| Thursday, 7th March 2024, 8:21 am

ഗസയില്‍ പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങളില്‍ വര്‍ധന; ഇസ്രഈലിലെ ഷേക്ക് ഷാക്ക് ശൃംഖലക്കെതിരെ ബഹിഷ്‌കരണാഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലിലെ ഷേക്ക് ഷാക്ക് ഫാസ്റ്റ് ഫുഡ് ശൃംഖലക്ക് കടുത്ത തിരിച്ചടി. ഇസ്രഈലിന്റെ ആക്രമണത്തില്‍ പോഷകാഹാരക്കുറവ് മൂലം ഗസയിലെ കുഞ്ഞുങ്ങളടക്കം 18 ഫലസ്തീനികള്‍ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ച അതേ ദിവസമാണ് സംരംഭത്തിന് ഇസ്രഈല്‍ തുടക്കം കുറിക്കുന്നത്.

തുടര്‍ന്ന് സംരംഭത്തിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളുമായി ഡസന്‍ കണക്കിന് ആളുകള്‍ രംഗത്തെത്തി. ഗസയിലെ ഫലസ്തീനികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ തയ്യാറായി നിരവധി സംഘടനകള്‍ രംഗത്തെത്തിയത് ഇസ്രാഈലിലെ ശൃംഖലക്ക് തിരിച്ചടിയായി.

ഇസ്രഈലിന്റെ തീരുമാനം ഒരു വിരോധാഭാസമായി തോന്നുന്നുവെന്ന് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിരവധി ഉപയോക്താക്കള്‍ സംരംഭത്തിനെതിരെ പ്രതിഷേധം അറിയിച്ചു.

‘ഗസയില്‍ കൂട്ടക്കൊല നടത്തുന്നതിനിടയില്‍ ഇസ്രഈല്‍ ഷേക്ക് ഷാക്ക് സംരംഭം ആരംഭിച്ചിരിക്കുന്നു. അറബ് ലോകത്തുള്ള അതിന്റെ ശാഖകള്‍ അടച്ചുപൂട്ടുക,’ ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇനി ഒരിക്കലും ഷേക്ക് ഷാക്ക് ഔട്‌ലെറ്റുകളിലേക്ക് പോവുകയില്ലെന്ന് ചിലര്‍ വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഗസയില്‍ ആഹാരത്തിനായി കാത്ത് നിന്ന നൂറിലധികം ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രഈല്‍ സേനയുടെ നടപടിയെ അഭിനന്ദിച്ച് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ രംഗത്തെത്തിയിരുന്നു.

ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് തടയണമെന്നും അത് ഇസ്രഈല്‍ സൈനികര്‍ക്ക് അപകടമാണെന്നും ബെന്‍ ഗ്വിര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

‘ഗസയില്‍ ധീര പോരാട്ടം നയിക്കുന്ന നമ്മുടെ പോരാളികള്‍ക്ക് നമ്മള്‍ പൂര്‍ണ പിന്തുണ നല്‍കണം. അവരെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഗസയിലെ ആള്‍ക്കൂട്ടത്തിനെതിരെ അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു,’ എന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.

അതേസമയം ഇസ്രഈലിന്റെ ബോംബാക്രമണത്തെ അതിജീവിച്ച ഗസയിലെ കുട്ടികള്‍ പട്ടിണിയെ അതിജീവിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഗസയില്‍ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതില്‍ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

Content Highlight: Boycott call against Shake Shack fast food chain in Israel

We use cookies to give you the best possible experience. Learn more