വിചിത്രം! ഒറ്റ മത്സരത്തില്‍ രണ്ട് തവണ ഔട്ട്; ഗോള്‍ഡന്‍ ഡക്കാകും മുമ്പ് സംഭവിച്ചത്...
Sports News
വിചിത്രം! ഒറ്റ മത്സരത്തില്‍ രണ്ട് തവണ ഔട്ട്; ഗോള്‍ഡന്‍ ഡക്കാകും മുമ്പ് സംഭവിച്ചത്...
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 01, 03:26 pm
Wednesday, 1st January 2025, 8:56 pm

ഒറ്റ മത്സരത്തില്‍ രണ്ട് തവണ പുറത്താവുക! ഒരു ക്രിക്കറ്ററും ആഗ്രഹിക്കാത്ത മോശം നേട്ടമാണിത്. ഇങ്ങനെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെടേണ്ട, ഇത് സംഭവിച്ചുകഴിഞ്ഞു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ കുല്‍ന ടൈഗേഴ്‌സ് – ചിറ്റഗോങ് കിങ്‌സ് മത്സരത്തിലാണ് ഈ വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. ചിറ്റഗോങ് ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

ഏഴാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ടോം ഒ കോന്നെലായിരുന്നു ക്രീസിലെത്തേണ്ടത്. എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും ബാറ്റര്‍ ക്രീസിലെത്തുകയോ ഗാര്‍ഡ് സ്വീകരിക്കുകയോ ചെയ്യാതിരുന്നതിന് പിന്നാലെ ടൈഗേഴ്‌സ് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.

അപ്പോഴേക്കും താരം ഓടിക്കിതച്ചെത്തിയിരുന്നു. ടൈംഡ് ഔട്ടിലൂടെ പുറത്താക്കുകയാണെന്ന് അമ്പയര്‍മാര്‍ ടോമിനെ അറിയിച്ചു. ഇതോടെ താരം നിരാശനായി തിരിച്ചുനടക്കാന്‍ ആരംഭിച്ചു.

എന്നാല്‍ ടൈഗേഴ്‌സ് നായകന്‍ മെഹ്ദി ഹസന്‍ മിറാസ് അപ്പീല്‍ പിന്‍വലിക്കുകയും ടോമിനെ ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മെഹ്ദി ഹസന്‍ മിറാസിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ടൈഗേഴ്‌സ് 35 റണ്‍സിന് വിജയിച്ചിരുന്നു. ടൈഗേഴ്‌സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിങ്‌സിന് 166 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈഗേഴ്‌സ് ഓപ്പണര്‍ വില്‍ ബോസിസ്‌റ്റോയുടെയും മഹിദുള്‍ ഇസ്‌ലാം അന്‍കോണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബോസിസ്‌റ്റോ 50 പന്തില്‍ പുറത്താകാതെ 75 റണ്‍സടിച്ചപ്പോള്‍ 22 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് അന്‍കോണ്‍ നേടിയത്.

26 റണ്‍സ് നേടിയ മുഹമ്മദ് നയീമും 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിറാസുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചിറ്റഗോങ്ങിനായി ഷമിം ഹൊസൈന്‍ മാത്രമാണ് ചെറുത്തുനിന്നത്. 38 പന്ത് നേരിട്ട താരം ഏഴ് ഫോറും അഞ്ച് സിക്‌സറും അടക്കം 78 റണ്‍സ് സ്വന്തമാക്കി.

ഷമീം ഹൊസൈന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും തന്നെ സാധിക്കാതെ വന്നതോടെ 166 റണ്‍സില്‍ നില്‍ക്കവെ കിങ്‌സിന്റെ അവസാന വിക്കറ്റും വീണു. നാല് വിക്കറ്റുമായി അബു ഹൈദറാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

 

Content highlight: BPL: Batter gets out twice in a match; first timed out, then recalled to only get dismissed for dramatic golden duck