| Thursday, 25th April 2019, 2:34 pm

'ലെയ്സ്' ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ കേസ്; #BoycottLays കാമ്പയിനുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ജങ്ക് ഫുഡായ ലെയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒമ്പത് കര്‍ഷകരില്‍ നിന്നും 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കമ്പനി കേസ് കൊടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ലെയ്‌സിന്റേയും പെപ്‌സിക്കോയുടേയും നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. #BoycottLays, #BoycottPepsico കാമ്പയിനുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

” കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് കുഴലൂതുന്ന പേറ്റന്റ് നിയമങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് പലരും ഹാഷ് ടാഗ് കാമ്പയിന്റെ ഭാഗാകുന്നത്.

”കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കാന്‍ ശ്രമിക്കയാണെന്നും നീതിക്കായുള്ള കര്‍ഷകസമരത്തെ പിന്‍തുണയ്ക്കുന്നതോടൊപ്പം ലെയ്‌സ് എന്ന പെപ്‌സിക്കോയുടെ ജങ്ക്ഫുഡ് ബഹിഷ്‌ക്കരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ മലയാളികള്‍ മുന്നോട്ടുവരണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പടുന്നു.

ജീവിക്കാന്‍ പാടുപെടുന്ന കര്‍ഷകരെയാണ് വന്‍കിട കുത്തകക്കാര്‍ ആത്മഹത്യയുടെ വക്കിലേക്ക് ആട്ടിപ്പായിച്ചിരിക്കുന്നതെന്നും ഇത് വെറും ഒന്‍പത് കര്‍ഷകരെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ലെയ്‌സ് കമ്പനി പരാതി പിന്‍വലിക്കുംവരെ അവരുടെ ഉത്പന്നം ബഹിഷ്‌കരിക്കണമെന്നും ഈ ഒരു ബഹിഷ്‌ക്കരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും എന്നാല്‍ ആ കര്‍ഷകര്‍ക്ക് അവരുടെ ജീവിതം തിരികെ നല്‍കുമെന്നും അതിനായി ഒരുമിച്ച് ചേരണമെന്നുമാണ് സോഷ്യല്‍ മീഡിയിയിലൂടെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

2018 ല്‍ പ്രാദേശികമായി കൈമാറി കിട്ടിയ വിത്ത് ഉദ്പാതിപ്പിച്ചതിനാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സി കേസ് കൊടുത്തിരിക്കുന്നത്. ഏപ്രില്‍ 9ന് പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും ചിപ്‌സ് മാര്‍ക്കറ്റില്‍ നിന്നും കര്‍ഷകരെ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗുജറാത്തിലെ കര്‍ഷക സംഘടനാ നേതാവായ അംബുബായ് പട്ടേല്‍ പറഞ്ഞു.

FL 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.

ഈ ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്-2001 പ്രകാരം പെപ്‌സികോ കമ്പനിക്കാണ്.

അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more