് നേടാന്‍ ഇന്ത്യ പ്രിയപ്പെട്ടവരാണ്, കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷങ്ങളിലെ ചഹലിന്റെ വളര്‍ച്ച മികച്ചതായിരുന്നു. അവന് ഓസ്ട്രേലിയയില്‍ ഒരു മികച്ച ടൂര്‍ണമെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഹോഗ് കൂട്ടിച്ചേര്‍ത്തു.

കുറച്ചുകാലത്തിന് ശേഷം ചഹല്‍ ഈയിടെയാണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ സജീവമായത്. ബാറ്റര്‍മാരെ പ്രകോപിച്ചുകൊണ്ട് കബിളിപ്പിക്കലാണ് ചഹലിന്റെ രീതി. ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ചഹലില്‍ ഒരുപാട് പ്രതീക്ഷകളാണ് ഇന്ത്യന്‍ ടീമിനുള്ളത്.

Content Highlights: Brad Hogg Praises Yuzvendra Chahal

We use cookies to give you the best possible experience. Learn more