കോഴിക്കോട്: ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ടിനെതിരെ ബഹിഷ്‌കരണാഹ്വാനം. രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കളെ ഫ്ലിപ്കാര്‍ട്ട് വഞ്ചിക്കുകയാണെന്നും ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആഹ്വനം.
99 ശതമാനം ക്യാഷ് ബാക്കോട് കൂടി കഴിഞ്ഞ ദിവസങ്ങളില്‍ ഫ്ലിപ്കാര്‍ട്ട് ഒരു ഓഫര്‍ മുന്നോട്ടുവെച്ചിരുന്നു. മോട്ടോറോള ജി85 5ജി എന്ന സ്മാര്‍ട്ട് ഫോണിനാണ് ഫ്ലിപ്കാര്‍ട്ട് ഓഫര്‍ നല്‍കിയത്. ഓഫര്‍ ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയുണ്ടായി.
എന്നാല്‍ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷവുമായി ക്യാന്‍സല്‍ ആകുകയായിരുന്നു. ഒട്ടനവധി ആളുകളാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ സാമൂഹ്യ മാധ്യമമായ എക്‌സിലാണ് പ്ലാറ്റ്ഫോം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ ഉയരുന്നത്. #flipkartscam, #BoycottFlipkart തുടങ്ങിയ ഹാഷ്ടാഗുകളോട് കൂടിയാണ് ബഹിഷ്‌ക്കരണാഹ്വാനം.
ഡിസ്‌കൗണ്ടുകളുടെ പേരില്‍ പ്ലാറ്റ്‌ഫോം അഴിമതി നടത്തുകയാണെന്നാണ് ഫ്ലിപ്കാര്‍ട്ടിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഇ-കൊമേഴ്സ് തട്ടിപ്പുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും രാജ്യത്ത് നിയമമില്ലെന്നും സാധാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും വിമര്‍ശനമുണ്ട്.
മോട്ടറോള സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 17,999 രൂപയാണ്. ഡിസ്‌കൗണ്ട് പ്രകാരം 179 രൂപയാണ് പ്ലാറ്റ്ഫോമില്‍ ഫോണിന്റെ വില. ഈ കിഴിവ് അനുസരിച്ച് ഡെലിവറി ചാര്‍ജും പ്ലാറ്റ്ഫോം ഫീസും കൂടി ഫോണ്‍ ഓഡര്‍ ചെയ്യുന്നതിന് 222 രൂപ മാത്രമേ ആയുള്ളൂവെന്നും ഒരാള്‍ പ്രതികരിച്ചു.
ചിലര്‍ തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചില്ലെന്നും എന്നാല്‍ ഫ്ലാറ്റ്ഫോം സന്ദേശത്തില്‍ ഓര്‍ഡര്‍ ഡെലിവറി ആയതായി അറിയിപ്പുണ്ടെന്നും പറയുന്നു. കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണമുണ്ടാകണമെന്നും നഷ്ടപരിഹാരം വേണമെന്നും ഏതാനും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. നിരവധി ഉപഭോക്താക്കള്‍ സംഭവത്തില്‍ ഉന്നത അധികൃതര്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഫ്ലിപ്കാർട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.