Sports News
നാലാം ടെസ്റ്റില്‍ പേസ് ആക്രമണത്തില്‍ സമ്മര്‍ദമുണ്ടാകുമെന്ന് ബ്രാഡ് ഹോഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 23, 03:00 am
Friday, 23rd February 2024, 8:30 am

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് റാഞ്ചിയില്‍ ഇന്ന് ആരംഭിക്കും. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. തുടര്‍ച്ചയായ ടെസ്റ്റില്‍ നിന്നും താരത്തിന് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സീരീസിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ ബുംറ മാറിനില്‍ക്കുന്നത് ബൗളിങ് അറ്റാക്കില്‍ മുഹമ്മദ് സിറാജിനെ ഏറെ സമ്മര്‍ദ്ദത്തില്‍ ആക്കും എന്നാണ് മുന്‍ താരം അഭിപ്രായപ്പെടുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.

ബുംറയുടെ റിവേഴ്‌സ് സ്വിങ് എറിയാനുള്ള കഴിവിനെക്കുറിച്ചും അദ്ദേഹം ഇല്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഹോഗ് സംസാരിച്ചു. ഭാവി ടൂര്‍ണമെന്റില്‍ ബുംറയുടെ ഫിറ്റ്‌നസ് സംരക്ഷിക്കേണ്ടതിനെക്കുറിച്ചും മുന്‍ താരം ചൂണ്ടിക്കാണിച്ചു.

‘നിങ്ങള്‍ അവന്റെ ജോലിഭാരം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം മൂന്ന് ഫോര്‍മാറ്റുകളിലും പങ്കെടുക്കുക എന്നത് ക്രിക്കറ്റിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വശമാണ്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അദ്ദേഹത്തെ മികച്ച നിലയില്‍ നിലനിര്‍ത്തുക എന്നത് നിര്‍ണായകമാണ്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. അവര്‍ക്ക് അവന്റെ സാന്നിധ്യം ഇല്ലെങ്കില്‍, അവരുടെ പ്രകടനം മോശമാകും,’അദ്ദേഹം പറഞ്ഞു.

 

നാലാം ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്‌ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍.

 

Content Highlight: Brad Hogg believes there will be pressure on the pace attack in the fourth Test