| Friday, 4th October 2024, 8:10 am

ഇന്ത്യ ഒരിക്കലും തോല്‍ക്കില്ല, സൂക്ഷിച്ചോ അവന്‍ കാണ്‍പൂര്‍ ഓസ്‌ട്രേലിയയില്‍ കൊണ്ടുവരും; മുന്നറിയിപ്പുമായി മുന്‍ കങ്കാരു

സ്പോര്‍ട്സ് ഡെസ്‌ക്

ന്ത്യ – ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് കളമൊരുങ്ങുന്നത്. നവംബര്‍ 22 മുതല്‍ നടക്കുന്ന പരമ്പരക്ക് ഓസ്‌ട്രേലിയയാണ് വേദിയാകുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ മത്സരമായാണ് ഇത്തവണ പരമ്പര നടക്കുക.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ആതിഥേയര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രാഡ് ഹാഡിന്‍. കാണ്‍പൂരിലെ പ്രകടനം ഇന്ത്യ ഓസ്‌ട്രേലിയയിലും ആവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഹാഡിന്റെ വാക്കുകള്‍

‘കാണ്‍പൂരിലേതിന് സമാനമായ പ്രകടനം ഇവിടെയും ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കും. സമനില നേടുക എന്നതായിരിക്കും ആതിഥേയര്‍ക്ക് ആകെ ചെയ്യാനുണ്ടാവുക. ഇന്ത്യ ഒരിക്കലും തോല്‍ക്കാന്‍ പോകുന്നില്ല.

കാണ്‍പൂരില്‍ രോഹിത് ശര്‍മക്ക് ഒന്നും തന്നെ നഷ്ടപ്പെടാനുണ്ടായിരുന്നില്ല. അത് കാണാന്‍ തന്നെ വളരെ മികച്ചതായിരുന്നു. ഒരു ടെസ്റ്റ് മത്സരം വിജയിക്കാനുള്ള മനോഹരമായ മാര്‍ഗമായിരുന്നു അത്,’ ഹാഡിന്‍ പറഞ്ഞു.

രോഹിത്തും സംഘവും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇവിടെയെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മത്സരം വിജയിക്കാനുള്ള അവസരം എല്ലാ ഇന്ത്യന്‍ താരങ്ങളും ചേര്‍ന്ന് ഒരുക്കുകയായിരുന്നു. അവന്‍ റണ്‍സിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ബംഗ്ലാദേശിനെ രണ്ട് പ്രാവശ്യവും പുറത്താനുള്ള സമയം വേണമെന്നതുമാത്രമായിരുന്നു അവരുടെ മനസിലുണ്ടായിരുന്നത്.

രോഹിത് ശര്‍മക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും അഭിനന്ദനങ്ങള്‍. രോഹിത് എല്ലായ്‌പ്പോഴും വിജയിക്കാനാണ് ആഗ്രഹിച്ചത്. ഞാന്‍ അവരുടെ ക്രിക്കറ്റ് രീതി എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്നു,’ ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

കാണ്‍പൂരില്‍ സംഭവിച്ചത്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റും ക്ലീന്‍ സ്വീപ് ചെയ്ത് വിജയിച്ചാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുതുടര്‍ന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം നേടിയാണ് ഇന്ത്യ ബംഗ്ലാ കടുവകള്‍ക്ക് മേല്‍ ആധിപത്യം നേടിയത്. ചെപ്പോക്കില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്റെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യ മത്സരം വിജയിച്ചുകയറിയത്.

പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കാന്‍ ഒരുങ്ങിയാണ് ഇന്ത്യ കാണ്‍പൂരില്‍ രണ്ടാം മത്സരത്തിനിറങ്ങിയത്. എന്നാല്‍ മോശം കാലാവസ്ഥ ഇന്ത്യക്ക് തിരിച്ചടിയായി. മത്സരത്തില്‍ ടോസ് നേടിയ രോഹിത് എതിരാളികളെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ രസംകൊല്ലിയായി മഴ വീണ്ടുമെത്തിയതോടെ ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്.

രണ്ടാം ദിവസവും മൂന്നാം ദിവസവും ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാത്ത രീതിയില്‍ മഴ കളി മുടക്കി. നാലാം ദിവസം ലഞ്ചിന് ശേഷം മാത്രമാണ് ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. ഒന്നര ദിവസത്തില്‍ താഴെ മാത്രം മത്സരം ബാക്കി നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാമെന്നായിരുന്നു ബംഗ്ലാദേശിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ത്യയുടെ പ്ലാന്‍ മറ്റൊന്നായിരുന്നു.

ലഞ്ചിന് ശേഷം മാത്രം ബാറ്റെടുത്ത ഇന്ത്യ ടി-20യേക്കാള്‍ വേഗത്തില്‍ ബാറ്റ് വീശി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടി. 35 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാതെയാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 52 റണ്‍സ് ലീഡ് സ്വന്തമാക്കിയത്. അതേ ദിവസം തന്നെ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിന്റെ 11 ഓവര്‍ എറിഞ്ഞ് തീര്‍ക്കുകയും ചെയ്തു.

അവസാന ദിവസം അശ്വിന്‍-ബുംറ-ജഡേജ ട്രോയോയുടെ കരുത്തില്‍ ഇന്ത്യ എതിരാളികളെ പുറത്താക്കി. ചായക്ക് പിരിയും മുമ്പ് തന്നെ ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്ന് ഇന്ത്യ വിജയവും സ്വന്തമാക്കി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരയാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി. ഇതടക്കം എട്ട് ടെസ്റ്റുകള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. പക്ഷേ ഓസ്‌ട്രേലിയന്‍ മണ്ണിലെ ഹാട്രിക് പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ എതിരാളികളുടെ തട്ടകത്തിലേക്കെത്തുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content highlight: Brad Haddin warns Australia before Border-Gavaskar Trophy

We use cookies to give you the best possible experience. Learn more