| Wednesday, 27th March 2024, 9:41 am

മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്കും പഠിക്കാം; ചരിത്ര തീരുമാനത്തിനൊരുങ്ങി കലാമണ്ഡലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ ജാതി ലിംഗ അധിക്ഷേപത്തിന് പിന്നാലെ നിര്‍ണായക തീരുമാനവുമായി കലാമണ്ഡലം. ഇനി മുതല്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാമെന്ന് കലാമണ്ഡലം അറിയിച്ചു. വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനം എടുക്കും.

ജൻഡർ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നില നില്‍ക്കാനാണ് ആഗ്രഹമെന്നും ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാറുന്ന കാലത്തെ കലാമണ്ഡലവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് വി.സി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കലാമണ്ഡലം അധികൃതര്‍ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തെ ബാധിക്കില്ലെങ്കില്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അതിനിടെ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ചൊവ്വാഴ്ച ആര്‍.എല്‍.വി രാമകൃഷ്ണന്റെ മോഹനിയാട്ടം നടന്നിരുന്നു. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍ ആണ് അദ്ദേഹത്തിന് മോഹനിയാട്ടം നടത്താനുള്ള അവസരം ഒരുക്കി നല്‍കിയത്. ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ക്ഷണം.

ആണ്‍കുട്ടികളെ മോഹനിയാട്ടം പഠിപ്പിക്കുന്നതിനായി കലാമണ്ഡലത്തിന്റെ വാതിലുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കലാമണ്ഡലം വി.സി ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹനിയാട്ടം അവതരിപ്പിച്ചത്.

Content Highlight: boys can also join mohiniyattam course at kerala kalamandalam

Latest Stories

We use cookies to give you the best possible experience. Learn more