'പ്രകാശ് രാജ് ദേശസ്‌നേഹി അല്ല, മാറ്റണം' ; കെ.ജി.എഫ് 2 ന് എതിരെ സംഘപരിവാര്‍ അനുകൂലികളുടെ 'ബോയ്‌ക്കോട്ട് കെ.ജി.എഫ്' ക്യാംപെയ്ന്‍
ബെംഗളൂരു: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ്: ചാപ്റ്റര്‍ 2. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍.
നടന്‍ പ്രകാശ് രാജ് കെ.ജി.എഫിന്റെ പുതിയ പതിപ്പില്‍ അഭിനയിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജ് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെ പ്രകാശ് രാജ് ദേശസ്‌നേഹി അല്ലെന്നും പ്രകാശ് രാജിനെ ചിത്രത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ കെ.ജി.എഫ് ബോയ്‌ക്കോട്ട് ചെയ്യണമെന്നുമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരണം നടത്തിയത്.
ബി.ജെ.പിക്കെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന താരമാണ് പ്രകാശ് രാജ്. അതേസമയം ചിത്രത്തില്‍ ബി.ജെ.പി വക്താവ് മാളവിക അവിനാശ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ പ്രകാശ് രാജിന്റെ കഥാപാത്രം ആനന്ദ് നാഗ് അവതരിപ്പിച്ച കഥാപാത്രത്തിന് പകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രകാശ് രാജിന്റെത് പുതിയ കഥാപാത്രമാണെന്ന് സംവിധായകന്‍ നീല്‍ പ്രശാന്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2വില്‍ വില്ലനായി എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. കര്‍ണാടകയില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 14 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
രണ്ടാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബിലെത്തി. ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം 225 കോടിയാണ് ബോക്‌സോഫിസില്‍ നിന്ന് വാരികൂട്ടിയത്.