ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സംഘപരിവാര്‍ പ്രതിഷേധം; #boycottqatarairways ട്വിറ്ററില്‍ ട്രന്‍ഡിംഗില്‍
national news
ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സംഘപരിവാര്‍ പ്രതിഷേധം; #boycottqatarairways ട്വിറ്ററില്‍ ട്രന്‍ഡിംഗില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 8:24 pm

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അപലപിച്ച് ഖത്തര്‍ രംഗത്തെത്തിയതിന് പിന്നാലെ ഖത്തര്‍ എയര്‍വെയ്‌സിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. #boycottqatarairways ഇതിനോടകം ട്വിറ്റര്‍ ഇന്ത്യയില്‍ ട്രന്റിംഗായിട്ടുണ്ട്. 27,000 ട്വീറ്റുകളാണ് വിഷയത്തില്‍ വന്നിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രായലയം പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നത്.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തര്‍ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയത്.

പ്രവാചകനെതിരായ വിദ്വേഷ പ്രചാരണം വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പിയ്ക്കെതിരെ ട്വിറ്ററില്‍ വിമര്‍ശനമുയരുന്നുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ നാണംകെടുത്തിയെന്നും, ഇന്ത്യ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തുന്നത്.

ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശമാണ് വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമര്‍ശം.

ഇസ്‌ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി കാര്യങ്ങളുണ്ടെന്ന് ആരോപിച്ച നുപുര്‍ പ്രവാചകനെതിരേയും വിദ്വേഷപരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നുപുറിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലോകരാജ്യങ്ങളും സംഭവത്തെ അപലപിച്ച് എത്തിയതോടെ നുപുര്‍ ശര്‍മയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി സ്വാഗതാര്‍ഹമാണെങ്കിലും ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് കുവൈത്ത്, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.