| Wednesday, 21st December 2022, 6:29 pm

ബോര്‍ഡിലെ രാഷ്ട്രീയ കളികള്‍ നേരിടേണ്ടി വന്നത് ധോണിക്ക്, അതിനാല്‍ പോണ്ടിങ്ങിനേക്കാള്‍ കേമന്‍ ധോണി തന്നെ; തുറന്നടിച്ച് ഓസീസ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരാണ് റിക്കി പോണ്ടിങ്ങും എം.എസ്. ധോണിയും. പോണ്ടിങ്ങിന്റെ കീഴില്‍ ഓസീസ് പലകുറി ലോകത്തിന്റെ നെറുകയിലെത്തിയപ്പോള്‍ ഐ.സി.സിയുടെ മൂന്ന് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റനായിട്ടായിരുന്നു ധോണി ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേരെഴുതി ചേര്‍ത്തത്. ഈ നേട്ടം സ്വന്തമാക്കിയ ഏക നായകനും ധോണി തന്നെ.

ഇവരില്‍ ഏററവും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ഒരല്‍പം പാടാണ്. എന്നാല്‍ മുന്‍ ഓസീസ് സൂപ്പര്‍ താരവും കങ്കാരുപ്പടയിലെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളുമായ ബ്രാഡ് ഹോഗിന് ആ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്, ആ ഉത്തരത്തിലേക്കെത്താന്‍ ശക്തമായ ഒരു കാരണവും അദ്ദേഹത്തിനുണ്ട്.

ഇന്ത്യന്‍ നായകന്‍ ധോണിയാണ് പോണ്ടിങ്ങിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ എന്നാണ് ഹോഗ് പറയുന്നത്. പോണ്ടിങ്ങിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയ കളികള്‍ നേരിടേണ്ടി വന്നത് ധോണിക്കാണെന്നായിരുന്നു ഹോഗിന്റെ അഭിപ്രായം.

എന്നാല്‍ ഇരുവരിലും ഒരാളെ തെരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും  ഇരുവരെയും വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ലെന്നും ഹോഗ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹോഗ് ഇക്കാര്യം പറയുന്നത്.

‘റിക്കി പോണ്ടിങ്ങിനൊപ്പം വളരെ മികച്ച ഒരു ടീം ഉണ്ടായിരുന്നു. എം.എസ്. ധോണിക്കും അത്തരത്തില്‍ ഒരു ടീമാണ് ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് ഇരുവരും വളരെ മികച്ച രീതിയിലാണ് തങ്ങളുടെ ടീമിനെ നയിച്ചത്. ഇരുവര്‍ക്കും മികച്ച റെക്കോഡുകളുമുണ്ട്. ഇരുവരെയും അത്തരത്തില്‍ വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല.

ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയ കളികള്‍ റിക്കി പോണ്ടിങ്ങനേക്കാള്‍ നേരിടേണ്ടി വന്നത് ധോണിക്കാണെന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ ഞാന്‍ ധോണിയെ പോണ്ടിനേക്കാള്‍ അല്‍പം മുകളില്‍ തന്നെ കൊണ്ടുചെന്ന് നിര്‍ത്തും,’ അദ്ദേഹം പറഞ്ഞു.

‘മറ്റൊരു കാര്യം, റിക്കി പോണ്ടിങ്ങിന് ചുറ്റം ഏറെ പ്രതിഭാധനരായ താരങ്ങളുണ്ടായിരുന്നു. അവരുടെ റോള്‍ എന്താണെന്നുള്ള കൃത്യമായ ബോധ്യവും അവര്‍ക്കുണ്ടായിരുന്നു. പോണ്ടിങ്ങിന് മത്സരത്തിന്റെ ചില വശങ്ങള്‍ മാത്രം നോക്കിയാല്‍ മതിയായിരുന്നു.

കളിക്കാരുടെ ആറ്റിറ്റിയൂഡും താരങ്ങളുടെ അച്ചടക്കവും ടീമിന്റെ പ്ലാനുകളെ കുറിച്ചുമെല്ലാം അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് ബോര്‍ഡിലെ പൊളിറ്റിക്‌സിനെയും നേരിടേണ്ടി വന്നു. ഇക്കാരണത്താലാണ് ഞാന്‍ ധോണിയെ മുന്‍പന്തിയില്‍ നിര്‍ത്തുന്നത്. സോറി റിക്കി,’ ഹോഗ് കൂട്ടിച്ചേര്‍ത്തു.

Content highlight: Brad Hogg about MS Dhoni and Ricky Ponting

We use cookies to give you the best possible experience. Learn more