ന്യൂദല്‍ഹി: ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ട്രെന്റിങ്ങായി ബോയ്‌കോട്ട് കാഡ്ബറി ഹാഷ്ടാഗ്. കാഡ്ബറി ചോക്ലേറ്റുകള്‍ ബഹിഷ്‌കരിക്കണമെന്നും പകരം ഇന്ത്യന്‍ നിര്‍മിത ചോക്ലേറ്റുകള്‍ ഉപയോഗിക്കണമെന്നുമാണ് വിവിധ സംഘപരിവാര്‍- ഹിന്ദുത്വ പ്രൊഫൈലുകള്‍ പറയുന്നത്.
കാഡ്ബറി ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ബീഫ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബോയ്‌കോട്ട് ഹാഷ്ടാഗും ട്രെന്റിങ്ങായത്.
”ദയവായി ശ്രദ്ധിക്കു, ഞങ്ങളുടെ ഏതെങ്കിലും ഓസ്‌ട്രേലിയന്‍ പ്രൊഡക്ടുകളില്‍ ജെലാറ്റിന്‍ ഒരു ചേരുവയായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ ജെലാറ്റിന്‍ ഹലാല്‍ സെര്‍ട്ടിഫൈഡും ബീഫില്‍ നിന്നും ഉണ്ടാക്കിയതുമാണ്,” എന്ന് കാഡ്ബറി പ്രസ്താവന പുറത്തുവിട്ടു എന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും തങ്ങള്‍ അത്തരത്തില്‍ പ്രസ്താവന പുറത്തുവിട്ടിട്ടില്ലെന്നും ഇന്ത്യയില്‍ ചോക്ലേറ്റുകള്‍ നിര്‍മിക്കുന്നത് പൂര്‍ണമായും വെജിറ്റേറിയന്‍ രീതിയിലാണെന്നും വ്യക്തമാക്കിക്കൊണ്ട് കാഡ്ബറി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
”ട്വീറ്ററില്‍ പ്രചരിക്കുന്ന ഈ സ്‌ക്രീന്‍ഷോട്ട് ഇന്ത്യയില്‍ നിര്‍മിക്കുന്ന മൊണ്ടെലെസ് ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയില്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ കാഡ്ബറി ഉല്‍പന്നങ്ങളും 100 ശതമാനം വെജിറ്റേറിയനാണ്. റാപ്പറിലെ പച്ച ഡോട്ട് അതിനെയാണ് സൂചിപ്പിക്കുന്നത്,” കാഡ്ബറിയുടെ വിശദീകരണ ട്വീറ്റില്‍ പറയുന്നു.
കമ്പനിയുടെ ദീപാവലി പരസ്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബോയ്‌കോട്ട് കാഡ്ബറി ഞായറാഴ്ച മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായത്.
അതേസമയം കാഡ്ബറിയുടെ ഒരു പരസ്യത്തില്‍ കച്ചവടക്കാരന് ദാമോദര്‍ എന്ന പേര് നല്‍കിയതും വിവിധ ഹിന്ദുത്വ പ്രൊഫൈലുകളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരാണ് ദാമോദര്‍ എന്നും ഈ പേര് പരസ്യത്തിലെ കച്ചവടക്കാരന് ഉപയോഗിച്ചത് മോദിയെ അപമാനിക്കാനാണെന്നുമാണ് ഇവരുടെ വാദം.
പരസ്യത്തിലെ കച്ചവടക്കാരന് ദാമോദര്‍ എന്ന പേര് നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ട്വീറ്റ് ചെയ്തിട്ടുണ്ട്.
”ടി.വി ചാനലുകളില്‍ വരുന്ന കാഡ്ബറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങള്‍ സൂക്ഷ്മമായി കണ്ടുവോ? സ്വന്തമായി കടയില്ലാത്ത പാവപ്പെട്ട ആ വിളക്കുവില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരിലുള്ള ഒരാളെ താഴ്ത്തിക്കെട്ടാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ചായ്വാലെ കേ ബാപ് ദിയേവാല,” എന്നാണ് സാധ്വി പ്രാചി ട്വീറ്റ് ചെയ്തത്.
ഇതിനൊപ്പം ബോയ്‌കോട്ട് കാഡ്ബറി എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.
Content Highlight: Boycott Cadbury hashtag trending on Twitter on beef and as users claim ad has link with PM Modi’s father