| Thursday, 7th September 2023, 9:38 am

ഉദയനിധി സ്റ്റാലിന്റെ ജവാന്‍ ബോയ്‌കോട്ട് ചെയ്യുക; ഷാരൂഖ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ ചിത്രം ജവാനെതിരെ വീണ്ടും ബോയ്‌കോട്ട് ആഹ്വാനം. റിലീസ് ദിനത്തിന് തലേന്നാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നത്.

ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് ജവാന്‍ വിതരണം ചെയ്യുന്നതെന്നറിഞ്ഞതോടെയാണ് തീവ്രഹിന്ദുത്വ വാദികള്‍ ചിത്രത്തിനെതിരെ തിരിഞ്ഞത്.

സനാതന ധര്‍മത്തെ ഇല്ലാതാക്കണം എന്ന് പറഞ്ഞ ഉദയനിധിയുടെ സിനിമ കാണരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആഹ്വാനം.

ചില കാര്യങ്ങള്‍ കേവലമായി എതിര്‍ക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണമെന്നാണ് ഉദയനിധി പറഞ്ഞിരുന്നത്. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിര്‍ക്കേണ്ടതല്ല, ഇല്ലാതാക്കേണ്ടതാണ്. സനാതനവും അതുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിത്രത്തിന്റെ റിലീസിന് മുന്നേ ഷാരൂഖ് ഖാന്‍ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതും ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ ഷാരൂഖ് സിനിമാ പ്രൊമോഷന്റെ കേന്ദ്രങ്ങളാക്കുകയാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അതേസമയം അറ്റ്‌ലി സംവിധാനം ചെയ്ത ജവാന് റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡില്‍ നിന്നെത്തിയ ഏറ്റവും മികച്ച പാന്‍ ഇന്ത്യന്‍ ചിത്രങ്ങളിലൊന്ന് എന്നാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ക്ലാസും മാസും ഒത്തുചേര്‍ന്ന ഒരു വിരുന്ന് തന്നെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ജവാന്റെ വിജയം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോകളും പുറത്തുവന്നിരുന്നു.

പ്രീ സെയില്‍ കൊണ്ട് തന്നെ വലിയ തുക ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളില്‍ ജാവാന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റു പോകുന്നത്.

സിനിമക്ക് കേരളത്തിലും വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 1.5 കോടിക്ക് മുകളില്‍ പ്രീ സെയില്‍ ആയി തന്നെ സിനിമക്ക് ലഭിച്ചു കഴിഞ്ഞു.

മുമ്പ് ഷാരൂഖ് ചിത്രം പത്താനെതിരെയും ഹിന്ദുത്വ വാദികളില്‍ നിന്നും വലിയ തോതില്‍ ബഹിഷ്‌കരണാഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ 1000 കോടിക്ക് മേല്‍ കളക്ട് ചെയ്ത ചിത്രം തകര്‍ന്ന് കിടന്ന ബോളിവുഡിനെ വിജയപാതയില്‍ തിരികെ എത്തിക്കുകയും ചെയ്തിരുന്നു.

Content Highlight: Boycott call against Shahrukh Khan movie Jawan

We use cookies to give you the best possible experience. Learn more