| Saturday, 20th August 2022, 9:48 am

ലൈഗറിനെതിരെയും ബോയ്‌ക്കോട്ട് ഹാഷ്ടാഗ്: ബഹിഷ്‌കരിക്കാനുള്ള കാരണം ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്. വമ്പന്‍ റിലീസുള്‍പ്പടെ തീരുമാനിച്ചിരിക്കുന്ന ചിത്രം ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാകുന്നത്.

ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ഉണ്ടെന്നതാണ് ലൈഗര്‍ ബഹിഷ്‌കരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഹാഷ്ടാഗ് ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ ലൈഗര്‍ പ്രൊമോഷന്റെ ഭാഗമായി ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോയ്‌ക്കോട്ട് സംസ്‌കാരത്തെ വിജയ് ദേവരകൊണ്ട വിമര്‍ശിച്ചിരുന്നു ഈ വീഡിയോയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

‘ആമിര്‍ ഖാന്റെ പേരില്‍ ലാല്‍ സിങ് ചദ്ദ എന്നൊരു ചിത്രം വരുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലാണ് അത് വരുന്നത് എങ്കിലും അതിന് പിന്നില്‍ 2000-3000 ആളുകള്‍ ഉണ്ട്,’ എന്നും ദേവരകൊണ്ട പറഞ്ഞിരുന്നു.

കരണ്‍ ജോഹര്‍ മാത്രമല്ല ലൈഗര്‍ ബോയ്‌കോട്ട് ചെയ്യാനുള്ള കാരണമായി ഹാഷ്ടാഗ് അനുകൂലികള്‍ പറയുന്നത്. പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട നല്‍കിയ അഭിമുഖത്തില്‍ ടേബിളിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ച് ബഹുമാനമില്ലാതെ ഇരുന്നുവെന്നും സാംസ്‌കാരത്തെ അപമാനിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും വിജയിക്ക് നേരെ ഉയരുന്നുണ്ട്.

ചിത്രത്തിലെ നടി അനന്യ പാണ്ഡെ ‘നെപ്പോ കിഡ്’ ആയത് കൊണ്ടും ലൈഗര്‍ ബഹിഷ്‌കരിക്കണം എന്നാണ് വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് സിനിമകളെ തകര്‍ക്കരുത് എന്നും ഒരുപാട് പേരുടെ ജോലിയെ ഇല്ലാതാക്കി കളയരുതെന്നും പറയുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം ഷാരുഖ് ചിത്രം പത്താനും ബോയിക്കോട്ട് ചെയ്യണം എന്ന ഹഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. പുരി ജഗനാഥ് ആണ് ലൈഗര്‍ സംവിധാനം ചെയ്യുന്നത്.
ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിച്ച ലൈഗര്‍ മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷയില്‍ മൊഴിമാറ്റിയും റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുമൊക്കെ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പുരി ജഗനാഥിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ജന ഗണ മനയും, ശിവ നിരവ് സംവിധാനം ചെയ്യുന്ന ഖുശിയുമാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. പൂജ ഹെഗ്‌ഡേയാണ് പുരിയുടെ ചിത്രത്തില്‍ നായിക. അതേസമയം സമന്തയാണ് ഖുശിയില്‍ നായികയായി എത്തുന്നത്.

Content Highlight: Boycott campaign against Liger movie is trending now on twitter this is the reason for the hashtag

We use cookies to give you the best possible experience. Learn more