ഐ.പി.എല്‍ 2023 പതിനെട്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് കളം നിറഞ്ഞത്. ടോസ് നേടിയ ടൈറ്റന്‍സ് ക്യാപ്റ്റന്‍ പാണ്ഡ്യ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച കാണികളെ നിരാശരാക്കിക്കൊണ്ട് 8 റണ്‍സുമായി ധവാന്‍ കൂടാരം കയറിയതോടെ പഞ്ചാബ് നിര പ്രതിരോധത്തിലായി.
ഓപ്പണിങ്ങിനിറങ്ങിയ യുവ താരം പ്രഭ്‌സിമ്രന്‍ സിങ്ങ് രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായതും പഞ്ചാബിനെ പ്രതിസന്ധിയിലാക്കി. പിന്നീട് ക്രീസിലെത്തിയ മാറ്റ് ഷോര്‍ട്ട് നേടിയ 36 റണ്‍സാണ് ടീമിലെ ഉയര്‍ന്ന സ്‌കോര്‍. മധ്യനിരയും കാര്യമായി ബാറ്റ് വീശാതായതോടെ ടീം സ്‌കോര്‍ 153ല്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് മികവിലാണ് ലക്ഷ്യം പൂര്‍ത്തികരിച്ചത്. 49 പന്തില്‍ 67 റണ്‍സെടുത്ത ഗില്ലും 19 പന്തില്‍ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമാണ് ടൈറ്റന്‍സ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറില്‍ ഒത്തുചേര്‍ന്ന ഡേവിഡ് മില്ലറും രാഹുല്‍ തേവാട്ടിയയും ചേര്‍ന്നാണ് പഞ്ചാബ് വധം പൂര്‍ത്തിയാക്കിയത്.
തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും ടീം ഓപ്പണ്‍ ചെയ്ത പ്രഭ്‌സിമ്രന്‍ സിങ്ങിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കിങ്‌സിന്റെ അസിസ്റ്റന്റ് കോച്ചായ ബ്രാഡ് ഹാഡിന്‍.
പ്രഭ്‌സിമ്രന്‍ നല്ല കഴിവുള്ള യുവതാരമാണെന്നും ടീമില്‍ സെറ്റായി കഴിഞ്ഞാല്‍ മികച്ച മാച്ചിങ് വിന്നങ് ഇന്നിങ്‌സുകള്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നുമാണ് ഹാഡിന്‍ പറഞ്ഞത്. ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്തിയാല്‍ ഐ.പി.എല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് പ്രഭ്‌സിമ്രനെന്നും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രഭ്‌സിമ്രന്‍ നല്ല ടാലന്റുള്ള ക്രിക്കറ്ററാണ്. ഫീല്‍ഡില്‍ നല്ല പവര്‍ ഹിറ്റിങ് ഷോട്ടുതിര്‍ക്കാനുള്ള പ്രാപ്തി അവന്റെ ബാറ്റിങ്ങിലുണ്ട്. വളരെ വൈകാതെ തന്നെ അവനൊരു മാച്ച് വിന്നറായി മാറും. ടീമില്‍ അവന്റെ റോള്‍ മനസിലാക്കി ടെംപോ കിട്ടേണ്ട കാര്യമേ ഉള്ളൂ.
ആദ്യ ആറ് ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞാല്‍ മികച്ച പല ഇന്നിങ്‌സുകളും ഇവന്റെ കയ്യില്‍ നിന്ന് കാണാനാകും. ബാറ്റിങ്ങില്‍ സ്ഥിരത കൈവരിച്ചാല്‍ ഏറ്റവും അപകടകാരിയായ ബാറ്ററായി പ്രഭ്‌സിമ്രന്‍ മാറും,’ ഹാഡിന്‍ പറഞ്ഞു.
Content Highlight: brad haddin talk about punjab player