Film News
'അമ്പലത്തിലെ ചുംബന രംഗം'; ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ക്യാമ്പയിനുമായി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 22, 07:25 am
Sunday, 22nd November 2020, 12:55 pm

ന്യൂദല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഹിന്ദുത്വവാദികള്‍.

]പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

വിഷയത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

എന്നാല്‍ ഇവര്‍ക്ക് മറുപടിയുമായി നിരവധി പേര്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. അമ്പലത്തിനകത്ത് വെച്ച് ഏഴ് വയസുള്ള ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ പ്രശ്‌നമില്ലാത്തവരാണ് ഇപ്പോള്‍ ക്ഷേത്രത്തിനകത്ത് ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ വിമര്‍ശിക്കുന്നത് എന്ന് വിഷയത്തില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’ ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്‌ളിക്‌സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്.

ഒ.ടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒ.ടി.ടിപ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹിന്ദുത്വവാദികള്‍ ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boycott netflix campaign trending in twitter