| Sunday, 10th November 2024, 9:02 pm

'ഹൂഡ' പ്രയോഗം ഒഴിവാക്കണം; നെറ്റ്ഫ്ലിക്സിനും 'ദോ പാട്ടി'ക്കുമെതിരെ ബഹിഷ്‌കരണാഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: നെറ്റ്ഫ്ലിക്സിനും ‘ദോ പാട്ടി’ സിനിമക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനവുമായി ഹരിയാനയിലെ ഹൂഡ സമുദായം. സിനിമയിലെ ‘ഹൂഡ’ എന്ന വാക്ക് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആഹ്വാനം. ആവശ്യം നിരാകരിച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും സാമുദായിക പ്രതിനിധികള്‍ പറഞ്ഞു.

നിര്‍മാതാക്കള്‍ ഉള്‍പ്പെടെ സിനിമയുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും ബഹിഷ്‌കരിക്കാനാണ് തീരുമാനം. സിനിമയിലെ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ബി.ജി.പി സര്‍ക്കാരിന് ഹൂഡ സമുദായം ഒരു മാസത്തെ സമയം നല്‍കുകയും ചെയ്തു.

താന്‍, കൃഷന്‍ ലാല്‍ ഹൂഡ, സുരേന്ദര്‍ സിങ് ഹൂഡ, മുകേഷ് ഹൂഡ, കൃഷന്‍, കുല്‍ദീപ് എന്നിവരടങ്ങുന്ന ആറംഗ സമിതിയാണ് സര്‍ക്കാരിന് മുമ്പില്‍ ആവശ്യം ഉന്നയിച്ചത്.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധം കനപ്പിക്കുമെന്നും അതൃപ്തി യോഗങ്ങളില്‍ ഒതുക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. റോഹ്തക് ജില്ലയിലെ ബസന്ത്പൂരിലാണ് ഹൂഡ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്നത്.

സിനിമയില്‍ നടന്‍ ഷഹിര്‍ ഷെയ്ഖ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നാണ് സമുദായത്തിന്റെ പ്രധാന ആവശ്യം.

തങ്ങളുടെ ആവശ്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടാവാത്തപക്ഷം സിനിമയുടെയും നെറ്റ്ഫ്ലിക്സിന്റെയും നിര്‍മാതാക്കള്‍, അഭിനേതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

ഹൂഡ സമുദായത്തിനെതിരായ അപകീര്‍ത്തികരമായ മുഴുവന്‍ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഹൂഡ എന്ന പരാമര്‍ശം ഒഴിവാക്കുന്നതുവരെ സിനിമയുടെ സ്ട്രീമിങ് നടത്തരുതെന്ന് ഹൂഡ സമിതി ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് തൃപ്തികരമായ മറുപടി നെറ്റ്ഫ്ലിക്സില്‍ നിന്ന് ലഭിച്ചില്ലെന്ന് ആറംഗ സമിതി അറിയിച്ചു. ഇതിനുപിന്നാലെയാണ് ആവശ്യമായി സമിതി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.

Content Highlight: Boycott call against Netflix and ‘Do Patti’ movie

Latest Stories

We use cookies to give you the best possible experience. Learn more