| Thursday, 15th December 2022, 11:54 am

ബോളിവുഡിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന സംഘപരിവാര്‍; ഗുണം പിടിക്കാത്തതിന് ഇതൊക്കെ തന്നെ കാരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് ലേബലില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ബോയ്‌കോട്ട് ചെയ്യുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരു പതിവാണ്. അതിന് പ്രത്യേകിച്ച് ലോജിക്കൊന്നും വേണ്ട. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ബോയ്‌കോട്ട് ഭീഷണി ഉയര്‍ന്നിരിക്കുന്നത് ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താനിലെ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ‘ബേഷരം രംഗ്’ എന്ന തുടങ്ങുന്ന ഗാനത്തിലെ ദീപികയുടെ വസ്ത്രധാരണവും അതിന്റെ നിറവുമാണ് ഒരു സംഘത്തെ ചൊടിപ്പിച്ചത്. പിന്നാലെ ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ തുടങ്ങി.

പാട്ടിലെ ചില ആംഗ്യങ്ങളിലൂടെയും സിനിമയിലൂടെ തന്നയും ഇസ്ലാമൈസേഷന്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും വന്ന ട്വീറ്റുകള്‍. ഇതിന് പുറമേ ദീപികയുടെ വസ്ത്രത്തിലെ കാവി നിറവും ഇക്കൂട്ടരെ ചൊടിപ്പിച്ചു. കാവി നിറത്തിലുള്ള ബിക്കിന് ധരിച്ച് ഹിന്ദു പെണ്‍കുട്ടിയെ വശീകരിക്കാന്‍ ശ്രമിക്കുന്ന പത്താന്‍ എന്നാണ് വ്യാപകമായ ട്വീറ്റുകളില്‍ ഒന്നില്‍ കുറിച്ചിരുന്നത്.

തീവ്രഹിന്ദുത്വ പ്രൊഫൈലുകളുടെ സൈബര്‍ ആക്രമണം ഇപ്പോള്‍ ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണ്. കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ആക്ഷേപകരമായ രീതിയില്‍ പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഈ ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത് എന്നും അദ്ദേഹം പറയുന്നു. കാവി നിറത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും കുത്തക ഇപ്പോള്‍ ഒരു സംഘം ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ അനുവാദമില്ലാതെ അല്ലെങ്കില്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഇപ്പോള്‍ ഇതൊന്നും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ത്യയില്‍.

ദീപികയുടെ വസ്ത്രധാരണമാണ് സംഘപരിവാറിനെയും നരോത്തം മിശ്രയേയും അലോസരപ്പെടുത്തുന്ന മറ്റൊന്ന്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറയുന്നു. ദീപിക ടുക്ക്ഡെ ടുക്ക്ഡെ ഗ്യാങ്ങിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു.

ദീപികയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ സംഘപരിവാറിന് പുറമേ സോഷ്യല്‍ മീഡിയയില്‍ നിലവിളിക്കുന്ന സദാചാര സംഘങ്ങളെ കൂടി ഈ സാഹചര്യത്തില്‍ പരാമര്‍ശിക്കാതെ വയ്യ. ‘അല്പവസ്ത്രധാരിയായി’ ഷാരൂഖിനൊപ്പം ദീപിക ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭര്‍ത്താവായ രണ്‍വീര്‍ സിങ് എങ്ങനെ സഹിക്കും എന്നാണ് ഇവരുടെ സങ്കടം. ഷര്‍ട്ടിടാതെ ഒരു പാട്ടിലെത്തി ദീപികക്കൊപ്പം ഷാരൂഖ് ഇന്റിമേറ്റ് രംഗങ്ങളിലെത്തുമ്പോള്‍ ഭാര്യ ഗൗരി ഖാന് ഉണ്ടാകുന്ന വിഷമം കൂടി പരിഗണിക്കണമെന്ന് ഈ സദാചാര സംഘത്തോട് ഒരു അഭ്യര്‍ത്ഥനയുണ്ട്.

പത്താനെതിരായ നരോത്തം മിശ്രയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഷാരൂഖിന്റെയും ദീപികയുടെ കോലം കത്തിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചത്. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ബോളിവുഡിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍. നേരത്തെ ആമീര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദക്കും രണ്‍ബീര്‍ കപൂര്‍ ചിത്രം ബ്രഹ്‌മാസ്ത്രക്കും സമാനമായി സംഘപരിവാറില്‍ നിന്നും ബോയ്‌കോട്ട് ഭീഷണികള്‍ വന്നിരുന്നു.

തെന്നിന്ത്യന്‍ സിനിമകള്‍ രാജ്യാതിര്‍ത്തിയും കടന്ന് പേരും പ്രശസ്തിയും നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ മുഖമായിരുന്ന ബോളിവുഡ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഗുണം പിടിക്കാത്തത് എന്ന് ചോദിക്കുന്നില്ലേ, ഇതൊക്കെ തന്നെയാണ് കാരണം.

Content Highlight: boycott trend and bjp protest against pathaan movie and besharam rang song

We use cookies to give you the best possible experience. Learn more