വൈറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ബ്രാഡ്‌ലി കറി. വൈറ്റാലിറ്റി ബ്ലാസ്റ്റിലെ സസക്‌സ് ഷാര്‍ക്‌സ് – ഹാംഷെയര്‍ ഹോക്‌സ് മത്സരത്തിലാണ് ഷാര്‍ക്‌സിനായി കറി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വണ്‍ ഓഫ് ദി ബെസ്റ്റ് ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു സംഭവം. ഹോക്‌സിന് വിജയിക്കാന്‍ 11 പന്തില്‍ 25 റണ്‍സ് വേണമെന്നിരിക്കെ ഇന്‍ ഫോം ബാറ്റര്‍ ബൈന്നി ഹൗവല്‍ ടൈമല്‍ മില്‍സിനെതിര തകര്‍പ്പന്‍ ഷോട്ട് കളിച്ചു. അത് സിക്‌സറെന്ന് ഉറപ്പിച്ചിടത്ത് നിന്നുമാണ് കറി ഹൗവലിനെ മടക്കിയത്.
ആ ഷോട്ടിന് പിന്നാലെ കമന്റേറ്റര്‍മാരും അത് സിക്‌സറാണെന്ന് ഉറപ്പിച്ചിരുന്നു. ‘ഹി ഗോട്ട് ഇറ്റ്’ എന്നാണ് ഷോട്ട് കളിച്ചതിന് പിന്നാലെ കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ ഗ്രൗണ്ടിലുള്ളവരെയും മത്സരം ലൈവിലൂടെ കണ്ടവരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുകൊണ്ടാണ് കറി പറന്നെത്തിയത്. തകര്‍പ്പന്‍ ആക്രോബാക്ടിക് സ്‌കില്ലിലൂടെ, ഒറ്റക്കയ്യില്‍ താരം ആ ക്യാച്ച് സ്വന്തമാക്കിയപ്പോള്‍ ഗ്രൗണ്ടില്‍ ഒന്നടങ്കം ആവേശം അലതല്ലി. നിങ്ങള്‍ ഇതുപോലെ ഒന്ന് ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്നായിരുന്നു കമന്റേറ്റര്‍മാരുടെ ചോദ്യം.
നേരത്തെ ടോസ് നേടിയ ഹാംഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് ഓവറിന് മുമ്പ് തന്നെ ഷാര്‍ക്‌സിന്റെ ഓപ്പണര്‍മാരെ മടക്കിയ ഹോക്‌സ് ബൗളര്‍മാര്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ഒലി കാര്‍ട്ടറും ക്യാപ്റ്റന്‍ രവി ബൊപ്പാരയും ഒന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 29 റണ്‍സില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 127ാം റണ്‍സിലാണ്. ബൊപ്പാരയെ മടക്കി ബെന്നി ഹൗവലാണ് കൂട്ടുകെട്ട് പൊളിച്ചത്.
രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 33 പന്തില്‍ നിന്നും 64 റണ്‍സടിച്ച ഒലി കാര്‍ട്ടര്‍ കൂടി മടങ്ങിയതോടെ ഷാര്‍ക്‌സ് ഇന്നിങ്‌സിന് വേഗം കുറഞ്ഞു. മൈക്കല്‍ ബര്‍ഗസും ഡാനിയല്‍ ഇബ്രാഹീമും തങ്ങളുടെ സംഭാവന നല്‍കിയതോടെ ഷാര്‍ക്‌സ് സ്‌കോര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 183 എന്ന നിലയിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോക്‌സിന് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 25 കടക്കും മുമ്പേ നാല് മുന്‍നിര വിക്കറ്റുകള്‍ ഹോക്‌സിന് നഷ്ടമായിരുന്നു. എന്നാല്‍ നാലാമന്‍ ജോ വെതര്‍ലിയും ആറാമന്‍ ലിയാം ഡോവ്‌സണും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. വെതര്‍ലി 33 റണ്‍സ് നേടിയപ്പോള്‍ ഡോവ്‌സണ്‍ 34 പന്തില്‍ നിന്നും 59 റണ്‍സ് നേടി പുറത്തായി.
അവസാന ഓവറുകളിലടക്കം തകര്‍ത്തടിക്കാന്‍ ശ്രമിച്ചെങ്കിലും ആറ് റണ്‍സകലെ ഹോക്‌സ് കാലിടറി വീഴുകയായിരുന്നു.
ഷാര്‍ക്‌സിനായി ബ്രാഡ്‌ലി കറി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഏരി കാര്‍വേലസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. രവി ബൊപ്പാര, ടൈമല്‍ മില്‍സ്, ഷദാബ് ഖാന്‍, ജോര്‍ജ് ഗാര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ഹോക്‌സിന്റെ പതനം പൂര്‍ത്തിയായി.
Content Highlight: Brad Currie takes brilliant catch in vitality blast