സൗത്ത് ആഫ്രിക്കക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 243 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തിന് പിന്നാലെയാണ് ഇന്ത്യയെ തേടി ഹോഗിന്റെ അഭിനന്ദമെത്തിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അടിത്തറയിട്ട ഇന്നിങ്‌സ് വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് കെട്ടിപ്പൊക്കുകയായിരുന്നു.
വിരാട് 121 പന്തില്‍ നിന്നും പുറത്താകാതെ 101 റണ്‍സ് നേടിയപ്പോള്‍ 87 പന്തില്‍ 77 റണ്‍സായിരുന്നു ശ്രേയസ് അയ്യര്‍ നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ നേടിയത്.
327 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 83 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റും സിറാജ് ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഹോഗ് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു ഹോഗ് ഇക്കാര്യം പറഞ്ഞത്.
‘കഴിഞ്ഞ ദിവസത്തിന് ശേഷം ലോകകപ്പില്‍ ഇനിയൊരു ഫൈനല്‍ ആവശ്യമില്ല എന്ന് തോന്നുന്നു. ഇന്ത്യയും റെസ്റ്റ് ഓഫ് വേള്‍ഡും ചേര്‍ന്നുള്ള മത്സരത്തിലൂടെ ഈ ലോകകപ്പ് അവസാനിപ്പിക്കാം. ഇന്ത്യ ലോകകപ്പില്‍ മിന്നിത്തിളങ്ങുകയാണ്,’ ഹോഗ് കുറിച്ചു.
After last night it looks like no need for a final, have India v rest of the world match to finish off the tournament. They have been scintillating. #CWC23#INDvSA
ലോകകപ്പിലെ എല്ലാ മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ ലോകകപ്പിലെ യാത്ര തുടരുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ജൈത്രയാത്ര ഈഡന്‍ ഗാര്‍ഡന്‍സിലും തുടരുകയാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഒരു ടീം എന്ന നിലയിലുള്ള ഇന്ത്യയുടെ ഒത്തൊരുമയും ടീം സ്പിരിറ്റുമാണ് ലോകകപ്പിലെ അപരാജിത കുതിപ്പിന് കാരണമായിരിക്കുന്നത്.