| Wednesday, 1st March 2023, 11:25 am

അഞ്ച് ദിവസമൊക്കെ ആര്‍ഭാടമല്ലേ... മൂന്നാം ടെസ്റ്റ് ഒറ്റ ദിവസം കൊണ്ട് തീരുമെന്ന് ഓസീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഒറ്റ ദിവസം കൊണ്ട് അവസാനിക്കുമോ എന്ന് മുന്‍ ഓസീസ് താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ബ്രാഡ് ഹോഗ്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ തുടരെ തുടരെ വീഴുന്ന സാഹചര്യത്തിലാണ് ഹോഗിന്റെ പരാമര്‍ശം.

മൂന്നാം ടെസ്റ്റിലെ ആദ്യ സെഷനില്‍ തന്നെ ഓസീസ് സ്പിന്നര്‍മാര്‍ സര്‍വാധിപത്യമുറപ്പിച്ചിരിക്കുകയാണ്. മത്സരത്തിലെ ആദ്യ മണിക്കൂറില്‍ തന്നെ അഞ്ച് ഇന്ത്യന്‍ താരങ്ങളെയാണ് ഓസീസ് ബൗളര്‍മാര്‍ പവലിയനിലേക്ക് മടക്കിയയച്ചത്.

ഇതിന് പിന്നാലെയാണ് ബ്രാഡ് ഹോഗെത്തിയത്. ‘വണ്‍ ഡേ ടെസ്റ്റ് മത്സരമാണോ ഇത്? (One Day Test Match Anyone) എന്നായിരുന്നു താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചത്.

രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. കെ.എല്‍. രാഹുലിന് പകരം ശുഭ്മന്‍ ഗില്ലും മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവുമാണ് ടീമില്‍ ഇടം നേടിയത്.

ശുഭ്മന്‍ ഗില്ലാണ് രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഒരുവേള അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് എന്ന നിലയില്‍ നിന്നും സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് തികയും മുമ്പേ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ത്യയിപ്പോള്‍.

23 പന്തില്‍ നിന്നും 12 റണ്‍സുമായി ക്രീസില്‍ സ്റ്റാന്‍ഡ് ചെയ്ത് കഴളിക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ഓസീസ് ബൗളര്‍മാരുടെ ആദ്യ ഇര. യുവതാരം മാത്യു കുന്‍മാന് മുമ്പില്‍ വീണ് ഇന്ത്യന്‍ നായകന്‍ പുറത്തായി. പിന്നാലെ ടീം സ്‌കോര്‍ 34ല്‍ നില്‍ക്കവെ കുന്‍മാന് തന്നെ വിക്കറ്റ് സമ്മാനിച്ച് ഗില്ലും മടങ്ങി.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. നാല് പന്തില്‍ നിന്നും ഒരു റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സുമായി ജഡേജയും വന്നതുപോലെ മടങ്ങി. ആറാമനായി കളത്തിലിറങ്ങി സില്‍വര്‍ ഡക്കായി മടങ്ങാനായിരുന്നു ശ്രേയസ് അയ്യരുടെ വിധി.

നിലവില്‍ 22 ഓവര്‍ പിന്നിടുമ്പോള്‍ 71 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. തരക്കേടില്ലാത്ത രീതിയില്‍ ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടപോയ വിരാട് കോഹ്‌ലിയെയാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. 25 പന്തില്‍ നിന്നും 22 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും എസ്. ഭരത്തുമാണ് ക്രീസില്‍.

ഇന്ത്യ ഇലവന്‍

ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്ട്രേലിയ ഇലവന്‍

ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, മാത്യു കുന്‍മാന്‍, മിച്ചല്‍ സ്റ്റാര്‍ക്.

Content Highlight: Brad Hogg about India vs Australia 3rd test

We use cookies to give you the best possible experience. Learn more