ന്യൂയോര്‍ക്ക്: കന്യാമറിയത്തിന്റെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരിക്കുന്ന പതിയ ചിത്രമായ ‘മേരി’യില്‍ കന്യാമറിയമായി ഇസ്രഈല്‍ നടിയെ അഭിനയിപ്പിച്ചതില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
നവംബര്‍ ആറിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ യേശുവിന്റെ അമ്മയായ മേരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇസ്രഈല്‍ നടിയും യോഗ ഇന്‍സ്രക്ടറുമായ നോഹ കൊഹന്‍ ആണ്.
ചിത്രത്തില്‍ യേശുവിന്റെ ജനനം, അവിവാഹിതയായിരിക്കെ ഗര്‍ഭിണിയായ മേരിക്ക് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന തിരസ്‌കരണം, ഹെറോദോസ് രാജാവിന്റെ കൊലപാതക ശ്രമം എന്നിവയെല്ലാം ഇതിവൃത്തമാവുന്നുണ്ട്.
ഐ.എം.ഡി.ബിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നോഹ കൊഹന് പുറമെ ജോസഫ് ആയി അഭിനയിക്കുന്ന ഇഡോ ടാക്കോ, മറ്റ് താരങ്ങളായ ഒറി പെഫര്‍ മിലി അവതല്‍, കെറന്‍ ഝുര്‍, ഹില്ലോ വിഡോര്‍ എന്നിവരെല്ലാം ഇസ്രഈലുകാരാണ്. ഓസ്‌കാര്‍ ജേതാവായ ബ്രിട്ടീഷ് നടന്‍ ആന്റണി ഹോപ്കിന്‍സാണ് ഹെറോദോസ് രാജാവിനെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്രഈലികളെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലൂടെ കന്യാമറിയമടക്കമുള്ള വിവിധ കഥാപാത്രങ്ങളുടെ ഫലസ്തീനിയന്‍ വേരുകള്‍ മായ്ച്ചുകളയാനാണ് നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
യേശു ജനിച്ച ഭൂമിയില്‍ ഇപ്പോള്‍ ഇസ്രഈല്‍ ബോംബാക്രമണം നടത്തുകയാണെന്നും എന്നിട്ടും കന്യാമറിയെത്തെക്കുറിച്ചുള്ള സിനിമ താന്‍ കാണുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഒരു എക്‌സ് ഉപയോക്താവ് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ മാസവും ഇസ്രഈലിനെതിരെ സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫലസ്തീന്‍ ഉള്ളടക്കമുള്ള സിനിമകള്‍ ഉള്‍ക്കൊള്ളുന്ന പ്ലേലിസ്റ്റ് നീക്കം ചെയ്തതിനെതിരായിരുന്നു പ്രതിഷേധം. ഇസ്രഈല്‍ അധിനിവേശത്തിന് കീഴിലുള്ള ഫലസ്തീന്‍ ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന 32 ഫീച്ചര്‍ സിനിമകളും ‘ഫലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന വിഭാഗത്തില്‍പ്പെട്ട 19 സിനിമകളുമാണ്നെറ്റ്ഫ്ളിക്സ് നീക്കം ചെയ്തത്.
Content Highlight: Boycott against Netflix for casting Israeli actors in lead roles in upcoming bible theme film