മുന്‍ ഇന്ത്യന്‍ നായകന്‍മാര്‍ക്കെതിരെ ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സഞ്ജു സാംസണിന്റെ പിതാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബ്രാഡ് ഹോഗ്. സാംസണ്‍ വിശ്വനാഥിന്റെ പരാമര്‍ശം സഞ്ജുവിന്റെ കരിയറില്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കുമെന്നും ക്ഷമാപണം നടത്തുന്നത് സഞ്ജുവിന് മേലുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹോഗ് ഇക്കാര്യം പറഞ്ഞത്.
‘സഞ്ജു സാംസണിന്റെ പിതാവ് പൊതുസമക്ഷത്തില്‍ വന്ന് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ദ്രാവിഡ് എന്നിവര്‍ പത്ത് വര്‍ഷത്തെ കരിയര്‍ ഇല്ലാതാക്കി എന്ന് പറയുന്നത് ഒട്ടും സുഖകരമായ അന്തരീക്ഷമല്ല സൃഷ്ടിക്കുക. അവര്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പേരുകാരാണ്. അവര്‍ ഒരുപാട് വിജയങ്ങള്‍ നേടിയവരാണ്.
സഞ്ജു സാംസണ്‍ വളരെ മികച്ച ഒരു താരമാണ്. ഇന്ത്യന്‍ ടീമില്‍ തന്റെ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് അവന്‍. ഇതിന് ശേഷം അവന്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടി.
മികച്ച രീതിയില്‍ മുമ്പോട്ട് കുതിക്കവെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുമുള്ള ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമന്നാണ് എനിക്ക് തോന്നുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ പിതാവ് മാപ്പ് പറയുന്നത് നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന്റെ കരിയറിലും അത് ഗുണകരമായി വന്നേക്കും,’ ഹോഗ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രകടനങ്ങളിലൂടെ മറുപടി നല്‍കാനും ഹോഗ് സഞ്ജുവിനോട് ആവശ്യപ്പെട്ടു.
‘അവന്‍ ഐ.പി.എല്ലില്‍ തന്റെ പ്രകടനങ്ങളിലൂടെ സ്വയം അടയാളപ്പെടുത്തിയവനാണ്. അവന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. നിലവാരമുള്ള ഒരുപാട് താരങ്ങളും ഒരുപാട് ബാറ്റര്‍മാരും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. അത് മറികടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഈ പ്രക്രിയ നിങ്ങള്‍ മറികടക്കേണ്ടതുണ്ട്.
നിങ്ങള്‍ക്കൊരിക്കലും സെലക്ടര്‍മാരുടെ മനസിനെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ സംയമനം പാലിക്കുക, നിങ്ങളുടെ ബാറ്റിനെ സംസാരിക്കാന്‍ വിടുക,’ ഹോഗ് പറഞ്ഞു.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മുന്നൊരുക്കത്തിലാണ് സഞ്ജു. നവംബര്‍ ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ സര്‍വീസസാണ് എതിരാളികള്‍. സഞ്ജുവിന്റെ നേതൃത്വത്തിലാണ് കേരളം കളത്തിലിറങ്ങുന്നത്.
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദീന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത് പി.എ, അഖില്‍ സ്‌കറിയ, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, വൈശാഖ് ചന്ദ്രന്‍, വിനോദ് കുമാര്‍ സി.വി, ബേസില്‍ എന്‍.പി, ഷറഫുദ്ദീന്‍ എന്‍.എം, നിധീഷ് എം.ഡി.
ട്രാവലിങ് റിസര്‍വുകള്‍
വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, അഭിഷേക് ജെ. നായര്‍.
ഗൗരവ് കൊച്ചാര്‍, രജത് പലിവാള്‍, ശുഭം റോഹില്ല (ക്യാപ്റ്റന്‍), മോഹിത് രാതീ, നിതിന്‍ തന്‍വര്‍, പുള്‍കീത് നാരംഗ്, മോഹിത് അഹ്ലാവത് (വിക്കറ്റ് കീപ്പര്‍), അരുണ്‍ കുമാര്‍ (വിക്കറ്റ് കീപ്പര്‍), അമിത് ശുക്ല, ഗൗരവ് ശര്‍മ, പൂനം പൂനിയ, വികാസ് യാദവ്.
Content Highlight: Brad Hogg demands apology from Sanju Samson’s father for controversial remarks