| Monday, 6th January 2025, 2:45 pm

ആ നിയമം എല്ലാ പരിക്കുകള്‍ക്കും ബാധകമാകണം; ബുംറയുടെ പരിക്കിന് പിന്നാലെ ഓസീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ നിലവിലുള്ള കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബ്രാഡ് ഹോഗ്.

കേവലം കണ്‍കഷനുകള്‍ക്ക് മാത്രമല്ല കളിക്കളത്തിലെ എല്ലാ തരം പരിക്കുകള്‍ക്കും  സബ്സ്റ്റിറ്റ്യൂട്ടിനെ കളത്തിലിറക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരണമെന്ന് ഹോഗ് പറയുന്നു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് കളം വിട്ടതിന് പിന്നാലെയാണ് ഹോഗ് ഇക്കാര്യം പറഞ്ഞത്.

ബുംറയുടെ അഭാവത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും വിജയം സ്വന്തമാക്കുകയുമായിരുന്നു.

‘എനിക്ക് തോന്നുന്നത് ആ നിയമം (കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്) എല്ലാ തരം പരിക്കുകള്‍ക്കും ബാധകമാകണം. ഫാസ്റ്റ് ബൗളര്‍മാര്‍ വിലമതിക്കാനാകാത്ത സ്വത്താണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും നിങ്ങള്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരെ ആവശ്യമുണ്ട്. പ്രത്യേകിച്ചും ടെസ്റ്റ് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ റോളാണുള്ളത്.

എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ ക്രിക്കറ്റില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. വളരെ പെട്ടെന്ന് തന്നെ ടി-20 മത്സരങ്ങളും ക്രിക്കറ്റിലേക്ക് രംഗപ്രവേശം ചെയ്തു.

ആയതുകൊണ്ട് ഫോര്‍മാറ്റ് ഏത് വേണമെങ്കിലുമാകട്ടെ, മത്സരത്തിനിടയില്‍ ഒരു താരത്തിന് പരിക്കേറ്റാല്‍ ആ റോളില്‍ മറ്റൊരു താരത്തിന് കളിക്കാന്‍ സാധിക്കണം,’ ഹോഗ് പറഞ്ഞു.

2019 ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നിയമം കൊണ്ടുവരുന്നത്. ടീമിലെ ഏതെങ്കിലുമൊരു താരത്തിന് കണ്‍കഷന്‍ മൂലം കളിക്കളത്തില്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ മറ്റൊരു താരത്തെ കളത്തിലിറക്കാനുള്ള അവസരമാണ് ഈ നിയമത്തിലൂടെ ലഭിക്കുന്നത്.

എന്നാല്‍ നോര്‍മല്‍ സബ്സ്റ്റിറ്റ്യൂട്ടിനെ പോലെയല്ല, കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പന്തെറിയാനും ബാറ്റ് ചെയ്യാനുമുള്ള അവസരമുണ്ട്.

ജസ്പ്രീത് ബുംറയുടെ അഭാവം മത്സരത്തില്‍ ഏറെ സഹായകമായെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ മത്സര ശേഷം അഭിപ്രായപ്പെട്ടിരുന്നു. ബുംറ ഇന്ത്യക്കൊപ്പമില്ല എന്നത് തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചെന്നും ഖവാജ പറഞ്ഞു.

എ.ബി.സി സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘(രണ്ടാം ഇന്നിങ്സില്‍) ബുംറയ്ക്ക് പരിക്കേറ്റത് ഒട്ടും മികച്ചതായിരുന്നില്ല, എന്നാല്‍ അത് ഞങ്ങള്‍ക്ക് ഗുണകരമായി. ദൈവത്തിന് നന്ദി. ഈ ട്രാക്കില്‍ ബുംറയെ നേരിടുക എന്നത് ഏറെ പേടിപ്പിക്കുന്ന കാര്യമായിരുന്നു. ബുംറ ടീമിനൊപ്പമില്ല എന്ന് കണ്ട നിമിഷം മുതല്‍, ഞങ്ങള്‍ക്കൊരു ചാന്‍സ് ഉണ്ടെന്ന് തോന്നിത്തുടങ്ങി. ഞാന്‍ നേരിട്ടതില്‍ ഏറ്റവും ടഫായ ബൗളറാണ് ബുംറ,’ ഖവാജ പറഞ്ഞു.

സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പരിക്കേറ്റതോടെയാണ് ബുംറയ്ക്ക് രണ്ടാം ഇന്നിങ്സില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നത്. ആദ്യ ഇന്നിങ്സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് താരം നേടിയിരുന്നു. എന്നാല്‍ പരിക്ക് വലച്ചതിന് പിന്നാലെ താരം കളം വിടുകയും വൈദ്യസഹായം തേടുകയുമായിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയെങ്കിലും താരം പന്തെറിഞ്ഞിരുന്നില്ല. ബുംറയുടെ അഭാവം മുതലെടുത്ത ഖവാജ ടീമിന്റെ ടോപ് സ്‌കോററായാണ് വിജയത്തില്‍ നിര്‍ണായകമായത്.

Con5tent highlight: Brad Hogg about changing concussion substitute law

We use cookies to give you the best possible experience. Learn more